യു.എ.ഇയുടെ ഇഷ്ട നാദമായി ഭാവന മുന്നേറുന്നു
text_fieldsഷാര്‍ജ: മാനസ നിളയില്‍ പൊന്നോളങ്ങള്‍ മഞ്ജീര ധ്വനി ഉയര്‍ത്തി....ഷാര്‍ജയിലെ പ്രമുഖ വേദിയില്‍ നിന്നുയരുന്ന കൊച്ചു ഗായികയുടെ സുന്ദര ശബ്ദ വീചിയില്‍ സദസ് അലിഞ്ഞിരിക്കുകയാണ്. മെലഡിയും അടിപൊളിയും അസലായി പാടുന്ന അവളുടെ ഓരോ പാട്ടും അവസാനിക്കുമ്പോള്‍ നിറുത്താതെയുള്ള കരഘോഷം. സ്വരഭംഗി കൊണ്ടും നൃത്ത ചുവടുകള്‍ കൊണ്ടും യു.എ.ഇയിെല വേദികളെ സ്വന്തമാക്കുന്ന ഭാവന ബാബു ഷാര്‍ജ ഒൗവര്‍ ഓണ്‍ ഇംഗ്ളീഷ് സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയാണ്. ഷാര്‍ജയിലെ കമ്പനിയില്‍ മാനേജരായി ജോലി ചെയ്യുന്ന കണ്ണൂര്‍ പുതിയതെരു സ്വദേശി പാറമ്മല്‍ ബാബുവിന്‍െറയും പയ്യാവൂര്‍ സ്വദേശിനി ബിന്ദുവിെൻറയും മകൾ.
നാലാം വയസില്‍ ഷാര്‍ജ കൈരളി ആര്‍ട്സ് സെൻററിലെ കലാമണ്ഡലം മിനി രാധാകൃഷ്ണെൻറ കീഴില്‍ നൃത്തവും എട്ടാം വയസില്‍ കാഞ്ഞങ്ങാട് സ്വദേശി പ്രിയേഷിെൻറ കീഴില്‍ കര്‍ണാടക സംഗീതവും, പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന് പണ്ഡിറ്റ് രമേഷ് നാരായണെൻറ ശിഷ്യന് പണ്ഡിറ്റ് മോഹന്കുമാറിെൻറ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതവും പഠിക്കാന്‍ ആരംഭിച്ച ഭാവനയുടെ കലാ സപര്യ ഇതിനകം 300 വേദികള്‍ പിന്നിട്ടു കഴിഞ്ഞു. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ഭാവനയുടെ ചുണ്ടില്‍ പാട്ടിെൻറ പാൽമധുരം ഉണ്ടായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. രാഗവും താളവും മുഖ്യധാരയില്‍ വരുന്ന കര്‍ണാടക സംഗീതത്തില്‍ കച്ചേരികള്‍ അവതരിപ്പിക്കുന്ന ഭാവന, ഫ്യൂഷന്‍ സംഗീത രംഗത്തും വെന്നികൊടി പാറിക്കുകയാണ്. ഗള്‍ഫ് എന്ന് പറഞ്ഞാല്‍ തന്നെ ഒരു ഫ്യൂഷനാണ്. ലോകത്തിെൻറ താളപെരുക്കങ്ങള് ഉയരുന്ന മേഖല. ആധുനിക സംഗീതത്തോടൊപ്പം ബദുവിയന്‍ നാടോടി സംഗീത ലയങ്ങളും ഗള്‍ഫ് മങ്ങാതെ കാക്കുന്നു.
ആധുനികതയുടെ അടയാളങ്ങള്‍ നിറഞ്ഞ് കവിയുന്ന ആഘോഷങ്ങളില്‍ നാടോടി സംഗീതവും പ്രാചീന നൃത്ത രൂപമായ അയാലയും മുന്നില്‍ നിറുത്താന്‍ യു.എ.ഇ കാട്ടുന്ന സ്നേഹം ലോകത്തിന് തന്നെ മാതൃകയാണ്. ഇത്തരമൊരു സംസ്കൃതിയില്‍ ജനിക്കുകയും വളരുകയും ചെയ്ത ഭാവനക്ക് അതെല്ലാം തന്‍െറ കഴിവുകള്‍ വര്‍ധിപ്പിക്കുവാന്‍ സഹായകമായിട്ടുണ്ട്.
ബാല്യത്തില്‍ സ്വയത്തമാക്കിയ നൃത്ത ചുവടുകള്‍ ഫ്യൂഷന്‍ സംഗീത മേഖലയില്‍ കൃത്യമായി ഭാവന ഉപയോഗപ്പെടുത്തുന്നു. വേദിയേയും സദസിനെയും തന്നിലേക്ക് ചേര്‍ത്ത് നിറുത്താന്‍ സഹായിക്കുന്നത് ഈ കഴിവുകളാണ്. നിരവധി പ്രമുഖ ഗായകരോടൊപ്പം ഇതിനകം ഭാവന പാടി കഴിഞ്ഞു. ഗാനഗന്ധര്വന് യേശുദാസ്, വിജയ് യേശുദാസ്, ബിജുനാരായണന്, സംഗീത സംവിധായകന് ശ്യാം, ശ്രീകുമാരന്‍ തമ്പി, കല്ലറ ഗോപന്, പന്തളം ബാലന്, ഗായത്രി അശോക്, രൂപ രേവതി, നജീം അര്‍ഷാദ്, ഫ്രാങ്കോ തുടങ്ങിയവരോടൊപ്പമെല്ലാം നിരവധി തവണ പാടി തകര്‍ത്തിട്ടുണ്ട് ഭാവന. നെയ്യമൃത്, അലിങ്കീല്‍ ഭഗവതി, ദിവ്യാമൃതം, ശ്രീരാഗം, തിരുനെറ്റിക്കല്ല് തുടങ്ങിയ ഭക്തിഗാന ആല്‍ബങ്ങളിലൂടെ പുറത്ത് വന്ന ഭാവനയുടെ സ്വരമാധുരി ആസ്വാദകര്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചിരുന്നു. പാലക്കാട് കൃഷ്ണരാജിന് കീഴില്‍ മൃദംഗം അഭ്യസിക്കുന്ന സഹോദരന് ബിജിന് ബാബുവുമായി ചേര്‍ന്ന് ഭാവന നടത്തിയ സംഗീത കച്ചേരിയും ശ്രദ്ധ നേടി.
ഗുരുദേവെൻറ ദൈവദശകത്തില്‍ നിന്ന് ഭാവന തെരഞ്ഞെടുത്ത് ആലപിച്ച ഈരടികളും ഏറെ ശ്രദ്ധനേടി. നൃത്ത രംഗത്തും ഭാവനയുടെ പ്രകടനങ്ങള്‍ ഒട്ടും പിറകിലല്ല. ഭരത നാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയവയിലെല്ലാം അപാരമായ കഴിവാണ് ഈ എട്ടാം ക്ലാസ് വിദ്യാര്ഥിനിക്കുള്ളത്. അവാചികമായ ആശയ സംവാദനരീതിയായ നൃത്തത്തെ രാഗ താള പദാശ്രയമായ സംഗീതത്തില്‍ എങ്ങനെയെല്ലാം ഉപയോഗിക്കാമെന്ന തിരിച്ചറിവ് തന്നെയാണ് ഭാവനയുടെ പ്രതിഭയുടെ തിളക്കം കൂട്ടുന്നത്. പാട്ടും നൃത്തവുമായി യു.എ.ഇയിലും നാട്ടിലും അരങ്ങ് തകര്‍ക്കുന്ന ഈ മിടുക്കിയുടെ ജൈത്രയാത്ര വേദികളില്‍ നിന്ന് വേദികളിലേക്ക് നീളുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.