റാസല്‍ഖൈമയില്‍ ഇനി, കണ്‍ കുളിര്‍ക്കും കാഴ്ച്ചകള്‍
text_fieldsഅന്തരീക്ഷം സുഖകരമായതോടെ നയനാന്ദകരമായ കാഴ്ച്ചകള്‍ സമ്മാനിക്കുകയാണ് എമിേററ്റിലെ കൃഷി നിലങ്ങള്‍. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ വിത്തിടീല്‍ പ്രവൃത്തികള്‍ വിജയകരമായ സന്തോഷത്തിലാണ് കര്‍ഷകര്‍. തളിരിട്ട നാമ്പുകളുടെ പരിചരണ പ്രവൃത്തികളിലാണ് ഇനി ശ്രദ്ധയെന്ന് റാക് ഹംറാനിയയിലെ കര്‍ഷക തൊഴിലാളിയായ ഇമായത്ത് പറയുന്നു. വെണ്ടക്ക, പീച്ചിങ്ങ, വഴുതനങ്ങ, കീഴാര്‍, കൂസ എന്നിവയാണ് തോട്ടത്തില്‍ കിളിർത്തിരിക്കുന്നത്.
അടുത്ത കൃഷി നിലങ്ങളില്‍ സവാള, ഉരുളക്കിഴങ്ങ്, ചോളം തുടങ്ങിയവയുമുണ്ട്. ഡിസംബര്‍ അവസാനമാകുമ്പോഴാണ് ആദ്യ ഘട്ട വിളവെടുപ്പ്. മഴ ലഭിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മൂന്ന് വര്‍ഷത്തിലേറെയായി ഈ മേഖലയില്‍ ഒരു നല്ല മഴ ലഭിച്ചിട്ട്. കുഴല്‍ കിണറുകളിലെ ജലത്തെ ആശ്രയിച്ചാണ് കൃഷി തുടരുന്നത്. ഇടക്ക് മഴ ലഭിച്ചാല്‍ ആശ്വാസമാകുമെന്നും ഇമായത്ത് തുടര്‍ന്നു. കാര്‍ഷിക വിളകളോടൊപ്പം പൂ കൃഷി നിലങ്ങളും സജീവമാണ് റാസല്‍ഖൈമയില്‍.
വീടുകളിലും സ്ഥാപനങ്ങളിലും തുടങ്ങി തെരുവുകള്‍ അലങ്കരിക്കുന്നതിനും ധാരാളമായി ഉപയോഗിക്കുന്ന ഇനം പൂക്കളും ചെടികളുമാണ് ഉല്‍പാദിപ്പിക്കുന്നത്. നേരിട്ട് സൂര്യതാപം ഏല്‍ക്കുന്നതിന് പുറമെ കീടങ്ങളെ തടുക്കുന്നതിനും ഉതകുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് വിവിധയിനങ്ങളിലുള്ള പൂച്ചെടികള്‍ ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. ഇതര എമിറേറ്റുകളിലെ വ്യക്തികളില്‍ നിന്ന് ലഭിക്കുന്ന ഓര്‍ഡറുകളും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള സഹകരണവുമാണ് പുഷ്പ കൃഷി വിജയകരമാക്കാന്‍ സഹായിക്കുന്നതെന്ന് ഇവിടെ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.