കരടിക്കുഞ്ഞ് കൂട്ടിൽനിന്ന് ചാടി; ഇറാഖ് വിമാനം വൈകി
text_fieldsദുബൈ: വിമാനത്തിൽ കാർഗോ വഴി കൊണ്ടുവരുകയായിരുന്ന കരടിക്കുഞ്ഞ് കൂട്ടിൽനിന്ന് പുറത്തിറങ്ങിയത് വിമാനം വൈകാൻ കാരണമായി. ഇറാഖ് തലസ്ഥാനമായ ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദുബൈയിലെത്തിയ വിമാനത്തിലെ കാർഗോയിലാണ് നിയമപരമായി കൊണ്ടുവരുകയായിരുന്ന കരടിയെ കൂട്ടിലടച്ച് സൂക്ഷിച്ചിരുന്നത്. ദുബൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ കരടി കൂട് പൊളിച്ച് പുറത്തേക്ക് തലയിടുകയായിരുന്നു.
ഇതോടെ യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തരായി. എന്നാൽ, അതിവേഗം കരടിയെ മയക്കുമരുന്ന് നൽകാൻ പ്രത്യേക സംഘത്തെ വിമാനത്താവളം അധികൃതർ എത്തിച്ചു. തുടർന്ന് മയക്കിയശേഷമാണ് കരടിയെ കൊണ്ടുപോയത്. സംഭവത്തെ തുടർന്ന് വിമാനത്തിന്‍റെ ബാഗ്ദാദിലേക്കുള്ള തിരിച്ചുള്ള യാത്ര വൈകി.
സംഭവത്തിൽ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമചോദിച്ച് വിമാനക്കമ്പനി പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. അധികൃതർ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ജീവിയെ കൊണ്ടുവന്നതെന്നും അപ്രതീക്ഷിതമായാണ് സംഭവമുണ്ടായതെന്നും പ്രസ്താവനയിൽ പറയുന്നു. കരടി പുറത്തിറങ്ങിയ ചിത്രങ്ങളും വിഡിയോകളും യാത്രക്കാരിൽ ചിലർ പകർത്തിയത് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.