ആത്മവിശുദ്ധിയുടെ ഈദ് ആഘോഷിച്ച് വിശ്വാസികൾ
text_fieldsയു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അബൂദബി ഗ്രാൻഡ്
മോസ്കിൽ പെരുന്നാൾ നമസ്കാരം നിർവഹിക്കുന്നു
ദുബൈ: റമദാനിലെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മസംസ്കരണത്തിന്റെ കരുത്തുമായി രാജ്യമെങ്ങും ചെറിയ പെരുന്നാൾ ആഘോഷിച്ച് വിശ്വാസി സമൂഹം. ശനിയാഴ്ച റമദാൻ 29 പൂർത്തിയാക്കി ആകാശത്ത് ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെ യു.എ.ഇയുടെ അന്തരീക്ഷത്തിൽ തക്ബീർ ധ്വനികൾ മുഴങ്ങി. ദുബൈയിൽ രണ്ട് തവണ പീരങ്കി മുഴക്കിയാണ് മാസപ്പിറവിയെ അടയാളപ്പെടുത്തിയത്. സൗദി അറേബ്യയിലാണ് ആദ്യം മാസപ്പിറവി ദൃശ്യമായതായി പ്രഖ്യാപിച്ചത്.
തുടർന്ന് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളും സ്ഥിരീകരിച്ചു. ഒമാനിൽ തിങ്കളാഴ്ചയാണ് പെരുന്നാൾ ആഘോഷം. ശവ്വാൽ ഒന്നിന് രാവിലെ സൂര്യോദയത്തിന് ശേഷം 20 മിനിറ്റ് കഴിഞ്ഞായിരുന്നു പെരുന്നാൾ നമസ്കാരം.
തക്ബീർ ധ്വനികളുമായി വിശ്വാസികൾ അതിരാവിലെ തന്നെ പുതുവസ്ത്രമണിഞ്ഞ് കുടുംബത്തോടൊപ്പം പെരുന്നാൾ നമസ്കാരത്തിന് ഈദുഗാഹുകളിലേക്കും പള്ളികളിലേക്കും ഒഴുകിയെത്തി. രാജ്യമെങ്ങും പെരുന്നാൾ നമസ്കാരത്തിനായി പള്ളികളിലും ഈദുഗാഹുകളിലും വൻ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ദുബൈ, ഷാർജ, അജ്മാൻ എന്നീ എമിറേറ്റുകളിൽ ഔഖാഫിന്റെ അനുമതിയോടെ നാലിടത്താണ് മലയാളത്തിൽ ഈദ്ഗാഹ് സംഘടിപ്പിച്ചിരുന്നത്.
ഷാർജയിൽ 642 സ്ഥലങ്ങളിൽ പെരുന്നാൾ നമസ്കാരം നടന്നു. വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മവിശുദ്ധി തുടർന്നുള്ള മാസങ്ങളിലും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം പെരുന്നാൾ ഖുത്തുബകളിൽ പണ്ഡിതൻമാർ ഓർമപ്പെടുത്തി.
തുടർന്ന് പരസ്പരം ആലിംഗനം ചെയ്തും മധുരം പകർന്നുമാണ് വിശ്വാസികൾ ഈദുഗാഹുകളിൽ നിന്ന് വിടപറഞ്ഞത്. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അബൂദബി ശൈഖ് സായിദ് മോസ്കിൽ പെരുന്നാൾ നമസ്കാരം നിർവഹിച്ചു. ഉപഭരണാധികാരി ഉൾപ്പെടെ രാഷ്ട്രതലവൻമാർ അദ്ദേഹത്തോടൊപ്പം പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അൽ ബാദി മുസല്ലയിലാണ് പെരുന്നാൾ നമസ്കാരം നിർവഹിച്ചത്. മാർച്ച് 30 മുതൽ ഏപ്രിൽ ഒന്നു വരെ മൂന്നു ദിവസം യു.എ.ഇയിൽ പൊതു അവധിയാണ്. ദുബൈ, ഷാർജ, അബൂദബി എമിറേറ്റുകൾ പെരുന്നാൾ ദിനത്തോടനുബന്ധിച്ച് പാർക്കിങ് സൗജന്യമാക്കിയിട്ടുണ്ട്. കൂടാതെ പെരുന്നാൾ ആഘോഷിക്കുന്നവർക്കായി മെട്രോ സർവിസ് സമയം ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ദീർഘിപ്പിക്കുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.