ഗാന്ധിയൻ ആദർശങ്ങൾ കൈവിടാതെ ഭദ്രെൻറ പ്രവാസജീവിതം
text_fieldsദുബൈ: അടിമുടി ഗാന്ധിയനാണ് ഭദ്രൻ. ഖദർ വസ്ത്രം, മൂന്നുനേരം മിതമായ ഭക്ഷണം, സത്യസന്ധത, രാവിലെയുള്ള നടത്തം, ലളിത ജീവിതം... ഇങ്ങനെ പോകുന്നു അബൂദബി മുസഫയിൽ താമസിക്കുന്ന തിരുവനന്തപുരം പാപ്പനംകോട് സ്വദേശി ഭദ്രൻ മാധവെൻറ ഗാന്ധിയൻ ചര്യകൾ. പ്രവാസലോകത്തെത്തിയിട്ടും ഇതിന് ഒരു മാറ്റവുമില്ല. ഒരുകാലത്ത് മന്ത്രിയുടെ പി.എയും ഡെപ്യൂട്ടി തഹസിൽദാറും വില്ലേജ് ഒാഫിസറുമൊക്കെയായിരുന്നു. ഇപ്പോൾ ജോലിയൊന്നുമില്ല. യു.എ.ഇയിൽ പച്ചക്കറിക്കടയിലും ഹോട്ടലിലുമായിരുന്നു ജോലി. കോവിഡ് എത്തിയതോടെ അതും നഷ്ടപ്പെട്ടു. കട തുറക്കുമെന്നും ജോലി ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിൽ അബൂദബിയിൽ തന്നെ തങ്ങുകയാണ് ഭദ്രൻ.
രണ്ടു പതിറ്റാണ്ടോളം സർക്കാർ സർവിസിൽ ഉന്നത പദവികൾ വഹിച്ച ഭദ്രന് സ്വന്തമായി വീടോ ഒരു തുണ്ട് ഭൂമിയോ ഇല്ല. അവിവാഹിതനായതിനാൽ വീട് അത്ര വലിയ സംഭവമായി ഭദ്രന് തോന്നിയിട്ടുമില്ല. സർക്കാറിൽനിന്ന് ലഭിക്കുന്ന 12,500 രൂപ പെൻഷനാണ് ആകെയുള്ള വരുമാനം. ഇതിൽ നല്ലൊരു ഭാഗം പാവങ്ങളെ സഹായിക്കാനും അനാഥാലയങ്ങൾക്കുമായി നീക്കിവെച്ചിരിക്കുന്നു. സർവിസിലിരിക്കു േമ്പാൾ സത്യസന്ധത കാണിച്ചതിനാലും മറ്റുള്ളവരെ സഹായിച്ചതിനാലും ജാമ്യം നിന്നതിനാലും തുച്ഛമായ ശമ്പളമാണ് പലപ്പോഴും കൈപ്പറ്റിയിരുന്നത്. 1986 ജനുവരി ആറിനാണ് എൽ.ഡി ക്ലർക്കായി നിയമനം ലഭിക്കുന്നത്. അന്ന് കയറിയതാണ് ഖദറിനുള്ളിൽ. ഇന്നുവരെ അപൂർവം സന്ദർഭങ്ങളിലൊഴികെ ഖദർ ധാരിയാണ്. സർവിസിൽ കയറു േമ്പാൾ ചില തീരുമാനങ്ങളെടുത്തിരുന്നു. അതിൽ പ്രധാനപ്പെട്ടതാണ് ഗാന്ധി ദർശനങ്ങൾ പിൻപറ്റുക എന്നത്. പുസ്തകങ്ങളിലൂടെ വായിച്ചും കേട്ടും അറിഞ്ഞ ഗാന്ധിയെ ജീവിതത്തിൽ പകർത്തുക അത്ര എളുപ്പമായിരുന്നില്ല. പ്രത്യേകിച്ച് സർക്കാർ സർവിസിൽ ഇരിക്കു േമ്പാൾ. എങ്കിലും, ആദർശം മുറുകപ്പിടിച്ച് മറ്റുള്ളവർക്ക് കൈത്താങ്ങായി നിന്നായിരുന്ന ജോലി. തിരുവനന്തപുരത്ത് ഡെപ്യൂട്ടി കമീഷണർ, കെ.കെ. രാമചന്ദ്രൻ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിൻറ പി.എ, എൻ.ഡി. അപ്പച്ചൻ എം.എൽ.എയുടെ പി.എ, വർക്കലയിലും മലപ്പുറത്തും വില്ലേജ് ഒാഫിസർ, തിരുവനന്തപുരം താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ, നെയ്യാറ്റിൻകരയിൽ അസിസ്റ്റൻറ് റീ സർവേ ഒാഫിസർ, കെ.എസ്.എഫ്.ഇ സ്പെഷൽ ഡെപ്യൂട്ടി തഹസിൽദാർ... ഇങ്ങനെ നീണ്ടുപോകുന്നു ഭദ്രെൻറ സർവിസ് കരിയർ. 2007 നവംബറിലാണ് സർവിസിൽനിന്ന് വിരമിച്ചത്.
പ്രവാസ ജീവിതം
ജോലിയില്ലാതെ എന്തിന് ഇവിടെ തങ്ങുന്നു എന്നു ചോദിച്ചാൽ ഭദ്രന് പറയാനുള്ളത് കൈത്താങ്ങായി നിന്നവരുടെ കഥയാണ്. മലയാളിയായ ഒരാളാണ് ഭദ്രനെ ഇവിടെ എത്തിച്ചത്. അദ്ദേഹത്തിെൻറ പച്ചക്കറി ഷോപ്പിൽ കണക്കെഴുതലായിരുന്നു ജോലി. നാട്ടിൽ അമ്മക്ക് അസുഖം മൂർച്ഛിച്ചപ്പോൾ പണം നൽകി സഹായിച്ചതും ഇപ്പോൾ ഭക്ഷണവും താമസവും നൽകുന്നതുമെല്ലാം അദ്ദേഹവും മാനേജറും ചേർന്നാണ്. ഭദ്രനിലെ സത്യസന്ധനെ തിരിച്ചറിഞ്ഞതിനാലാണ് കണക്കുകളെല്ലാം അദ്ദേഹത്തെ ഏൽപിച്ചത്. കോവിഡിൽനിന്ന് കരകയറിയാൽ മറ്റൊരു സ്ഥാപനം തുറക്കാമെന്നും ഭദ്രനെ അവിടെ ആവശ്യമുണ്ടെന്നും പറഞ്ഞതിനാലാണ് 67ാം വയസ്സിലും ഗൾഫിൽ തന്നെ തുടരുന്നത്. നമ്മളെ സഹായിച്ചവരെ ദുർഘട ഘട്ടത്തിൽ കൈവിടുന്നത് ശരിയല്ലെന്ന നിലപാടാണ് ഭദ്രനെ ഇങ്ങനെയൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്.
കോവിഡിനെയും തോൽപിച്ചു
ഇതിനിടയിൽ ഭദ്രനെ തേടി കോവിഡും എത്തി. ഗാന്ധിയെപോലെ നിശ്ചയദാർഢ്യത്തോടെ ജീവിക്കുന്ന ഭദ്രൻ കോവിഡിനെയും തോൽപിച്ചു. ക്വാറൻറീനിൽ കൂട്ട് ഗാന്ധിയുടെ പുസ്തകങ്ങളായിരുന്നു. സ്വന്തം നാട്ടിൽ കിട്ടാത്തത്ര മികച്ച ചികിത്സയാണ് സൗജന്യമായി അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. ഇൗജിപ്ഷ്യൻ ഡോക്ടറുടെയും നഴ്സുമാരുടെയും സൗമ്യതയോടുള്ള പെരുമാറ്റം ഇപ്പോഴും മനസ്സിൽനിന്ന് മായുന്നില്ല. പ്രഷറിനുള്ള ഒരുമാസത്തെ മരുന്നും അവർ സൗജന്യമായി നൽകി.
ഗാന്ധിയൻ ജീവിതരീതി പിന്തുടരുന്നതുകൊണ്ടാണ് 67ാം വയസ്സിലും കോവിഡിൽനിന്ന് അതിവേഗം മുക്തിനേടാൻ കഴിഞ്ഞതെന്ന് ഭദ്രൻ പറയുന്നു. എല്ലാ ദൈവങ്ങളും ഒന്നാണെന്ന് കരുതുന്ന അദ്ദേഹം മസ്ജിദിലും ക്രിസ്ത്യൻ പള്ളികളിലും അമ്പലങ്ങളിലുമെല്ലാം
സന്ദർശനം നടത്താറുണ്ട്. സബർമതി സന്ദർശിക്കണമെന്ന ആഗ്രഹമാണ് ഇപ്പോൾ മനസിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.