അൽഐനിലെ ബാപ്പൂട്ടി റഫറി
text_fieldsഎൺപതുകളിൽ മലബാർ മേഖലയിൽ ഫുട്ബാൾജ്വരം ജ്വലിച്ചിരുന്ന കാലം. മിക്ക സ്റ്റേഡിയങ്ങളിലും സെവൻസ് ഫുട്ബാൾ ആരവങ്ങൾ ഉയർന്ന ദിനങ്ങൾ. അറിയപ്പെടുന്ന ക്ലബ്ബുകൾക്കല്ലാം എല്ലാ ഗ്രൗണ്ടുകളിലും ചേരിതിരിഞ്ഞു എന്തിനും തയാറായി ആരാധകരുമുണ്ടാകും. ക്ലബുകൾ തമ്മിലെ വൈരങ്ങൾ വേറെയും. അമ്പയറുടെ ചെറിയൊരു പിഴവ്പോലും ക്ഷമിക്കുന്നവരായിരിക്കില്ല കളിക്കാരും കാണികളും. ഇവിടേക്കാണ് കായികാധ്യാപനത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി എടവണ്ണക്കാരൻ ബാപ്പൂട്ടി എന്ന കോയമാസ്റ്റർ റഫറിയുടെ ജഴ്സിയുമണിഞ്ഞ് കളത്തിലിറങ്ങിയത്. ചെറുപ്പകാലത്ത് ഫുട്ബാളിനോട് തോന്നിയ മുഹബ്ബത്ത് 56ാം വയസിൽ പ്രവാസലോകത്തും ചേർത്ത് പിടിക്കുകയാണ് മാസ്റ്റർ. ദുബൈയിലും അബൂദബിയിലും ഷാർജയിലും അജ്മാനിലുമെല്ലാം പല ഫുട്ബാൾ മത്സരവേദികളിലും റഫറിയുടെ ജഴ്സിയിലും സംഘാടകനായും ഇപ്പോഴും ഒാടിയെത്തുന്നു..
മമ്പാട് കോളേജിെൻറ ജഴ്സിയിലാണ് അരങ്ങേറിയത്. ശേഷം കോയമ്പത്തൂർ മാരുതി കോളേജിെൻറ ജയ്സിയണിഞ്ഞു. സെവൻസ് ഫുട്ബാൾ സീസണിൽ നാട്ടിലെ പല ക്ലബുകൾക്ക് വേണ്ടിയും അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ കളത്തിലിറങ്ങി. കളി ഭ്രാന്ത് മൂത്തപ്പോൾ പഠനവും ആ വഴിക്കായി. കോയമ്പത്തൂർ മാരുതി കോളജിൽനിന്ന് കായികാധ്യാപനത്തിൽ ബിരുദവും ബിരുധാനന്തര ബിരുദവും കരസ്തമാക്കി. അതുകൊണ്ടും നിന്നില്ല. റഫറിയിങ്ങിനോട് താൽപര്യം കൂടിയപ്പോൾ കേരള ഫുട്ബാൾ റഫറി ടെസ്റ്റും ഖോ ഖോയുടെ റഫറി ടെസ്റ്റും എഴുതിയെടുത്തു.
പിന്നെയങ്ങോട്ടുള്ള പ്രയാണം റഫറിയുടെ ജഴ്സിയിലായിരുന്നു. കോയമ്പത്തൂർ യൂനിവേഴ്സിറ്റി സൗത്ത് സോൺ ചമ്പ്യൻഷിപ്പ്, തമിഴ്നാട് സ്റ്റേറ് ലേബർ സ്പോർട്സ് മീറ്റ്, കോയമ്പത്തൂർ ഡിസ്ട്രിക് ചാമ്പ്യൻഷിപ്, മലപ്പുറം ജില്ല ടൂർണമെൻറ്, ക്ലബ്ബുകൾ നടത്തുന്ന അഖിലെന്ത്യാ സെവൻസ് ടൂർണ്ണമെൻറ്, കേരള സ്റ്റേറ്റ് റൂറൽ ചാമ്പ്യൻഷിപ്, കേരള സ്റ്റേറ്റ് ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ് തുടങ്ങിയവയിലെല്ലാം ബാപ്പൂട്ടിയുടെ വിസിൽ മുഴങ്ങി. ഇതിനിടയിൽ പെരുമ്പിലാവ് അൽ അൻസാർ ഇംഗ്ലീഷ് സ്കൂളിലും മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസിലും കായികാധ്യാപകനായി ജോലി ചെയ്തു. ഇതിനിടെയാണ് 1994ൽ പ്രവാസലോകത്തേക്ക് ടിക്കറ്റ് കിട്ടുന്നത്. കളിക്കമ്പം ഉപേക്ഷിക്കാതെയാണ് വിമാനം കയറിയത്. അങ്ങിനെ അൽ ഐൻ ഇന്ത്യൻ സ്കൂളിൽ കായികാധ്യാപനായി ജോലി ചെയ്തു വരുന്നു. ഇതോടെ ബാപ്പൂട്ടി യു.എ.ഇക്കാരുടെ പ്രിയപ്പെട്ട കോയമാസ്റ്ററായി.
1995-ൽ കെ.എം.സി.സി സംഘടിപ്പിച്ച ആദ്യത്തെ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻറിെൻറ ചുക്കാൻപിടിച്ച് മുൻപന്തിയിൽ ഉണ്ടായിരുന്നു. നാട്ടിലെ ഫുട്ബാൾ ടൂർണമെൻറ് നടത്തിയ പരിചയം ഇവിടെ തുണയായി. ഇന്ത്യൻ സോഷ്യൽ സെൻറർ, ഈജിപ്ഷ്യൻ ക്ലബ് അൽ ഐൻ, യു.എ.ഇ യൂനിവേഴ്സിറ്റി സംഘടിപ്പിക്കുന്ന അൽ ഐൻ ഒളിമ്പിക്സ്, യു.എ.ഇ ബ്ലൂസ്റ്റാർ, കെ.എം.സി.സി ടൂർണമെൻറുകൾ, മറ്റ് ക്ലബ്ബ് ടൂർണെമൻറുകൾ ഇവയിലെല്ലാം റഫറിയുടെ ജഴ്സിയിൽ തിളങ്ങി. യു.എ.ഇയിൽ മാത്രം ഏകദേശം അഞ്ഞൂറിൽ പരം മത്സരങ്ങളിൽ കളി നിയന്ത്രിച്ചിട്ടുണ്ട്.
യു.എ.ഇയിലെ ഫുട്ബാൾ പ്രേമികൾക്കും കളിക്കാർക്കും ഓർമയിൽ തങ്ങി നിൽക്കുന്ന ടൂർണമെൻറായിരുന്നു ദുബൈ ഇത്തിസാലാത്ത് സ്റ്റേഡിയത്തിൽ നടന്ന മിഡ്ൽ ഈസ്റ്റ് സോക്കർ ടൂർണമെൻറ്. കേരളത്തിലെ 14 ജില്ലകളുടെ പേരിൽ ടീമിനെ അണിനിരത്തി ഐ.എസ്.എൽ മാതൃകയിൽ നടന്ന ടൂർണമെൻറിെൻറ നടത്തിപ്പും ടീം സെലക്ഷനും മാർച്പാസ്റ്റും ലൈനപ്പുമെല്ലാം കോയമാസ്റ്ററുടെ ആശയങ്ങളായിരുന്നു. ഓരോ ജില്ല ടീമുകൾക്കും സെലിബ്രിറ്റി മാനേജർമാരെ അണിനിരത്തിയായിരുന്നു ടൂർണമെൻറ്.
27 വർഷമായി അൽ ഐൻ ഇന്ത്യൻ സ്കൂളിൽ ജോലി ചെയ്യുന്ന മാസ്റ്ററുടെ ഭാര്യ കോഴിക്കോട് മുക്കം സ്വദേശിനിയായ റഹ്മത്തും 23 വർഷമായി ഇതേ സ്കൂളിലെ അധ്യാപികയാണ്. മൂത്ത മകൻ അഹ്നസ് അബ്ദുല്ല എം.ബി.ബി.എസ് കഴിഞ്ഞ് പി.ജി പഠനത്തിലേക്ക് തിരിയാനൊരുങ്ങുന്നു. രണ്ടാമത്തെ മകൻ അഫിഫ് അബ്ദുല്ല രണ്ടാം വർഷ എം.ബി.ബി.എസ് കഴിഞ്ഞു. ഇളയമകൻ അഹ്മദ് അമൽ പ്ലസ് വണ്ണിന് അൽ ഐൻ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നു.
തയാറാക്കിയത്
കെ.എം.എ. ശുക്കൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.