ബീച്ചിലേക്ക് കുതിക്കുന്നവർ വീഴ്ചയില്ലാതെ ഇൗ നിർദേശങ്ങൾ പാലിക്കണം
text_fieldsദുബൈ: കടുത്ത നിയന്ത്രണങ്ങൾക്ക് ഇളവു പ്രഖ്യാപിച്ചതോടെ ദുബൈയിലെ പ്രധാന ബീച്ചുകൾ തുറന്ന സാഹചര്യത്തിൽ ഉല്ലാസത്തിനൊപ്പം ഉപേക്ഷ വരുത്താതെ പാലിക്കാൻ കർശനമായ നിർദേശങ്ങൾ നൽകിയിരിക്കുകയാണ് ദുബൈ ഹെൽത്ത് അതോറിറ്റി. ‘കോവിഡ് -19 ഇപ്പോഴും ഉണ്ട്, ഞങ്ങൾക്ക് ഇപ്പോഴും ഞങ്ങളുടെ കാവൽക്കാരെ ഉപേക്ഷിക്കാൻ കഴിയില്ല’ എന്ന സന്ദേശത്തിലാണ് കൂട്ടംചേർന്നും അല്ലാതെയും ബീച്ചുകളിലും പാർക്കുകളിലും ഉല്ലസിക്കാനെത്തുന്നവർക്ക് നിർദേശങ്ങൾ നൽകിയിരിക്കുന്നത്. കടൽത്തീരത്തും പാർക്കുകളിലും ഫേസ്മാസ്കുകൾ ഒഴിവാക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതേയില്ല എന്നാണ് ഡി.എച്ച്.എ മുന്നോട്ടുവെക്കുന്ന പ്രധാന സുരക്ഷ നിർദേശം. മാത്രമല്ല, കരയിലെ പോലെ വെള്ളത്തിലായിരിക്കുമ്പോഴും സാമൂഹികഅകലം പാലിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, വെള്ളത്തിലായിരിക്കുമ്പോൾ ഫേസ് മാസ്ക് നിർബന്ധമില്ലെന്നും തുറന്ന ബീച്ചുകളിൽ കൈയുറ നിർബന്ധമില്ലെന്നും സൂചിപ്പിച്ച അധികൃതർ അടച്ച ബീച്ചുകളിലും പാർക്കുകളിലും ഇവ രണ്ടും നിർബന്ധമായി ധരിക്കണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിങ്ങൾ വെള്ളത്തിലായിരിക്കുമ്പോൾപോലും രണ്ടു മീറ്റർ സാമൂഹിക അകലം പാലിക്കേണ്ടത് പ്രധാനമാണ് - ഡി.എച്ച്.എ ആരോഗ്യസംരക്ഷണ വകുപ്പ് പബ്ലിക് ഡയറക്ടർ ഡോ. ബദ്രിയ അൽ ഹാർമി പറഞ്ഞു.
നിയന്ത്രണങ്ങൾക്ക് ഇളവുകളുണ്ടെങ്കിലും അസുഖമുള്ളവർ വീട്ടിൽ തന്നെ തുടരണം. തൊണ്ടവേദന, മിതമായ പനി, മിതമായ ശ്വാസകോശ ലക്ഷണങ്ങൾ, പനി പോലുള്ള ലക്ഷണങ്ങൾ എന്നിവ ഉണ്ടെങ്കിലും നിങ്ങൾ വീട്ടിൽനിന്ന് ഇറങ്ങരുത് എന്നാണ് ഇതിനർഥം. നാമെല്ലാം ഉത്തരവാദികളാണ്, നമ്മളെയും നമ്മുടെ കുടുംബാംഗങ്ങളെയും മാത്രമല്ല, സമൂഹത്തെക്കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട് - ഡോ. അൽ ഹർമി പറഞ്ഞു.
പൊതുസ്ഥലങ്ങളിൽ ജാഗ്രത പാലിക്കുക
പുറത്തുപോകുമ്പോഴുള്ള മുൻകരുതൽ നടപടികൾ എല്ലാവരുടെയും മനസ്സിലുണ്ടാവണം. എവിടെയും സ്പർശിക്കാതിരിക്കാൻ നന്നായി ശ്രദ്ധിക്കുക.
ടിഷ്യുകൾ, ഹാൻഡ് സാനിറ്റൈസറുകൾ എന്നിവ എളുപ്പത്തിൽ ലഭ്യമാകുന്ന തരത്തിൽ സൂക്ഷിക്കുക. നിങ്ങൾക്കാവശ്യമുള്ളവ മാത്രം ബാഗുകളിൽ സൂക്ഷിക്കു, അനാവശ്യമായ വസ്തുക്കൾ നിറച്ച് ഭാരം ചുമക്കരുത്. പൊതു വിശ്രമമുറിയുടെ വാതിൽ തുറന്ന് അടയ്ക്കേണ്ടിവരുമ്പോൾ ഒരു ടിഷ്യു ഉപയോഗിക്കുക, ശേഷം നന്നായി കൈ കഴുകി വൃത്തിയാക്കുക. ബീച്ചുകളിലേതായാലും റസ്റ്റാറൻറുകളിലെയും മാളുകളിലേതായാലും പൊതു വിശ്രമമുറികളിൽ അധിക മുൻകരുതലുകൾ പാലിക്കേണ്ടതുണ്ട്. കൂടാതെ, വ്യക്തിഗത ഇനങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നില്ലെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ സ്വന്തം ബീച്ച് പായ, തൂവാല, സൺസ്ക്രീൻ, വെള്ളം എന്നിവ മാത്രം ഉപയോഗിക്കുക - ഡോ. അൽ ഹാർമി വ്യക്തമാക്കി. ആളുകൾ വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും അവർ പറഞ്ഞു. എന്തെങ്കിലും സംശയംതീർക്കാൻ ഡി.എച്ച്.എ കാൾ സെൻറർ: -800 342, ഓപറേഷൻ സെൻററിലെ എസ്റ്റിജാബ സേവനം, ആരോഗ്യ വകുപ്പ്: - 8001717, ആരോഗ്യ, പ്രതിരോധ മന്ത്രാലയം: - 80011111 എന്നിവിടങ്ങളിൽ മാത്രം ബന്ധപ്പെടുക.
വീട്ടിലെത്തുമ്പോൾ എന്തുചെയ്യണം
വീട്ടിലെത്തിയാൽ സുരക്ഷിതമായി തുടരാൻ കൂടുതൽ നടപടികൾ കൈക്കൊള്ളണം. വീട്ടിൽ പ്രവേശിക്കുന്നതിനുമുമ്പ് മാസ്കും ൈകയുറകളും നീക്കംചെയ്യുക. വാതിൽപ്പടിക്ക് പുറത്ത് പാദരക്ഷകൾ അഴിച്ചിടുക.
ഫോൺ, കാർ കീ, വാലറ്റ് എന്നിവ അണുവിമുക്തമാക്കുക. കൈകൾ നന്നായി കഴുകുക. വസ്ത്രങ്ങൾ വാഷിങ് മെഷീനിൽ ഇട്ട് വൃത്തിയാക്കുക. വീട്ടിലെത്തിയ ഉടനെ കുളിക്കുക.
ബീച്ചിൽ ഇൗ നിർദേശങ്ങൾ പാലിക്കാം
•വെള്ളത്തിൽ ഇറങ്ങിനിൽക്കുന്ന സമയത്തും ശാരീരിക അകലം പാലിക്കുക
•വെള്ളത്തിലായിരിക്കുമ്പോൾ ആവശ്യമില്ലെങ്കിലും കടൽത്തീരത്ത് ഫേസ് മാസ്ക് ധരിക്കുക
•നിങ്ങളുടെ ഗ്രൂപ്പിലെ അംഗങ്ങൾ അഞ്ചിൽ കൂടുതൽ ഇല്ലെന്ന് ഉറപ്പാക്കുക
•നിങ്ങളുടെ സ്വന്തം ബീച്ച് പായ, ടവൽ, സൺസ്ക്രീൻ, വെള്ളം എന്നിവ ഉപയോഗിക്കുക. വ്യക്തിഗത വസ്തുക്കൾ പങ്കിടരുത്
•വാഷ്റൂമുകൾ പോലുള്ള പൊതു ഇടങ്ങൾ ഉപയോഗിക്കുമ്പോൾ എല്ലാ പ്രതിരോധ മുൻകരുതലുകളും പാലിക്കുക
•ഒരു പോക്കറ്റ്- സാനിറ്റൈസർ, ടിഷ്യുകൾ എന്നിവ എല്ലായ്പോഴും സൂക്ഷിക്കുക
•അധിക മാസ്കുകൾ ഒരു സിപ്പ്-ലോക്ക് ബാഗിൽ സൂക്ഷിക്കുക. അത് ഉപയോഗിക്കുന്നതിന് മുമ്പ് വൃത്തിയാക്കുക
•ഭക്ഷണം കഴിക്കുന്നതിന് മുമ്പും മുഖം, കണ്ണുകൾ, മൂക്ക്, വായ എന്നിവ സ്പർശിക്കുന്നതിനുമുമ്പും കൈ കഴുകുകയോ വൃത്തിയാക്കുകയോ ചെയ്യുക
•ഭക്ഷണപാനീയങ്ങൾ വീട്ടിൽ നിന്ന് കൊണ്ടുവരുക. ഭക്ഷണം കരുതുന്നത് ഡിസ്പോസിബിൾ പാത്രങ്ങളിലാണെന്ന് ഉറപ്പാക്കുക
•നിങ്ങൾ സന്ദർശിച്ച റസ്റ്റാറൻറ് എല്ലാ പ്രതിരോധ, മുൻകരുതൽ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക
•ഏറ്റവും പുതിയ നിയമങ്ങളും മാർഗനിർദേശങ്ങളും സംബന്ധിച്ച് ബോധവാന്മാരാവുക
•കറൻസികൾക്ക് പകരം ഇലക്ട്രോണിക് പേയ്മെൻറുകൾ ഉപയോഗിക്കുക
•ശ്വാസകോശ അസുഖ ലക്ഷണങ്ങളോ തൊണ്ടവേദനയോ നേരിയ പനിയോ ഉണ്ടെങ്കിൽ വീട്ടിൽ തന്നെ വിശ്രമിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.