മൂല്യാധിഷ്ഠിത നിക്ഷേപ സാഹചര്യമൊരുക്കാൻ പദ്ധതിയുമായി ബർജീൽ ജിയോജിത്
text_fieldsദുബൈ: മൂല്യാധിഷ്ഠിത തത്ത്വങ്ങൾക്കനുസരിച്ച് ബിസിനസ് ചെയ്യുന്ന കമ്പനികളിൽ നിക്ഷേപിക്കുന്നതിന് സഹായിക്കുന്ന 'എത്തിക്കൽ സ്മാർട്ഫോളിയോ ബാസ്കറ്റു'മായി ബർജീൽ ജിയോജിത്. ധാർമികാധിഷ്ഠിതമായ ബിസിനസിൽ ഏർപ്പെടുന്ന കമ്പനികളുടെ ഓഹരികളിൽ മാത്രം നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്കായി ജിയോജിത് പ്രത്യേകം രൂപകൽപന ചെയ്തതാണ് ഈ പുതിയ പദ്ധതിയെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബർജീൽ ജിയോജിത് നിക്ഷേപരംഗത്തെ പ്രവണതകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന, ഉപഭോക്താക്കളുടെ ബജറ്റിനും ഭാവി ആവശ്യങ്ങൾക്കും അനുയോജ്യമായ സേവനങ്ങൾ നൽകുന്ന കമ്പനിയാണെന്ന് സ്ഥാപക ഡയറക്ടർ കെ.വി. ഷംസുദ്ദീൻ പറഞ്ഞു.
ധാർമികതയിൽ അടിയുറച്ചുനിന്ന് സമ്പാദിക്കാൻ നിക്ഷേപകർക്ക് ഇതിലൂടെ കഴിയുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. തഖ്വ അഡ്വൈസറി ആൻഡ് ശരീഅ ഇൻവെസ്റ്റ്മെന്റ് സൊലൂഷൻസ് മുഖേന പരിശോധിച്ചതും നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ടതുമായ കമ്പനികളാണ് ബാസ്കറ്റിൽ ഇടം നേടുക. ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങൾ, മദ്യം, പുകയില, ചൂതാട്ടം എന്നിവയുമായി ബന്ധപ്പെട്ട കമ്പനികൾ എന്നിവയെ ഈ പട്ടികയിൽ ഉൾപ്പെടുത്തുകയില്ല. നിഫ്റ്റി 50 ശരീഅ സൂചിക അടിസ്ഥാനമാക്കി ദീർഘകാല നേട്ടം ഉറപ്പുനൽകുന്ന കമ്പനികളായിരിക്കും എത്തിക്കൽ ബാസ്കറ്റിൽ ഉണ്ടാവുകയെന്നും അധികൃതർ വ്യക്തമാക്കി. യു.എ.ഇയിലും മറ്റു ജി.സി.സി രാജ്യങ്ങളിലുമുള്ള വലിയൊരു വിഭാഗം നിക്ഷേപകരുടെ താൽപര്യമനുസരിച്ച് രൂപകൽപന ചെയ്ത പോർട്ഫോളിയോ നിക്ഷേപത്തിലെ വൈവിധ്യവത്കരണത്തിന് സഹായിക്കുമെന്ന് ബർജീൽ ജിയോജിത് സി.ഇ.ഒ കൃഷ്ണൻ രാമചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.