ബഷീർ ഉളിയിലിെൻറ സാഹിത്യ ജീവിതം ഇനി നാട്ടിൽ
text_fieldsഅബൂദബി: യു.എ.ഇയിലെ സാഹിത്യ സാംസ്കാരിക സാമൂഹിക രംഗത്തെ സാന്നിധ്യമായിരുന്ന ബഷീർ ഉളിയിൽ 34 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാടണഞ്ഞു. കണ്ണൂർ ജില്ലയിലെ ഉളിയിൽ സ്വദേശിയായ ബഷീർ നാട്ടിൽ പ്രബോധനത്തിൽ സബ് എഡിറ്ററായി ജോലി ചെയ്യുന്നതിനിടയിലാണ് വിദേശ ജോലിക്കുള്ള അവസരം ലഭിക്കുന്നത്. ഖത്തർ പൊലീസിൽ ട്രാൻസലേറ്ററായി 1987ൽ ആണ് പ്രവാസ ജീവിതം ആരംഭിക്കുന്നത്. രണ്ടു വർഷത്തിനു ശേഷം 1989 ഡിസംബറിൽ ദുബൈ മുനിസിപ്പാലിറ്റിയിൽ പേഴ്സനൽ ഡിപ്പാർട്ട്മെൻറിൽ റിക്രൂട്ട്മെൻറ് ഓഫിസറായെത്തി.
തുടർച്ചയായി ഒമ്പതു വർഷം ഈ ജോലിയിൽ തുടർന്നു. 1998ൽ അബൂദബി ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ ട്രാൻസലേറ്ററായി ജോലി മാറി. എം.പി. മേനോൻ എന്ന മലയാളി സ്ഥാനപതിയായിരിക്കെയായിരുന്നു പുതിയ ജോലിയിൽ അബൂദബിയിലെത്തിയത്. എംബസിയിലെ ട്രാൻസലേറ്റർ ജോലിക്കൊപ്പം കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ നയതന്ത്ര അതിഥികൾക്കൊപ്പം ട്രാൻസലേറ്ററായി പല ഔദ്യോഗിക പരിപാടികളിലും പങ്കെടുത്തു. 2011 അവസാനം ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽനിന്ന് സിംഗപ്പൂർ സ്ഥാനപതി കാര്യാലയത്തിലേക്ക് ജോലി മാറി. 2021 ഏപ്രിൽ 21ന് 60ാം വയസ്സിൽ സർവിസിൽ നിന്ന് വിരമിച്ചു.
ഇന്ത്യൻ എംബസിയിൽ ജോലി ചെയ്യുമ്പോൾ ഇന്ത്യൻ സമൂഹത്തിെൻറ സേവനങ്ങൾക്കായി മുൻപന്തിയിൽ പ്രവർത്തിച്ചു. തടവിൽ കഴിയുന്ന ഇന്ത്യക്കാരുടെ സേവനങ്ങൾക്കും യു.എ.ഇ പൊതുമാപ്പിൽ പിഴയൊടുക്കാതെ രാജ്യം വിടാൻ ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് സഹായ ഹസ്തവുമായി എംബസിയുടെ ഫ്രണ്ട് ഓഫിസിൽ മുൻനിര പ്രവർത്തകനായിരുന്നു. സ്പോൺസറിൽ നിന്നും മറ്റും ചാടിപ്പോകുന്ന ഇന്ത്യൻ സ്ത്രീകൾക്ക് സംരക്ഷണ സൗകര്യമൊരുക്കാൻ സ്ഥാനപതി കാര്യാലയത്തിനു കീഴിലെ കമ്യൂണിറ്റി വെൽഫെയർ സെൻററിനു കീഴിൽ പ്രവർത്തിക്കുമ്പോൾ മുൻകൈയെടുത്തു. പാസ്പോർട്ടും യാത്രാ രേഖകളുമില്ലാതെ എംബസിയുടെ സഹായം തേടിയെത്തിയ ലിസി മാത്യു എന്ന മലയാളി സ്ത്രീക്ക് അധികൃതരുടെ അനുമതിയോടെ രണ്ടു വർഷത്തോളം വീട്ടിൽ അഭയം നൽകിയതും യാത്രാ രേഖകൾ ശരിയാക്കി നാട്ടിലേക്ക് കയറ്റി അയച്ചതും ബഷീറും സഹധർമിണി സാജിതയും ചേർന്നായിരുന്നു.
യു.എ.ഇയിൽ വാഹനാപകടങ്ങളിലും മറ്റും ജീവൻ നഷ്ടപ്പെടുന്നവർക്കുള്ള ബ്ലഡ് മണി അർഹരായ കുടുംബാംഗങ്ങൾക്കെത്തിക്കുന്നതിലും ഇന്ത്യൻ എംബസിയിലെ സേവന കാലയളവിൽ ബഷീറിെൻറ സേവനത്തിലെ മികവാർന്ന പ്രവർത്തനമാണ്. ഔദ്യോഗിക ജോലിക്കിടയിലെ ഒഴിവു വേളകളിലെല്ലാം പ്രവാസ ലോകത്തും സാഹിത്യ സാംസ്കാരിക മേഖലയിലും നിറസാന്നിധ്യമായി. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ എഴുതുകയും സാംസ്കാരിക പരിപാടികളിൽ പ്രഭാഷകനായുമൊക്കെ ഒട്ടേറെ പ്രാവശ്യം സാന്നിധ്യം അറിയിച്ചിരുന്നു. വിദ്യാർഥികാലം മുതൽ നേതൃപാടവം പുലർത്തിയിരുന്ന ബഷീർ ഇസ്ലാഹിയ കോളജിൽ ജൂനിയറായിരുന്ന മുൻ മന്ത്രി കെ.ടി. ജലീലിന് പഠന കാലത്ത് പ്രസംഗം എഴുതിക്കൊടുത്തിരുന്നു.
ഉമ്മുൽ ഖുവൈൻ റേഡിയോയിലും ഏഷ്യാനെറ്റ് റേഡിയോയിലും ഒരു കാലത്ത് ഇസ്ലാമിക പ്രഭാഷകനായിരുന്നു. എംബസിയിലെ ജോലിക്കിടയിൽ എഴുത്തിനോടുള്ള താൽപര്യം മൂലം മുബാഷിർ എന്ന തൂലിക നാമം സ്വീകരിച്ചു.
പ്രവാസ ലോകത്തെ എഴുത്തിെൻറ മികവിന് ദുബൈ ദല സാഹിത്യ അവാർഡ്, ഏഷ്യാനെറ്റ് സാഹിത്യ അവാർഡ്, കേരള സോഷ്യൽ സെൻറർ മാനവീയം അവാർഡ്, കൈരളി അറ്റ്ലസ് സാഹിത്യ അവാർഡ് എന്നിവയും ബഷീറിനെ തേടിയെത്തി. മുസഫയിലെ പ്രവാസി ഇന്ത്യയുടെ സജീവ പ്രവർത്തകനായിരിക്കെയാണ് മടക്കം. നേരത്തേ ഇസ്ലാമിക് യൂത്ത് അസോസിയേഷൻ യു.എ.ഇ പ്രസിഡൻറായിരുന്നു. ഭാര്യ സാജിത ബഷീർ. മക്കൾ ലുബൈസ് (ഫ്രറ്റേണിറ്റി കണ്ണൂർ ജില്ല പ്രസിഡൻറ്), ഡോ. നുബൈൽ (ഇഖ്റ ഹോസ്പിറ്റൽ, കോഴിക്കോട്), ലുബ്ന, ഫാത്തിമ വർദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.