പൊലീസ് സേനയെ ശക്തിപ്പെടുത്താൻ വൻ പദ്ധതി
text_fieldsദുബൈ: എമിറേറ്റിലെ പൊലീസ് സേനയെ ശക്തിപ്പെടുത്താൻ 200 കോടി ദിർഹമിന്റെ പദ്ധതികൾക്ക് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകി. ബുധനാഴ്ച അൽ ജദ്ദാഫിലെ ദുബൈ പൊലീസ് ഓഫിസേഴ്സ് ക്ലബ് സന്ദർശനത്തിനിടെയാണ് പ്രഖ്യാപനം.
എമിറേറ്റിന്റെ സുരക്ഷ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ദുബൈ പൊലീസ് പ്രഖ്യാപിച്ച വിവിധ വികസന പദ്ധതികൾ അദ്ദേഹം വിലയിരുത്തുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി അൽ റുവയ്യാഹിൽ പൊലീസ് അക്കാദമി സ്ഥാപിക്കും. 2500 വിദ്യാർഥികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള അക്കാദമിയിൽ പുതുതലമുറ പൊലീസ് ഉദ്യോഗസ്ഥർക്ക് ലോക നിലവാരത്തിലുള്ള പരിശീലനം നൽകും.
കൂടാതെ ഹത്തയിൽ ക്രിമിനൽ അന്വേഷണത്തിനായി പ്രത്യേക പരിശീലനം നൽകുന്ന ഡേറ്റ അനാലിസിസ് സെന്ററും സ്ഥാപിക്കും. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഓർഗനൈസേഷൻസ് പ്രൊട്ടക്ടിവ് സെക്യൂരിറ്റി ആൻഡ് എമർജൻസി ഡിപ്പാർട്മെന്റിനായി സമർപ്പിച്ചിരിക്കുന്ന ഒരു പുതിയ കെട്ടിടവും അത്യാധുനിക ഫോറൻസിക് സയൻസ് കെട്ടിടവും ഇതിൽ ഉൾപ്പെടും.
ദുബൈ നഗരത്തെ സംരക്ഷിക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർ വഹിക്കുന്ന പങ്ക് വലുതാണെന്നും ശൈഖ് മുഹമ്മദ് തുടർന്ന് പറഞ്ഞു. പൊലീസ് സേനയുടെ അർപ്പണ ബോധത്തെയും പ്രതിബദ്ധതയെയും അദ്ദേഹം പ്രശംസിച്ചു.
നമ്മുടെ നഗരം വികസിക്കുമ്പോൾ പൊലീസിന്റെ ചുമതലകളും വർധിക്കുകയാണ്. അതോടൊപ്പം ദുബൈ നഗരത്തോടുള്ള ലോകത്തിന്റെ മതിപ്പ് വർധിക്കുകയും ചെയ്യും.
സുരക്ഷയും സ്ഥിരതയുമാണ് ഏറ്റവും വിലയേറിയ സ്വത്തുക്കൾ. നമ്മുടെ രാജ്യാഭിവൃദ്ധിയുടെ അടിത്തറ അതാണെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.