സമ്പന്നരായിരിക്കാം, സന്തോഷത്തോടെയിരിക്കാം
text_fieldsചിന്തിക്കാന്‍ കഴിവുള്ളയാള്‍ അയാളുടെ ചിന്തകൊണ്ട് നേടിയെടുക്കുന്നതിനെയാണ് സമ്പത്ത് എന്നു പറയുന്നത്. അത് പണമോ മറ്റു ആസ്തികളോ മാത്രമല്ല, നല്ല ബന്ധങ്ങളും അനുഭവങ്ങളും സന്തോഷങ്ങളും കൂടിയാണ്. സമ്പത്ത് അഞ്ചു തരത്തിലുണ്ട് എന്നാണ് പറയുന്നത്
1. പണവും മറ്റു ആസ്തികളും
2. ശരീരം
3. മികച്ച ബന്ധങ്ങള്‍
4. മെന്റല്‍ വെല്‍ത്ത്
5. അഡ്വഞ്ചര്‍ വെല്‍ത്ത്
ധനം നിങ്ങള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നല്കുന്നു. നിങ്ങളുടെ ഒരാവശ്യത്തിനും മറ്റൊരാളുടെ സഹായം തേടേണ്ടി വരുന്നില്ല. നാളെയെക്കുറിച്ച് വലിയ ആശങ്കകളില്ലാതെ ഇന്നത്തെ ജീവിതം മനോഹരമായി ജീവിക്കാന്‍ പണവും മറ്റു ആസ്തികളും നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്കുന്നു. പണം കൂടുതല്‍ സമ്പാദിക്കുന്നതിന് ഒരേയൊരു നിയമമേയുള്ളൂ, പണം നഷ്ടപ്പെടാതെ സൂക്ഷിക്കുക. നിങ്ങള്‍ പുതുതായി എന്ത് സംരംഭത്തിനിറങ്ങിയാലും, പണം എവിടെയെങ്കിലും നിക്ഷേപിക്കാന്‍ തീരുമാനിച്ചാലും അതേക്കുറിച്ച് നന്നായി മനസ്സിലാക്കി മാത്രം പണം വിനിയോഗിക്കുക.
ശരീരമാണ് ഏറ്റവും വലിയ സമ്പാദ്യം. അത് നഷ്ടപ്പെട്ടാല്‍ പിന്നെ എന്ത് സമ്പത്തുണ്ടാക്കിയിട്ടും കാര്യമില്ല. ശരീരം ആരോഗ്യത്തോടെയും വൃത്തിയോടെയും സൂക്ഷിക്കുക. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാനും കൃത്യമായ വ്യായാമം ചെയ്യാനും ശ്രദ്ധിക്കുക. ശരിയായ ജീവിതശൈലിയാണ് പിന്തുടരുന്നതെന്ന് ഉറപ്പാക്കുക. പുകവലി, മദ്യപാനം മറ്റു ലഹരിവസ്തുക്കള്‍ എന്നിവയില്‍ നിന്ന് അകലം പാലിച്ച് ശരീരത്തെ ആരോഗ്യപൂര്‍ണ്ണമാക്കി നിലനിര്‍ത്തുക.
മികച്ച ബന്ധങ്ങളാണ് ഒരു വ്യക്തിയുടെ മൂല്യം നിര്‍ണ്ണയിക്കുന്നത്. കുടുംബ ബന്ധങ്ങളായാലും വ്യക്തിബന്ധങ്ങളായാലും സൗഹൃദമായാലും ഏറ്റവും മികച്ചതാക്കി നിലനിര്‍ത്തുന്നത് നിങ്ങളുടെ വ്യക്തിത്വമാണ്. നിങ്ങളുടെ ബന്ധങ്ങള്‍ നല്ലതാണെങ്കില്‍ ജീവിതത്തിലുടനീളം നിങ്ങള്‍ക്ക് സ്നേഹവും പരിഗണനയും പിന്തുണയും ലഭിക്കുന്നു. ബന്ധങ്ങളുടെ സ്വഭാവം നിങ്ങളുടെ ജീവിതനിലവാരത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നതാണ്. അതിനാല്‍ എല്ലായ്പ്പോഴും മികച്ച ബന്ധങ്ങള്‍ സൃഷ്ടിക്കാനും അത് നിലനിര്‍ത്താനും മനപ്പൂര്‍വമായ ശ്രമം നടത്തുക.
മാനസികാരോഗ്യം മറ്റൊരു പ്രധാന സമ്പത്താണ്. മനസ്സിനെ എപ്പോഴും സന്തോഷവും സമാധാനവുമുള്ള ഒന്നാക്കി നിലനിര്‍ത്തണം. അസ്വസ്ഥമായ മനസ്സില്‍ നിന്ന് ഉല്‍പ്പാദനക്ഷമമായ ഒന്നും തന്നെ സംഭവിക്കുകയില്ല. സര്‍ഗാത്മക ചിന്തകളോ സന്തോഷകരമായ അനുഭവങ്ങളോ ഉണ്ടാവുകയില്ല. ഊര്‍ജ്ജസ്വലമായ മൂഡും പോസിറ്റീവായ സമീപനവും മാനസികാരോഗ്യത്തിന് ആവശ്യമാണ്. അതിന് വേണ്ടതെല്ലാം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മനസ്സിന് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുക, രസകരമായ അനുഭവങ്ങള്‍ സൃഷ്ടിക്കുക, തനിക്കു വേണ്ടിയും പ്രിയപ്പെട്ടവര്‍ക്കു വേണ്ടിയും സമയം ചെലവഴിക്കുക പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് മനസ്സിന്റെ ആരോഗ്യം നിലനിര്‍ത്തുന്നു.
ഇഷ്ടപ്പെട്ട വിനോദങ്ങളും സാഹസികതകളും അനുഭവിക്കാന്‍ സാധിക്കുന്നതാണ് മറ്റൊരു സമ്പാദ്യം. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെയും വൈകാരിക സ്ഥിരതയെയും വ്യക്തിത്വത്തെയും മികച്ചതാക്കി നിലനിര്‍ത്തുന്നു. എല്ലാ സമ്പത്തും നേടുന്നത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനും സന്തോഷത്തോടെയിരിക്കാനും വേണ്ടിയായിരിക്കണം. സമ്പത്ത് നിങ്ങളുടെ സന്തോഷത്തിനും മറ്റുള്ളവരെ സഹായിക്കുന്നതിനുമായിരിക്കണം. സന്തോഷത്തിന്റെയും സമ്പത്തിന്റെയും ഏറ്റവും വലിയ രഹസ്യം ‘നല്‍കുക’ എന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.