കണ്ണീർതുള്ളിപോൽ കടല്‍ത്തീരങ്ങള്‍
text_fieldsഅംബരചുംബികളായ മനോഹരനിര്‍മിതികള്‍ മാത്രമല്ല അബൂദബിയുടെ സൗന്ദര്യത്തിനു മാറ്റ് കൂട്ടുന്നത്. കണ്ണീര്‍പോലെ തിളങ്ങുന്ന അനേകം കടല്‍ത്തീരങ്ങളും രാജ്യതലസ്ഥാനത്തെ സഞ്ചാരികളുടെ പറുദീസയാക്കിയാക്കി മാറ്റുന്നു. അത്രമാത്രം മനോഹരമാക്കിയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും ബീച്ചുകളെ പരിപാലിക്കുന്നതില്‍ ഇവിടുത്തെ ഭരണകൂടവും അധികാരികളും പുലര്‍ത്തുന്ന ജാഗ്രത പ്രത്യേകം ശ്രദ്ധേയമാണ്.
സഞ്ചാരികള്‍ക്കും താമസക്കാര്‍ക്കുമെല്ലാം സൂര്യോദയം കണ്ടും അസ്തമയം ആസ്വദിച്ചും വിനോദങ്ങളിലേര്‍പ്പെടാമെന്നതാണ് പ്രത്യേകത. അല്‍ബത്തീന്‍ ബീച്ചാണ് ഇവയിലൊന്ന്. കയാക്കിങ്, പെഡല്‍ ബോട്ട് സവാരി എന്നിവക്ക് അല്‍ ബത്തീന്‍ ബീച്ചില്‍ സൗകര്യമുണ്ട്. ഒട്ടേറെ കഫേകളും ഇവിടെ എത്തുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നു.
100 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. സന്ദര്‍ശകരുടെ സുരക്ഷക്കായി നിരവധി ലൈഫ് ഗാര്‍ഡുകളും ബീച്ചില്‍ നിയോഗിതരാണ്. രാവിലെ 8 മുതല്‍ സൂര്യാസ്തമയം വരെയാണ് ഖലീഫ അല്‍ മുബാറക് തെരുവിലെ ഈ ബീച്ചില്‍ സന്ദര്‍ശന സമയം. സന്ദര്‍ശനം സൗജന്യമാണ്.
കോര്‍ണിഷ് ബീച്ച്
അബൂദബിയിലെ ഏറ്റവും മികച്ച ബീച്ചുകളിലൊന്നാണ് കോര്‍ണിഷ് ബീച്ച്. കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവിടാന്‍ തികഞ്ഞ സംവിധാനങ്ങളുള്ള ഇടമാണ് ഇത്. നടക്കുന്നതിനും മറ്റുമായി നാല് മൈല്‍ നീളത്തില്‍ കടലോരമുണ്ട് കോര്‍ണിഷ് ബീച്ചില്‍.
ഇതിനു പുറമേ നടപ്പാതകളും ഇതിനിടക്ക് ഇരിപ്പിടങ്ങളും ഉദ്യാനങ്ങളുമൊക്കെ ഒരുക്കിയിരിക്കുന്നു. കുട്ടികള്‍ക്കുള്ള കളിയിടങ്ങളും പ്രത്യേക സൈക്കിള്‍ പാതകളും നടപ്പാതകളും ഇവിടെയുണ്ട്. സന്ദര്‍ശകര്‍ക്കായി കഫേകളും റെസ്റ്റോറന്‍റുകളും സജ്ജീകരിച്ചിരിക്കുന്നു. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് ഓപ്പണ്‍ ബീച്ചിലെ പ്രവേശനം.
ഹുദൈരിയാത്ത് ഐലന്‍ഡ്
2018ല്‍ തുറന്നുകൊടുത്ത ഈ ദ്വീപ് അതിവേഗം അബൂദബിയുടെ മുന്‍നിര ബീച്ചുകളിലൊന്നായി മാറി. ഹുദൈരിയാത്ത് പാലമാണ് ഇവിടുത്ത പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. 600 മീറ്റര്‍ മാത്രമാണ് ഇവിടുത്തെ ബീച്ച്. ഭക്ഷണശാലകളും കായിക കേന്ദ്രങ്ങളുമൊക്കെ ഇവിടെ സജ്ജമാണ്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് പ്രവേശനം.
ഹുദൈരിയാത്ത് ദ്വീപിലെ ബോട്ട്, ജെറ്റ് സ്‌കൈസ്, സര്‍ക്യൂട്ട് എക്സ് സ്‌കേറ്റ് പാര്‍ക്ക് തുടങ്ങിയവ സന്ദര്‍ശകരെ ആവേശം കൊള്ളിപ്പിക്കുന്നവയാണ്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാനാവുക. പ്രവേശനം സൗജന്യമാണ്.
അല്‍ മയ ഐലന്‍ഡ് ആന്‍ഡ് റിസോര്‍ട്ട്
വിശ്രമവേളകള്‍ ആനന്ദകരമാക്കാനും പാര്‍ട്ടികള്‍ നടത്താനുമൊക്കെ അനുകൂലമായ സാഹചര്യമാണ് അല്‍ മയ ബീച്ചിലുള്ളത്. ഖാലിദിയ പാലസ് റയ്ഹാനു സമീപത്തുനിന്ന് ബോട്ടില്‍ 20 മിനിറ്റ് യാത്രയാണ് അല്‍ മയയിലേക്കുള്ളത്. ആഴ്ചാന്ത്യങ്ങളില്‍ പാര്‍ട്ടി മൂഡ് ആണിവിടെ.
ഡി.ജെ, നീന്തല്‍കുളം, സ്വിം അപ് ബാര്‍ എന്നിങ്ങനെ സന്ദര്‍ശകര്‍ക്കായി വിപുലമായി സൗകര്യമാണ് ഇവിടെയുള്ളത്. വാരാന്ത്യങ്ങളിലും പൊതുഅവധി ദിനങ്ങളിലും 250 ദിര്‍ഹമാണ് നിരക്ക് ഈടാക്കുക. ഞായര്‍ മുതല്‍ വെള്ളിവരെയുള്ള ദിനങ്ങളില്‍ രാവിലെ പത്തു മുതല്‍ രാത്രി എട്ടുവരെയാണ് പ്രവേശനം. സാധാരണ ദിനങ്ങളില്‍ 200 ദിര്‍ഹമാണ് ഫീസ്.
കയ് ബീച്ച് സഅദിയാത്ത്
സഅദിയാത്ത് ബീച്ച് ക്ലബ്ബിന്‍റെ കീഴിലെ കയ് ബീച്ച് സഅദിയാത്തും അബൂദബിയുടെ പ്രധാന ആകര്‍ഷണമാണ്. രാവിലെ ഏഴുമുതല്‍ അസ്തമയം വരെയാണ് പ്രവേശനം. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലാണ് പ്രവേശനം അനുവദിക്കുക. റിസര്‍വേഷനില്ല. സാധാരണ ദിവസങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് 75 ദിര്‍ഹമും കുട്ടികള്‍ക്ക് 35 ദിര്‍ഹവുമാണ് ഫീസ്. വാരാന്ത്യങ്ങളില്‍ ഇത് 90ഉം 60ഉം ആയി ഉയരും.
സോള്‍ ബീച്ച്
മംഷയിലെ സോള്‍ ബീച്ച് വെള്ള മണലുകള്‍ കൊണ്ട് നയനമനോഹരമാണ്. മുതിര്‍ന്നവര്‍ക്ക് 50 ദിര്‍ഹവും കുട്ടികള്‍ക്ക് 25 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. ആഴ്ചാന്ത്യങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് 70 ദിര്‍ഹവും കുട്ടികള്‍ക്ക് 40 ദിര്‍ഹവും നല്‍കണം. ബീച്ചിലെ നടത്തവും ഇരുത്തവും ഒക്കെ കഴിഞ്ഞ് രുചികരമായ ഭക്ഷണം വിളമ്പുന്ന ഒട്ടേറെ റെസ്റ്റോറന്‍റുകളും ബീച്ച് പരിസരത്തുണ്ട്. രാവിലെ ആറുമുതല്‍ രാത്രി ആറുവരെയാണ് പ്രവേശനം.
യാസ് ബീച്ച്
ഒട്ടേറെ ജലവിനോദങ്ങളും റെസ്റ്റോറന്‍റുകളുമാണ് യാസ് ബീച്ചിലെ പ്രത്യേകത. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് 60 ദിര്‍ഹവും വെള്ളി, ശനി ദിവസങ്ങളിലും അവധി ദിനങ്ങളിലും മുതിര്‍ന്നവര്‍ക്ക് 120 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. 11 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. യാസ് ബീച്ചിലെ ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ക്ക് ബീച്ചിലെ പ്രവേശനം സൗജന്യമാണ്.
സയ നുറൈ ഐലന്‍ഡ്
സഅദിയാത്ത് ദ്വീപില്‍ നിന്ന് പ്രൈവറ്റ് ബോട്ടില്‍ 10 മിനിറ്റ് യാത്രയാണ് സയ നൂറൈ ഐലന്‍ഡിലേക്കുള്ളത്. അനേക ഭക്ഷ്യ വിഭവങ്ങളും ഇവിടെയുണ്ട്. ബോട്ട് യാത്രയടക്കം 420 ദിര്‍ഹമാണ് ഒരാള്‍ക്ക് ഈടാക്കുന്നത്. രാവിലെ 10.30 മുതല്‍ രാത്രി 11 വരെയാണ് പ്രവേശനം. പ്രവേശനത്തിനായി മുന്‍കൂര്‍ ബുക്ക് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.