നഗരം കീഴടക്കി സൈക്കിളുകൾ; റോഡ് കൈയടക്കി റൈഡർമാർ
text_fieldsദുബൈ: വാഹനങ്ങൾ ചീറിപ്പായുന്ന ശൈഖ് സായിദ് റോഡ് സൈക്കിളുകൾക്കായി വഴിമാറിയപ്പോൾ നഗരം റൈഡർമാരുടെ മഹാസാഗരമായി. കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവർ വരെ സൈക്കിളുമായിറങ്ങിയ ദുബൈ റൈഡിൽ റോഡിലിറങ്ങിയത് 32,750 സൈക്ലിസ്റ്റുകൾ. കോവിഡ് എത്തിയ ശേഷം ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സൈക്കിൾ റൈഡിനാണ് വെള്ളിയാഴ്ച പുലർച്ച ദുബൈ നഗരം സാക്ഷ്യം വഹിച്ചത്. ദുബൈ ഫിറ്റ്നസ് ചലഞ്ചിെൻറ ഭാഗമായായിരുന്നു റൈഡ്.
പുലർച്ച നാല് മുതൽ നഗരത്തിലേക്ക് സൈക്ലിസ്റ്റുകൾ ഒഴുകിയിരുന്നു. റോഡുകൾ േബ്ലാക്ക് ചെയ്യാൻ മുൻപേ എത്തിപ്പെടാനുള്ള തത്രപ്പാടിലായിരുന്നു പലരും. റൈഡ് നടക്കുന്ന റോഡ് പൂർണമായും രണ്ടര മണിക്കൂറോളം അടച്ചിട്ടു. ഫ്യൂച്ചർ മ്യൂസിയം, ദുബൈ കനാൽ, ഡൗൺടൗൺ, എമിറേറ്റ്സ് ടവർ തുടങ്ങിയവയുടെ മുന്നിലൂടെയായിരുന്നു റൈഡ്. രണ്ട് കാറ്റഗറിയിലായി അഞ്ച് സ്ഥലങ്ങളിൽ നിന്നാണ് റൈഡ് തുടങ്ങിയത്. 14 കിലോമീറ്റർ റൈഡിന് പുറമെ നാല് കിലോമീറ്റർ ഫാമിലി റൈഡുമുണ്ടായിരുന്നു. ബുർജ് ഖലീഫയുടെ മുന്നിലൂടെയായിരുന്നു ഫാമിലി റൈഡ്.
ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്ന ദുബൈയിലെ ജനങ്ങളുടെ പ്രതിബദ്ധതയാണ് ദുബൈ റൈഡ് തെളിയിക്കുന്നതെന്ന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. 32,750 പേർ പങ്കെടുത്തു എന്നത് അഭിമാനനിമിഷമാണ്. ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനുമുള്ള ഏറ്റവും മികച്ച നഗരങ്ങളിലൊന്നാണ് ദുബൈ എന്ന് ലോകത്തെ കാണിക്കാൻ ദുബൈ റൈഡിൽ പങ്കെടുത്ത ഓരോ സൈക്ലിസ്റ്റുകളും സഹായിച്ചിട്ടുണ്ട്. ദുബൈ ഫിറ്റ്നസ് ചലഞ്ച് ഒരാഴ്ച പിന്നിടുകയാണ്. ദുബൈയെ കൂടുതൽ സന്തോഷകരവും ആരോഗ്യകരവുമായ നഗരമാക്കാൻ സഹായിക്കാൻ എല്ലാ പൗരന്മാരോടും താമസക്കാരോടും സന്ദർശകരോടും സർക്കാർ സ്ഥാപനങ്ങളോടും സംരംഭകരോടും ആഹ്വാനം ചെയ്യുന്നു. ദുബൈ റൈഡിനെ ശ്രദ്ധേയമാക്കിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ശൈഖ് ഹംദാൻ പറഞ്ഞു.
കഴിഞ്ഞ വർഷമാണ് ദുബൈ റൈഡ് തുടങ്ങിയത്. ശൈഖ് സായിദ് റോഡ് സൈക്കിളുകൾക്കായി ആദ്യമായി അടച്ചത് കഴിഞ്ഞ വർഷത്തെ ദുബൈ റൈഡിന് വേണ്ടിയായിരുന്നു. നവംബർ 26ന് ദുബൈ റണ്ണും നടക്കുന്നുണ്ട്. ദുബൈ ടൂറിസം, സ്പോർട്സ് കൗൺസിൽ, ഡി.പി വേൾഡ് എന്നിവ സഹകരിച്ചാണ് ദുബൈ റൈഡ് നടത്തിയത്. പൊലീസ്, ആർ.ടി.എ ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളുടെ സഹായവുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.