ഷാർജയിൽ വൻ മയക്കുമരുന്ന് വേട്ട
text_fieldsഷാർജ: മാർബ്ൾ സ്ലാബുകൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഹഷീഷ് ഓയിൽ ഉൾപ്പെടെ 226 കിലോ മയക്കുമരുന്നുകൾ ഷാർജ പൊലീസ് പിടികൂടി. വിദേശത്തുനിന്ന് കണ്ടെയ്നർ വഴി യു.എ.ഇയിലേക്ക് കടത്താനായിരുന്നു പദ്ധതി.
രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ഷാർജയിലെ ഡ്രഗ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ വിഭാഗം ‘ഓപറേഷൻ ഡിസ്ട്രക്ടിവ് സ്റ്റോൺ’ എന്ന പേരിട്ട ദൗത്യത്തിലൂടെ ക്രിമിനൽ സംഘത്തെ നിരീക്ഷിക്കുകയും തന്ത്രപൂർവം പിടികൂടുകയുമായിരുന്നു.
സംഭവത്തിൽ മൂന്നംഗ ക്രിമിനൽ സംഘം അറസ്റ്റിലായതായി ഷാർജ പൊലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ അമർ പറഞ്ഞു. പ്രതികളുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
വിദേശത്തു നിന്നാണ് മയക്കുമരുന്ന് എത്തിയതെന്നാണ് സൂചനയെന്ന് പൊലീസ് അറിയിച്ചു. ഹഷീഷ് ഓയിൽ കൂടാതെ മാനസിക സമ്മർദം കുറക്കാനുള്ള ഗുളികകൾ, മയക്കുമരുന്നുകൾ എന്നിവയാണ് പൊതികളിലാക്കി മാൾബ്ൾ പാളികൾക്കുള്ളിൽ സൂക്ഷിച്ചിരുന്നത്.
പ്രതികൾക്ക് ദേശീയ, അന്തർദേശീയ മയക്കുമരുന്ന് കടത്ത് ശൃംഖലകളുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പരമ്പരാഗതമല്ലാത്ത രീതികളാണ് മയക്കുമരുന്ന് കടത്ത് സംഘങ്ങൾ ഉപയോഗിക്കുന്നത്.
വിദേശത്തുനിന്നുള്ള മയക്കുമരുന്ന് സംഘങ്ങളുടെ കെണിയിൽ പെടരുതെന്ന് പൗരന്മാരോടും പ്രവാസികളോടും ഷാർജ പൊലീസ് മുന്നറിയിപ്പു നൽകി. ഇത്തരം സംശയകരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 8004654 എന്ന നമ്പറിലോ dea@shjpolice.gov.ae. എന്ന മെയിൽ വിലാസത്തിലോ അറിയിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.