സ്കൂളുകളിൽ വിദ്യാർഥി പ്രവേശനത്തിൽ വൻ കുതിപ്പ്
text_fieldsദുബൈ: പുതിയ വിദ്യാഭ്യാസ വർഷത്തിൽ യു.എ.ഇയിലെ സ്കൂളുകളിൽ വിദ്യാർഥി പ്രവേശനത്തിൽ വൻ കുതിപ്പ്. 16 ശതമാനത്തിൽ കൂടുതൽ കുട്ടികൾ ഈ വർഷം എല്ലാ വിഭാഗത്തിലും ഉൾപ്പെട്ട സ്കൂളുകളിൽ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പ്രാഥമിക ക്ലാസുകളിലാണ് ഏറ്റവും കൂടുതൽ അപേക്ഷകർ എത്തിച്ചേരുന്നത്. കോവിഡിന്റെ സന്ദർഭത്തിൽ സ്വന്തം നാടുകളിലേക്ക് മടങ്ങിയ കുടുംബങ്ങൾ തിരിച്ചെത്തിയതും ഗോൾഡൻ വിസ അടക്കമുള്ള സൗകര്യങ്ങൾ കൂടുതൽ പേരെ രാജ്യത്തേക്ക് ആകർഷിച്ചതുമാണ് വിദ്യാർഥി പ്രവേശനത്തിൽ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദുബൈ, ഷാർജ എന്നിവിടങ്ങളിലെ ഇന്ത്യൻ സ്കൂളുകളിലും വലിയ രീതിയിൽ കുട്ടികളുടെ പ്രവേശനം ഇത്തവണയുണ്ടായിട്ടുണ്ട്. അൽ ഗുബൈബയിലെ ഷാർജ ഇന്ത്യൻ സ്കൂളിൽ കെ.ജി-1 അഡ്മിഷന് മാത്രം 2000 അപേക്ഷകൾ ലഭിച്ചതായി പ്രിൻസിപ്പൽ പ്രമോദ് മഹാജൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. മലയാളികൾ ഏറെ ആശ്രയിക്കുന്ന സ്കൂളുകളിലൊന്നാണിത്. ഇവിടെ കുട്ടികൾക്ക് നറുക്കെടുപ്പിലൂടെയാണ് പ്രവേശനം നൽകിയത്. ഗ്രേഡ്-11ലും നിരവധി വിദ്യാർഥികളുടെ അപേക്ഷ ലഭിച്ചിരുന്നു. കുട്ടികൾക്ക് എൻട്രൻസ് പരീക്ഷ നടത്തിയാണ് ഗ്രേഡ്-11ലേക്ക് അഡ്മിഷൻ നൽകുന്നത്.
നിലവിലുള്ള വിദ്യാർഥികൾക്കും അവരുടെ അർധവാർഷിക പരീക്ഷകളുടെയും പ്രീ-ബോർഡ് ഫലങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുന്നത്.
60 ശതമാനത്തിന് മുകളിൽ സ്കോർ ചെയ്യുന്നവരെയാണ് പ്രവേശനത്തിന് പരിഗണിക്കുന്നതെന്നും പ്രിൻസിപ്പൽ പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികളുടെ അപേക്ഷകളിൽ 25 ശതമാനം വർധനവുണ്ടായതായി ദുബൈയിലെ പ്രധാന സി.ബി.എസ്.ഇ സ്കൂളുകളിലൊന്നായ ‘ദ ഇന്ത്യൻ അക്കാദമി’ അധികൃതരും പറയുന്നു.
സ്കൂളിന്റെ റേറ്റിങ്ങും യു.എ.ഇയിലേക്കുള്ള കുടുംബങ്ങളുടെ ഒഴുക്കും ഇതിന് കാരണമാകുന്നുവെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
ഈ വർഷം ദുബൈയിൽനിന്നും സമീപ എമിറേറ്റുകളിൽനിന്നുമായി 510 വിദ്യാർഥികൾ അഡ്മിഷനെടുത്തതായും സ്കൂൾ വൃത്തങ്ങൾ അഭിപ്രായപ്പെടുന്നു.
സ്കൂൾ ഫീസ് വർധിപ്പിക്കാത്തതും കൂടുതൽ അപേക്ഷ ലഭിക്കുന്നതിന് വിവിധ സ്കൂളുകളിൽ കാരണമായിട്ടുണ്ട്. ദുബൈയിലെ സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കുന്ന കെ.എച്ച്.ഡി.എയുടെ അനുമതിയുണ്ടായിട്ടും പല ഇന്ത്യൻ സ്കൂളുകളും ഫീസ് വർധിപ്പിച്ചിട്ടില്ല. ഇത് ‘ദ ഇന്ത്യൻ അക്കാദമി’, ‘ദ ഇന്ത്യൻ ഹൈ ഗ്രൂപ് ഓഫ് സ്കൂൾസ്’ എന്നിവ ഇത്തരത്തിൽ ഫീസ് വർധിപ്പിച്ചിട്ടില്ല. ഇവിടങ്ങളിലെല്ലാം അപേക്ഷകർ വർധിച്ചതായാണ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.