ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം
text_fieldsദുബൈ: ചരിത്രത്തിലെ ഏറ്റവും വലിയ വാർഷിക ബജറ്റിന് യു.എ.ഇ മന്ത്രിസഭ യോഗത്തിന്റെ അംഗീകാരം. 2025 സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹം വരുമാനവും 7150 കോടി ദിർഹം ചെലവും പ്രതീക്ഷിക്കുന്ന സന്തുലിതമായ ജനറൽ ബജറ്റിനാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകിയത്.
രാജ്യത്തിന്റെ ദേശീയ സമ്പദ്വ്യവസ്ഥയുടെ കരുത്തും വിഭവങ്ങളുടെ സുസ്ഥിരതയും പ്രതിഫലിക്കുന്നതാണ് ബജറ്റെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. 2024ലെ ഫെഡറൽ ബജറ്റ് 6,406 കോടി ദിർഹമായിരുന്നു. മുൻ വർഷത്തെ ബജറ്റിനേക്കാൾ 1.6 ശതമാനം കൂടുതലായിരുന്നു ഇത്. എന്നാൽ, ഈ വർഷം പ്രഖ്യാപിച്ച ബജറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റായാണ് കരുതുന്നത്.
2025 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ സാമൂഹിക വികസനത്തിനും പെൻഷനുമാണ് ഏറ്റവും കൂടുതൽ തുക വകയിരുത്തിയിരിക്കുന്നത്. 39 ശതമാനം. സർക്കാർ കാര്യങ്ങൾക്ക് 35.7 ശതമാനവും മാറ്റിവെച്ചിട്ടുണ്ട്. സാമൂഹിക വികസനത്തിനായി വിലയിരുത്തിയിരിക്കുന്നത് 27.859 ശതകോടി ദിർഹമാണ്.
ഉന്നത, പൊതു വിദ്യാഭ്യാസത്തിന് (10.914 ശതകോടി), ആരോഗ്യ സുരക്ഷ, സമൂഹിക പ്രതിരോധ സേവനങ്ങൾ (5.745 ശതകോടി), സാമൂഹിക കാര്യത്തിന് (3.744 ശതകോടി), പെൻഷൻ (5.709 ശതകോടി), പൊതു സേവനങ്ങൾ (1.746 ശതകോടി) എന്നിങ്ങനെയാണ് നീക്കിയിരിപ്പ്.
സാമ്പത്തിക നിക്ഷേപകർക്ക് 2.864 ശതകോടിയും അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക മേഖല എന്നിവക്കായി 2.581 ശതകോടിയും നീക്കിവെച്ചിട്ടുണ്ട്. മറ്റ് ഫെഡറൽ ചെലവുകൾക്കായി നീക്കിവെച്ചത് 12.624 ശതകോടിയാണ്. വരവും ചെലവും തുല്യമാകുന്ന ബജറ്റാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്.
യു.എ.ഇയുടെ വളർച്ചയുടെ കുതിപ്പ് ബജറ്റിൽ പ്രകടമാണ്. എല്ലാ മേഖലയിലും സുസ്ഥിരമായ വികസനം ലക്ഷ്യമിട്ടുള്ള ബജറ്റാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.