ആംസ്റ്റർഡാമിലെ സൈക്കിളുകൾ...
text_fieldsദുബൈയിൽ താമസിക്കുന്ന വടക്കാഞ്ചേരി കേച്ചേരി സ്വദേശി കമർ ബക്കറിന്റെയും ഭാര്യ നസീറയുടെയും മകൻ ഗസാലിയുടെയും യൂറോപ്യൻ യാത്രാവിവരണം ആംസ്റ്റർഡാം കടന്ന് സ്വിറ്റ്സർലൻഡിലേക്ക്...
യൂറോപ്പ്യൻ യാത്രയുടെ 13ാം ദിവസമാണ് ആംസ്റ്റർഡാമിൽ എത്തുന്നത്. യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ആംസ്റ്റര്‍ഡാമിനെ വ്യത്യസ്ഥമാക്കുന്നത് ഇവിടത്തെ സൈക്കിളുകളാണ്. 25 ലക്ഷം ജനങ്ങള്‍ക്കും സൈക്കിളുകളുണ്ടെന്നാണ് കണക്ക്. സൈക്കിളുകൾക്ക് പ്രത്യേകം റോഡും സിഗ്നലുകളില്‍ പോലുമുണ്ട്. അതിനര്‍ഥം സൈക്കിളുകള്‍ ഈ ജനതയുടെ ആത്മാവിന്റെ ഭാഗമാണെന്നാണ്.
സ്വന്തം റിസ്കിൽ സൈക്കിളുകൾ പാർക്ക് ചെയ്ത് ജോലിക്കോ പഠനത്തിനോ മറ്റ് ആവശ്യങ്ങൾക്കോ പോകാം. മിക്കവരും സൈക്കിളുകൾക്ക് ഇൻഷുറൻസ് എടുത്തിരിക്കും. ഇതിന് പ്രത്യേക പാർക്കിങ് ഫീയോ മറ്റോ ഇല്ല. മില്ല. പലനിലകളിലായിട്ട് സൈക്കിളുകൾ പാർക്ക് ചെയ്യാൻ നഗരത്തിന്റെ പലയിടങ്ങളിലും സൗകര്യമുണ്ട്. ഫീ കൊടുത്തും സൈക്കിളുകൾ സൂക്ഷിക്കുന്ന പാർക്കിങ്ങ് സ്ഥലങ്ങളും ധാരളം കാണാം. ദിവസവാടകക്കും മേൽത്തരം സൈക്കിളുകൾ നമുക്ക് മിതമായ നിരക്കിൽ എടുക്കാം. എടുക്കലും കൊടുക്കലും എല്ലാം ഓൺലൈൻ ആപ്പുകൾ വഴി.
പാർക്ക് ചെയ്ത സൈക്കിളുകൾ എടുക്കാൻ വരുന്നവരുടെയും സൈക്കിൾ പാർക്ക് ചെയ്യാൻ വരുന്നവരുടെയും തിരക്കായിരിക്കും ഈ
പ്രദേശങ്ങളിൽ. മെട്രോയിലും സൈക്കിളുകളുമായി യാത്ര ചെയ്യാൻ സൗകര്യമുണ്ട്. നമ്മുടെ നാട്ടിൽ സൈക്കിള്‍ ചവിട്ടിപ്പോകുന്ന ജോലിക്കാരെ എത്ര അവജ്ഞയോടെയാണ് വീക്ഷിക്കുക. എന്നാൽ, ഇവിടെ സൈക്കിള്‍ ഒരു സംസ്കാരമായാണ് കണക്കാക്കുന്നത്.
വെള്ളത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന വലിയ നഗരമാണ് ആംസ്റ്റർഡാം. നൂറിൽപരം കിലോമീറ്റർ ഈ നഗരത്തെ ബന്ധിപ്പിച്ചുകൊണ്ട് സഞ്ചാരയോഗ്യമായ വലിയ തോടുകൾ ഏറെ മനോഹരമായ കാഴ്ച്ചയാണ്. ചരക്ക് കടത്താൻ ഉപയോഗിക്കുന്ന ബോട്ടുകൾ, വ്യക്തിഗത യാത്രാബോട്ടുകൾ, വിനോദ സഞ്ചാരനൗകകൾ, വലുതും ചെറുതുമായ നൂറുകണക്കിന് മേൽപ്പാലങ്ങൾ, തോടുകളുടെ ഇരു കരകളിലുമായി സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള വീടുകൾ, ആരാധാനാലയങ്ങൾ, ബാറുകൾ, ഹോട്ടലുകൾ, ഷോപ്പിങ്ങ് സെൻററുകൾ, മ്യൂസിയങ്ങൾ തുടങ്ങി പല കെട്ടിട നിർമ്മിതികളും പുരാതന നഗരത്തിന്റെ മഹിമ ചോരാതെ സംരക്ഷിക്കുന്നു.
സ്വിസ് നിക്ഷേപമായി റൈൻഫാൾ
ജർമൻ അതിർത്തിയിലുള്ള സ്വിറ്റ്സർലന്റ് പട്ടണമായ സൂറിച്ചിൽ നിന്നും ഏകദേശം 75 കിലോമീറ്റർ അകലെയാണ് യൂറോപ്പിലെ വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ റൈൻഫാൾ (Rheinfall) വെള്ളച്ചാട്ടം. ലോകത്തിലെ ഏറ്റവും കുരുത്തുറ്റ വെള്ളച്ചാട്ടമാണിത്.
സ്വിറ്റ്സർലന്റിന്റെ മനോഹരങ്ങളായ ഗ്രാമക്കാഴ്ച്ചകൾ കണ്ട് കാറിലൂടെ സഞ്ചരിച്ചാണ് ആ വെള്ളച്ചാട്ടം കാണാൻ എത്തിയത്. കാർ പാർക്ക് ചെയ്ത് അഞ്ച് സ്വിസ്സ് ഫ്രാങ്ക് പ്രവേശന ഫീസ് അടച്ചാൽ വലിയ കോട്ടയിലേക്ക് പ്രവേശിക്കാം. വെള്ളച്ചാട്ടത്തിന് തൊട്ടടുത്തുവരെ സന്ദർശകർക്ക് എത്താൻ സാധിക്കും വിധം നിരവധി വീക്ഷണ പ്ലാറ്റ് ഫോമുകളുണ്ട് അവിടെ. വെള്ളച്ചാട്ടത്തിന്റെ വിവരണങ്ങളും ചരിത്രവും രേഖപ്പെടുത്തുന്ന ചിത്രങ്ങളും ശിൽപങ്ങളും കൊണ്ട് മനോഹരമാക്കിയ കോട്ടയിലേക്ക് പ്രവേശിച്ചാൽ, പടികളും നടപ്പാതകളും ഇറങ്ങി താഴോട്ട് എത്തും തോറും വെള്ളച്ചാട്ടത്തിന്റെ ഇരമ്പലിൽ പരിസരം മറന്ന് നാം അതിൽ അലിഞ്ഞു ചേർന്നിരിക്കും.
ചെങ്കുത്തായ കൽപ്പടവുകൾ ഇറങ്ങി താഴോട്ട് നടക്കും തോറും വെള്ളച്ചാട്ടത്തിന്റെ ഓരോ ഘട്ടത്തിന്റെയും കാഴ്ച്ചകൾ കാണാം. താഴോട്ട് ഇറങ്ങുവാനും മുകളിലോട്ട് കയറുവാനും ഉഗ്രശേഷിയുള്ള ലിഫ്റ്റുകളും തയാറാണ്.
ലോകസഞ്ചാര ഭൂപടത്തിൽ ആദ്യ പത്തിൽ ഇടം പിടിക്കുന്ന നായാഗ്ര വെള്ളച്ചാട്ടം 2012 ഒക്ടോബറിൽ അമേരിക്കയുടെ ഭാഗത്തു നിന്നും കാണാൻ കഴിഞ്ഞതും അവിടത്തെ പ്രകൃതി സൗന്ദര്യവും ഭംഗിയും ആസ്വദിച്ച് ബോട്ട് യാത്ര നടത്താനായതും ജീവിതത്തിലെ എക്കാലത്തെയും നല്ല ഓർമ്മയും കാഴ്ച്ചയുമാണ്. അതുപോലെ മനസ്സിലേക്ക് ആഴ്ന്ന് പോയ ദിവസമാണ് റൈൻ ഫാൾ വെള്ളച്ചാട്ടം കണ്ട ദിവസവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.