ബിജു ജോസഫ് അജ്മാനിൽ നിര്യാതനായി
text_fieldsബിജു ജോസഫ്
അജ്മാൻ: എഴുത്തുകാരനും യു.എ.ഇയിലെ കലാ സാംസ്കാരിക ആത്മീയ രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന തൊടുപുഴ മലങ്കര എസ്‌റ്റേറ്റിലെ അശുപത്രി കവലയിലുള്ള മാമൂട്ടിൽ പാടിയിൽ ബിജു ജോസഫ് കുന്നുംപുറം (52) നിര്യാതനായി.
ഈ മാസം ആറിന് മസ്തിഷ്ഘാതത്തെ തുടർന്ന് അജ്മാനിലെ ശൈഖ് ഖലീഫ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലായിരുന്നു. പത്ത് ദിവസങ്ങളിലായി വെന്റിലേറ്ററിൽ തുടർന്ന ബിജു ജോസഫിന്റെ മസ്തിഷ്ക മരണം കഴിഞ്ഞദിവസം ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. മരണശേഷം അവയവങ്ങൾ ദാനം ചെയ്യണമെന്ന ബിജുവിന്റെ ആഗ്രഹപ്രകാരം അതിനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.
ഭാര്യയും മകനും മകളുമടങ്ങുന്ന കുടുംബം വർഷങ്ങളായി അജ്മാനിലായിരുന്നു താമസം. ഷാർജ സെന്റ് മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിലെ വിവിധ ആത്മീയ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. എം.ബി.എ ബിരുദധാരിയും, ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുള്ള ബിജു ജീസസ് യൂത്ത് (മുൻ യു.എ.ഇ നാഷനൽ ഫാമിലി കോർ ടീം), പാലാ പ്രവാസി അപ്പസ്തൊലേറ്റ്, പാലാ സെന്റ് തോമസ്- അൽഫോൻസാ കോളജ് അലുംമ്നി (സ്റ്റാക്ക്), എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു.
കൂടാതെ പ്രവാസ ലോകത്തിലെ കലാ സാഹിത്യ രംഗങ്ങളിലെ നേതൃത്വനിരയിൽ സജീവമായി പ്രവർത്തിക്കുകയും നോവലുകളടക്കം നാല് പുസ്തകങ്ങൾ രചിക്കുകയും ചെയ്തു. ഷാർജ പുസ്തകമേളയിലെ നിറസാന്നിദ്ധ്യമായിരുന്ന അദ്ദേഹം വാദ്യമേളത്തിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. അക്കൗണ്ട്സ് മാനേജരായി ഷാർജ ഹംരിയ്യ ഫ്രീ സോണിലുള്ള പ്രമുഖ സ്വകാര്യസ്ഥാപനത്തിലായിരുന്നു ജോലി.
പരേതനായ കുന്നുംപുറം പാപ്പനാണ് പിതാവ്. മാതാവ്: അന്നക്കുട്ടി. ഭാര്യ: ബിജി ജോസഫ്. മക്കൾ: കാനഡയിൽ പഠിക്കുന്ന ആഷിഖ് ബിജു, അനേന ബിജു. സഹോദരങ്ങൾ: ജേക്കബ്, ജോയി. അബുദാബി ക്ലെവ് ലാൻഡ് ആശുപത്രിയിലുള്ള മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.