ഷാർജയിൽ നിരോധിത മയക്കുമരുന്ന് ഗുളികകൾ പിടികൂടി
text_fieldsഷാർജ: വിമാന യാത്രക്കാരനിൽ നിന്ന് നിരോധിത മയക്കുമരുന്ന് ഗുളികകൾ പിടികൂടിയതായി ഷാർജ പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ അതോറിറ്റി അറിയിച്ചു.
ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരനിൽ നിന്നാണ് 8.716 കിലോ ഗ്രാം മയക്കുമരുന്ന് ഗുളികകൾ പിടികൂടിയത്. യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദ പരിശോധന നടത്തിയപ്പോഴാണ് കാർഡ് ബോർഡ് പാക്കുകളിൽ ഒളിപ്പിച്ച നിലയിൽ വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. 10,934 മയക്കുമരുന്ന് ഗുളികകളാണ് പാക്കുകളിലുണ്ടായിരുന്നത്.
സംഭവത്തിൽ കേസെടുത്ത കസ്റ്റംസ് പിടിച്ചെടുത്ത മയക്കുമരുന്നുകൾ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. കസ്റ്റംസ് സെന്ററിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ജാഗ്രതയും സുരക്ഷ ബോധവുമാണ് മയക്കുമരുന്ന് കണ്ടെത്തുന്നതിൽ നിർണായകമായതെന്ന് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.
വിനോദ ആവശ്യങ്ങൾക്ക് മയക്കുമരുന്ന് ഉപയോഗിക്കുന്നത് തടയാൻ യു.എ.ഇ കർശന നിയമമാണ് നടപ്പാക്കുന്നത്. യു.എ.ഇയിലേക്ക് മരുന്നുകൾ കൊണ്ടു വരുന്ന യാത്രക്കാർ നിർബന്ധമായും ഡോക്ടറുടെ കുറിപ്പടി കൈയിൽ കരുതണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.