14,000 ദിർഹമുമായി ഷാർജയിൽ യാചകൻ പിടിയിൽ
text_fieldsഷാർജയിൽ പിടിയിലായ യാചകൻ
ഷാർജ: റമദാനിലെ സാഹചര്യം മുതലെടുത്ത് എമിറേറ്റിൽ യാചന നടത്തിയയാൾ 14,000 ദിർഹമുമായി പിടിയിലായി. മൂന്നു ദിവസത്തിനിടെയാണ് ഇത്രയും തുക ഇയാൾ സ്വരൂപിച്ചത്. പൊലീസിലെ പ്രത്യേക ദൗത്യ സംഘത്തിന് കീഴിലുള്ള ഭിക്ഷാടന വിരുദ്ധ ടീമംഗങ്ങളാണ് പ്രതിയെ പിടികൂടിയത്.
റമദാൻ ആദ്യ ദിനം മുതൽ രാജ്യത്താകമാനം വിവിധ ക്രമസമാധാന സംവിധാനങ്ങൾ യാചനക്കെതിരായ ശക്തമായ നടപടികൾ സ്വീകരിച്ചുവരുകയാണ്. ബോധവത്കരണവും യാചകരെ പിടികൂടലും അടക്കമുള്ള നടപടികളാണ് സ്വീകരിക്കുന്നത്.ഷാർജയിൽ പിടിയിലായയാൾ അറബ് പൗരനാണ്.
പള്ളിക്ക് സമീപം യാചന നടത്തിയാണ് ഇയാൾ പണം സ്വരൂപിച്ചത്. രാജ്യത്ത് ഇയാൾ നിയമ വിരുദ്ധമായാണ് കഴിയുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഭിക്ഷാടനം സുരക്ഷ അപകടസാധ്യത ഉയർത്തുന്ന മോശം രീതിയാണെന്ന് സ്പെഷൽ ടാസ്ക് ഡിപ്പാർട്മെന്റ് ഡയറക്ടറും യാചകരെ കണ്ടെത്തുന്നതിനുള്ള ടീമിന്റെ തലവനുമായ ഉമർ ഗസൽ അൽ ശംസി പറഞ്ഞു.
വേഗത്തിലും നിയമവിരുദ്ധമായും വരുമാനം ഉണ്ടാക്കാനായി യാചകർ ആളുകളുടെ അനുകമ്പയെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യാചകരോട് പ്രതികരിക്കരുതെന്നും, ഭിക്ഷാടനം ശ്രദ്ധയിൽപ്പെട്ടാൽ 80040 എന്ന ടോൾ ഫ്രീ നമ്പറിലോ 901 എന്ന കോൾ സെന്ററിലോ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും ഷാർജ പൊലീസ് പൊതുസമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.