എമിറേറ്റ്സ് ക്രിക്കറ്റ് ലീഗിലേക്ക് വമ്പൻ ടീമുകളെത്തും
text_fieldsദുബൈ: യു.എ.ഇയുടെ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി) ആദ്യമായി സംഘടിപ്പിക്കുന്ന ട്വൻറി 20 ക്രിക്കറ്റ് പ്രീമിയർ ലീഗിൽ പങ്കെടുക്കാൻ മുൻനിര ടീമുകളെത്തും. ട്വൻറി20 ലോകകപ്പും ഇന്ത്യൻ പ്രീമിയർ ലീഗും അടക്കമുള്ള മത്സരങ്ങൾ വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിൽ കൂടിയാണ് ലീഗിൽ മുൻനിര ടീമുകൾ അണിനിരക്കുന്നത്. ഐ.പി.എല്ലിലെ മുംബൈ ഇന്ത്യൻസ്, ഷാരൂഖ് ഖാൻ ഉടമയായ കൊൽകത്ത നൈറ്റ് റെഡേഴ്സ് എന്നിവർ എമിറേറ്റ്സ് ലീഗിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
മാഞ്ചസ്റ്റർ യുനൈറ്റഡ് ഫുട്ബാൾ ക്ലബിെൻറ ഉടമകളും പുതിയ ലീഗിൽ നിക്ഷേപത്തിന് സന്നദ്ധമായി രംഗത്തെത്തിയിട്ടുണ്ട്. ഡൽഹി കാപിറ്റൽസ് ടീമിെൻറ സഹഉടമയായ കിരൺ കുമാർ ഗാന്ധിയും ആസ്ട്രേലിയൻ ബിഗ്ബാഷ് ലീഗിലെ സിഡ്നി സിക്സേഴ്സും യു.എ.ഇ ലീഗിൽ താൽപര്യമറിയിച്ചതായാണ് റിപ്പോർട്ട്. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ആദ്യമായി സംഘടിപ്പിക്കുന്ന ട്വൻറി 20 ക്രിക്കറ്റ് പ്രീമിയർ ലീഗ് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടക്കും.
നേരത്തെ ദുബൈയിൽ നടന്ന ചടങ്ങിൽ ടൂർണമെൻറിെൻറ ലോഗോ പ്രകാശനം ചെയ്തിരുന്നു. മറ്റ് പ്രീമിയർ ലീഗുകളുടെ മാതൃകയിൽ ലോകോത്തര ക്രിക്കറ്റ് താരങ്ങളെ പങ്കെടുപ്പിച്ചായിരിക്കും ടൂർണമെൻറ് നടത്തുകയെന്ന് അധികൃതർ അന്ന് വ്യക്തമാക്കിയിരുന്നു. ആറ് ടീമുകളായിരിക്കും ലീഗിൽ പങ്കെടുക്കുന്നത്. ടൂർണമെൻറിന് യു.എ.ഇ സഹിഷ്ണുത വകുപ്പ് മന്ത്രിയും ഇ.സി.ബി ചെയർമാനുമായ ശൈഖ് നഹ്യാൻ ബിൻ മുബാറഖ് ആൽ നെഹ്യാനാണ് അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.