ബഷീറിെൻറ ലൈസൻസിന് പ്രായം 52; നേടിയത് യു.എ.ഇ പിറക്കുംമുമ്പേ
text_fieldsദുബൈ: 1967ൽ 15ാം വയസ്സിൽ ദുബൈയിലെത്തിയതാണ് മാഹി ചെറുകല്ലായി സ്വദേശി ബഷീർ അഹമ്മദ്. യു.എ.ഇ എന്ന രാഷ്ട്രം പിറവിയെടുക്കുന്നതിനും നാലുവർഷം മുമ്പ്. ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിെൻറ ഫിനാൻഷ്യൽ സെക്രട്ടറി ബിൽ ഡെഫിെൻറ സെക്രട്ടറിയായിരുന്നു പിതാവ്.
ആരോഗ്യപരമായ പ്രയാസങ്ങളിലായ പിതാവിനെ സഹായിക്കാനാണ് ബഷീർ കപ്പൽ കയറിയത്. മുംബൈയിൽനിന്ന് കറാച്ചി വഴിയാണ് ഗൾഫിലെത്തിയത്. 15ാം വയസ്സു മുതൽ ഡ്രൈവിങ്ങിൽ പരിചയമുണ്ടായിരുന്നതിനാൽ ദുബൈയിലെത്തിയപ്പോൾ ഉപ്പയുടെ കാർ ഉപയോഗിക്കാൻ തുടങ്ങി. അങ്ങനെയാണ് 1969ൽ എമിറേറ്റിലെ ലൈസൻസിന് അപേക്ഷിക്കുന്നത്. ഇന്നത്തേക്കാൾ പ്രയാസമായിരുന്നു അക്കാലത്ത് ലൈസൻസ് കിട്ടാനെന്ന് അദ്ദേഹം ഓർമിക്കുന്നു. എങ്കിലും ആദ്യ ശ്രമത്തിൽതന്നെ ലൈസൻസ് കിട്ടി.യു.എ.ഇ പിറക്കുന്നതിനുമുമ്പ് നേടിയ ലൈസൻസുമായി ഇന്നും വാഹനമോടിക്കുന്ന അപൂർവം പ്രവാസികളിലൊരാളാണ് ബഷീർ. ഇന്നോളം അപകടങ്ങളോ നിയമലംഘനങ്ങളോ ഇദ്ദേഹത്തിെൻറ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അന്നത്തെ ദുബൈ ഇന്ന് കാണുന്ന രൂപത്തിൽ വികസിച്ചത് സ്വപ്നം കാണാൻ പോലും കഴിയാത്ത മാറ്റമാണെന്ന് അദ്ദേഹം പറയുന്നു. ഭരണാധികാരികളുടെ ദീർഘവീക്ഷണവും ആസൂത്രണവുമൊക്കെയാണ് മാറ്റത്തിന് കാരണമായതെന്ന് എല്ലാത്തിനും ദൃക്സാക്ഷിയായ ആളെന്ന നിലയിൽ അദ്ദേഹം അഭിപ്രായപ്പെടുന്നു. അക്കാലത്ത് ദുബൈയിൽ നിന്ന് അബൂദബിയിലേക്കും മറ്റ് എമിറേറ്റുകളിലേക്കും പോകാൻ പാസ്പോർട്ട് ആവശ്യമായിരുന്നു. വലിയ തുറമുഖമോ വിമാനത്താവളമോ ഉണ്ടായിരുന്നില്ല. ചെറിയ എയർപോർട്ട് മാത്രമായിരുന്നു ദുബൈയിലേത്. മലയാളികളായ പലരും ജോലിക്കും ബിസിനസിനുംവേണ്ടി വന്നുതുടങ്ങുന്ന കാലമായിരുന്നുവെന്നും അദ്ദേഹം ഓർക്കുന്നു. ദുബൈ-അബൂദബി റോഡുപോലുമുണ്ടായിരുന്നില്ല. പിന്നീടാണ് അടിസ്ഥാന സൗകര്യങ്ങളിലും മറ്റും വലിയ മുന്നേറ്റം ദുബൈയിലുണ്ടായത്.
അമ്പതിലേറെ വർഷം പഴക്കമുള്ള തെൻറ പ്രവാസാനുഭവങ്ങളുടെ ചരിത്രം പേറുന്ന പഴയ പാസ്പോർട്ടും അദ്ദേഹത്തിെൻറ കൈവശമുണ്ട്. യു.എ.ഇ പിറക്കുന്നതിനുംമുമ്പ് നടത്തിയ യാത്രകളുടെയും ശേഷം ചെയ്ത യാത്രകളുടെയും സീലുകൾ പതിഞ്ഞ പാസ്പോർട്ട് നിധിപോലെ സൂക്ഷിക്കുകയാണിപ്പോഴും.
നാഷനൽ ബാങ്ക് ഓഫ് ദുബൈയിൽ 17ാം വയസ്സിൽ ചെറിയ തസ്തികയിലാണ് ജോലിക്കു ചേർന്നത്. 38 വർഷം ബാങ്കിങ് മേഖലയിൽ പ്രവർത്തിച്ച് ബ്രാഞ്ച് ഓപറേഷൻസ് മാനേജർ എന്ന തസ്തികയിൽനിന്നാണ് വിരമിച്ചത്.
ഭാര്യയും മക്കളും പേരക്കുട്ടികളുമടക്കം കുടുംബത്തോടൊപ്പം കഴിഞ്ഞ 13 വർഷമായി അജ്മാനിലാണ് താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.