കേസുകൾക്ക് തുമ്പുണ്ടാക്കാൻ ബയോമെട്രിക്സ്
text_fieldsദുബൈ: ഫോറൻസിക്, ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് ശാസ്ത്രീയമായ തെളിവുകൾ പരിശോധിച്ച് കേസുകൾ തെളിയിക്കുന്നതിൽ വൈദഗ്ധ്യം നേടി ദുബൈ പൊലീസ്. കഴിഞ്ഞ വർഷം മാത്രം 3,200 കേസുകൾ പരിഹരിക്കാൻ ഇതിലൂടെ സാധിച്ചതായി അധികൃതർ വെളിപ്പെടുത്തി. കോവിഡ് മഹാമാരി സമയത്ത് മുഖംമൂടി ധരിച്ച കുറ്റവാളികളെ തിരിച്ചറിയാൻ വളരെ വലിയ പ്രയാസം നേരിട്ടിരുന്നു. എന്നാൽ ഈ വെല്ലുവിളികളെ മറികടക്കാൻ ദുബൈ പൊലീസിലെ വിദഗ്ധർ വിജയകരമായി ഫോറൻസിക് ബയോമെട്രിക്സ് ഉപയോഗിച്ചുവെന്ന് ക്യാപ്റ്റൻ മുഹമ്മദ് ഷാഫി വെളിപ്പെടുത്തി. ദൃശ്യ തെളിവുകൾ വിശകലനം ചെയ്ത് കുറ്റവാളികളെ കണ്ടെത്തുന്നതിൽ വിദഗ്ധനാണിദ്ദേഹം.
ഫോറൻസിക് ബയോമെട്രിക്സ് വിവരങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സംവിധാനങ്ങളുമായി സംയോജിപ്പിച്ചപ്പോൾ മികവുറ്റ ഫലപ്രാപ്തിയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 26പേരുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം തട്ടിയ പ്രതിയെ ഈ രീതിയിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ എത്തുമ്പോൾ ഇയാൾ മാസ്ക് ധരിക്കുകയും മുഖം പൂർണമായും അവ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇയാളുടെ കൈകളിൽ കണ്ടെത്തിയ ടാറ്റൂ ചിത്രം പരിശോധിച്ച് നടത്തിയ വിശകലനത്തിൽ റെക്കോഡ് സമയത്തിനകം പ്രതിയെ പിടികൂടുകയായിരുന്നു.
കേസന്വേഷണ ആവശ്യത്തിന് പലോമെട്രിക് ടണൽ ഒരുക്കാനും പൊലീസിന് പദ്ധതിയുണ്ട്. 25 കാമറകളുള്ള 20 മീറ്റർ നീളമുള്ള തുരങ്കം ഉപയോഗിച്ച് സംശയിക്കുന്നവരുടെ ശരീരചലനം വിലയിരുത്താനാണ് ഇത് നിർമിക്കുന്നത്. വലിയ തോതിലുള്ള ബയോമെട്രിക് ഐഡന്റിഫിക്കേഷൻ സാധ്യമാക്കുന്ന അത്യധികം നൂതനമായ സംവിധാനം ഈ വർഷം അവതരിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.