ഭരത് മുരളി നാടകോത്സവം: ഉദ്ഘാടനം 22ന്
text_fieldsഅബൂദബി: കേരള സോഷ്യൽ സെന്റർ പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവം ഡിസംബർ 22ന് ഉദ്ഘാടനം ചെയ്യും. 23 മുതൽ യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള പത്ത് സമിതികൾ 2024 ജനുവരി 20 വരെയുള്ള ദിവസങ്ങളിലായി നാടകങ്ങൾ അരങ്ങിലെത്തിക്കും. ജനുവരി 22ന് ഫലപ്രഖ്യാപനം നടക്കും. സാജിദ് കൊടിഞ്ഞിയുടെ സംവിധാനത്തിൽ ക്രിയേറ്റിവ് ക്ലൗഡ് അലൈൻ അവതരിപ്പിക്കുന്ന സോർബ എന്ന നാടകം 23ന് ആദ്യ നാടകമായി അവതരിപ്പിക്കും.
ഡിസംബർ 30ന് ജീവലത, 31ന് മരണക്കളി, ജനുവരി ഒന്നിന് കെ.പി. ബാബുവിന്റെ പൂച്ച, ആറിന് സോവിയറ്റ് സ്റ്റേഷൻ കടവ്, ഏഴിന് ടോയ്മാൻ, 13ന് ട്വിങ്കിൾ റോമാസായും പന്ത്രണ്ടു കാമുകന്മാരും, 14ന് ഭൂതങ്ങൾ, 19ന് ആറാം ദിവസം, അവസാന ദിവസമായ 20ന് കാമമോഹിതം എന്നീ നാടകങ്ങൾ അവതരിപ്പിക്കും. എല്ലാ ദിവസവും രാത്രി എട്ടിന് നാടകം ആരംഭിക്കും. കേരളത്തിന് പുറത്ത് നടക്കുന്ന ഏറ്റവും വലിയ നാടകോത്സവമാണ് കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവം. ഏറ്റവും മികച്ച അവതരണം, മികച്ച രണ്ടാമത്തെ അവതരണം, മികച്ച മൂന്നാമത്തെ അവതരണം, സംവിധായകന്, നടന്, നടി, രണ്ടാമത്തെ നല്ല നടന്, രണ്ടാമത്തെ നല്ല നടി, ബാലതാരം, പ്രകാശ വിതാനം, പശ്ചാത്തല സംഗീതം, ചമയം, രംഗസജ്ജീകരണം എന്നീ പുരസ്കാരങ്ങൾക്ക് പുറമെ പ്രോത്സാഹന സമ്മാനമായി യു.എ.ഇയില്നിന്നുള്ള ഏറ്റവും നല്ല സംവിധായകനും സമ്മാനമുണ്ട്.
ഏറ്റവും മികച്ച അവതരണത്തിന് 15,000 ദിർഹവും രണ്ടാമത്തെ മികച്ച അവതരണത്തിന് 10,000 ദിർഹവും മികച്ച മൂന്നാമത്തെ അവതരണത്തിന് 5000 ദിർഹവും സമ്മാനമായി നൽകും. കൂടാതെ മികച്ച യു.എ.ഇയിലെ സംവിധായകന് 500 ദിർഹം സമ്മാനത്തുക നൽകും. നാടകോത്സവത്തിന്റെ ഭാഗമായി യു.എ.ഇയിലെ നാടക രചയിതാക്കൾക്കായി ഏകാങ്ക നാടക രചന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.