ഭീമൻ കപ്പൽ ‘ബർലിൻ എക്സ്പ്രസ്’ ജബൽ അലി തുറമുഖത്ത്
text_fieldsദുബൈ: ലോകത്തെ തന്നെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിൽ ഒന്നായ ‘ഹപാഗ് ലോയ്ഡ്സ് ബർലിൻ എക്സ്പ്രസ്’ കന്നിയാത്രയുടെ ഭാഗമായി ദുബൈയിലെത്തി. ജബൽ അലി തുറമുഖത്തെത്തിയ കപ്പലിന് മികച്ച സ്വീകരണമാണ് അധികൃതർ നൽകിയത്. പരമ്പരാഗത സമുദ്രഗതാഗത ഇന്ധനത്തിലും ദ്രവീകൃത പ്രകൃതി വാതക(എൽ.എൻ.ജി)ത്തിലും പ്രവർത്തിക്കുന്നതാണ് കപ്പൽ. 23,600 കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയാണ് കപ്പലിനുള്ളത്. സാധാരണ വലിയ കപ്പലുകൾക്ക് 18,000 കണ്ടെയ്നറുകളുടെ ശേഷിയാണുണ്ടാകാറുള്ളത്.
വളരെ അപൂർവം കണ്ടെയ്നർ കപ്പലുകൾക്ക് 21,000 കണ്ടെയ്നറുകളുടെ ശേഷിയും ഉണ്ട്എന്നാൽ ഇതിനേക്കാൾ കൂടുതൽ ശേഷിയുണ്ടെന്നതാണ് ബർലിൻ എക്സ്പ്രസിന്റെ സവിശേഷത. പരമ്പരാഗത സമുദ്ര ഇന്ധനത്തേക്കാൾ കുറഞ്ഞ കാർബൺ പുറന്തള്ളൽ നിരക്കുള്ള എൽ.എൻ.ജിയിൽ പ്രവർത്തിക്കുന്നതിനാൽ പരിസ്ഥിതി സൗഹൃദപരവുമാണ് കപ്പലെന്ന പ്രത്യേകതയുമുണ്ട്. ജബൽ അലി തുറമുഖത്തെ സംബന്ധിച്ച് സുപ്രധാനമായ ഒരു നാഴികക്കല്ലാണ് കപ്പലിന്റെ വരവെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ലോകവ്യാപാര രംഗത്ത് തുറമുഖത്തിന്റെ സ്ഥാനം ഉയർത്തപ്പെടുന്നതുമാണിത്. നിലവിൽ 180 കപ്പൽ പാതകളുമായി തുറമുഖത്തിന് ബന്ധമുണ്ട്.
ലോകത്താകമാനം 350 കോടി ഉപഭോക്താക്കളിലേക്ക് ഇതുവഴി ചരക്കുകൾ എത്തിക്കാനും സാധിച്ചിട്ടുണ്ട്. തുടർച്ചയായി കാർഗോ കപ്പലുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന രീതിയിൽ ആഗോള തലത്തിലെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഡി.പി വേൾഡ് ഒരുക്കിക്കൊണ്ടിരിക്കുന്നതെന്ന് ഡി.പി വേൾഡ് സി.ഒ.ഒ ജൂസ്റ്റ് ക്രൂജിങ് വാർത്താക്കുറിപ്പിൽ പറഞ്ഞു. മേഖലയിൽ ബർലിൻ എക്സ്പ്രസിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ തുറമുഖമാണ് ദുബൈയിലേതെന്ന് കപ്പൽ സി.ഒ.ഒ ഡോ. മക്സിമിലിയൻ റോത്കോപ്ഫ് പ്രതികരിച്ചു. ചൈന, ഹോങ്കോങ്, തായ്വാൻ, സിംഗപ്പൂർ, സ്പെയിൻ, ബെൽജിയം, നെതർലൻഡ്സ്, യു.കെ, ജർമനി എന്നീ റൂട്ടുകളിലൂടെ സഞ്ചരിക്കുന്നതാണ് കപ്പൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.