ഹത്തയിൽ വൻ ടൂറിസം പദ്ധതി
text_fields504 കി.മീറ്റർ നീളത്തിൽ ചെയർലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങളൊരുക്കും
ദുബൈ: ഹത്തയിൽ ആറ് വമ്പിച്ച ടൂറിസം വികസന പദ്ധതികൾക്ക് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകി. ഹത്ത വികസന പദ്ധതിയുടെ ഭാഗമായാണ് ടൂറിസം മുന്നേറ്റത്തിന് പുതിയ പദ്ധതികൾ ആവിഷ്കരിച്ചത്. 504 കി.മീറ്റർ നീളത്തിൽ ചെയർലിഫ്റ്റ്, എമിറേറ്റിലെ ഏറ്റവും ഉയർന്ന കൊടുമുടിയിലേക്കുള്ള കാൽനടയാത്ര (ജബൽ ഉമ്മുൽ നിസൂർ, 1,300 മീറ്റർ ഉയരം), ഹത്ത സുസ്ഥിര വെള്ളച്ചാട്ടം, ലോകോത്തര നിലവാരമുള്ള ഹോട്ടൽ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പ്രധാനമായും നിർമിക്കുന്നത്. ജില്ലയിലെ ആഭ്യന്തര ടൂറിസത്തെ സഹായിക്കുന്നതിനായി ഹത്ത നിവാസികൾക്ക് 200 അവധിക്കാല ഭവനങ്ങൾ നിർമിക്കാനും അനുമതി നൽകും.
ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ പുതിയ പദ്ധതികൾ ഹത്തയിലെ യുവാക്കൾക്ക് 500 തൊഴിലവസരങ്ങൾ നൽകുമെന്ന് പദ്ധതി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. 2016ലാണ് ഹത്തയിൽ വികസന പദ്ധതി ആരംഭിക്കുന്നത്.
2020ൽ ടൂറിസ്റ്റുകൾ 60,000ൽനിന്ന് പത്ത് ലക്ഷമായി വർധിച്ചു. പുതിയ അവധിക്കാല ഭവനങ്ങൾ മേഖലയിലെ ജനങ്ങൾക്ക് 100 ദശലക്ഷം ദിർഹത്തിെൻറ വാർഷിക വരുമാനമുണ്ടാക്കും. നമ്മുടെ എല്ലാ പദ്ധതികളും പൗരന്മാരുടെ മാന്യമായ ജീവിതം ലക്ഷ്യമാക്കിയുള്ളതാണ് -അദ്ദേഹം ട്വീറ്റിൽ തുടർന്നു.
മേഖലയിലെ ചെറിയ നഗരങ്ങൾക്ക് ഹത്ത മാതൃകയാണെന്നും വ്യത്യസ്ത ജീവിത ശൈലി കാരണമായി ചുരുങ്ങിയ സമയത്തിനുള്ളിൽ എമിറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഇവിടം മാറിയെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
ദുബൈ നഗരത്തിന് പുറത്ത് ഏറ്റവും സന്ദർശകരെ ആകർഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ഹത്ത. കഴിഞ്ഞ ആഴ്ചകളിലെ അവധിദിനങ്ങളിൽ നിരവധിപേർ ഇവിടെ സന്ദർശിക്കാനെത്തി. ഹത്ത ഹെറിറ്റേജ് വില്ലേജ്, ഡാം എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.