ദുബൈയിൽ മൂന്ന് ലക്ഷം ദിർഹവുമായി യാചകൻ അറസ്റ്റിൽ
text_fieldsദുബൈ: ഭിന്നശേഷിക്കാരനായി അഭിനയിച്ച് യാചന നടത്തിയിരുന്നതാൾ മൂന്ന് ലക്ഷം ദിർഹവുമായി (67 ലക്ഷം രൂപ) അറസ്റ്റിൽ. പള്ളികളിലും താമസ സ്ഥലങ്ങളിലും യാചന നടത്തിയിരുന്നയാളെയാണ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്. കൃത്രിമമായി നിർമിച്ച കാലിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. സന്ദർശക വിസയിലാണ് ഇയാൾ ദുബൈയിലെത്തിയത്. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
റമദാനിൽ യാചകരുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ ദുബൈ പൊലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നായി 70,000 ദിർഹം, 46,000 ദിർഹം, 44,000 ദിർഹം എന്നിങ്ങനെ തുകകളുമായി യാചകരെ പിടികൂടി. അടുത്തിടെ ഒരുമാസത്തെ സന്ദർശക വിസയിലെത്തിയ ഏഷ്യൻ വനിതയുടെ ലക്ഷം ദിർഹം കളവ് പോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ, ഇവർ യാചനയിലൂടെ ശേഖരിച്ചതാണ് ഈ തുകയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
90 ശതമാനം യാചകരും സന്ദർശക വിസയിലാണ് എത്തുന്നതെന്നും റമദാനിൽ ഇവരുടെ എണ്ണം വർധിക്കുമെന്നും സി.ഐ.ഡി ഡെപ്യൂട്ടി ഡയറക്ടർ സഈദ് സുഹൈൽ അൽ അയാലി പറഞ്ഞു. റമദാനിൽ ഇവരെ നിയന്ത്രിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.