ഭിക്ഷാടനം: യു.എ.ഇയിൽ ഏഴംഗ സംഘം അറസ്റ്റിൽ
text_fieldsദുബൈ: എമിറേറ്റിലും പരിസരപ്രദേശങ്ങളിലും ഭിക്ഷാടനം നടത്തിവന്ന ഏഷ്യൻ സംഘത്തെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ഏഴംഗ സംഘമാണ് പിടിയിലായത്. ഭിക്ഷാടനത്തിനായി ഇവർ ഉപയോഗിച്ച മൂന്നു കാറുകളും പൊലീസ് പിടിച്ചെടുത്തു. അയൽരാജ്യങ്ങളിലെ നമ്പർപ്ലേറ്റാണ് വാഹനത്തിന് ഉപയോഗിച്ചിരുന്നത്.
ഇമാറാത്തികൾ എന്ന് സ്വയം പരിചയപ്പെടുത്തിയ സംഘം സമൂഹത്തിന്‍റെ അനുകമ്പ നേടുന്നതിനായി സ്ത്രീകളെയും കുട്ടികളെയും ഒപ്പം കൂട്ടിയിരുന്നതായി പൊലീസ് അറിയിച്ചു. പള്ളിയുടെ കവാടങ്ങൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, ഷോപ്പുകൾ, റോഡുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഇവർ പ്രധാനമായും ഭിക്ഷാടനം നടത്തിയിരുന്നത്. ജനങ്ങളെ വിശ്വസിപ്പിക്കാനായി ദുരിതകഥകളും ഇവർ പ്രചരിപ്പിച്ചിരുന്നു.
എന്നാൽ, ഇത്തരം ആളുകളുടെ വേഷത്തിലോ സംസാരത്തിലോ അനുകമ്പ തോന്നി സഹായങ്ങൾ വാഗ്ദാനം ചെയ്യരുതെന്ന് ഡിപ്പാർട്മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ ജമാൽ സലിം അൽ ജല്ലാഫ് അഭ്യർഥിച്ചു. സഹായം ആവശ്യമുള്ളവർക്ക് ഔദ്യോഗിക കൂട്ടായ്മകളുമായോ സന്നദ്ധ സംഘടനകളുമായോ ബന്ധപ്പെടാം.
സഹായം ആവശ്യമുള്ളവർ ഭിക്ഷാടനത്തിന് ഇറങ്ങുന്നത് അംഗീകരിക്കാവില്ല. യു.എ.ഇയിൽ ഭിക്ഷാടനം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഭിക്ഷാടനം എന്നത് അനുകമ്പയുടെ തെറ്റായ സങ്കൽപമാണെന്നും രാജ്യത്ത് ഭിക്ഷാടകരുടെ എണ്ണം കുറക്കാൻ ലക്ഷ്യമിട്ട് ഭിക്ഷാടനവിരുദ്ധ കാമ്പയിന് പൊലീസ് തുടക്കമിട്ടതായും മേജർ ജനറൽ ജമാൽ സലിം അൽ ജല്ലാഫ് കൂട്ടിച്ചേർത്തു. ഭിക്ഷാടനം ശ്രദ്ധയിൽപെട്ടാൽ പൊലീസിന്‍റെ ഹെൽപ്ലൈൻ നമ്പറായ 901ൽ അറിയിക്കണം. ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ സ്മാർട്ട് ആപ് വഴി ‘ഐ’ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.