ബയോമെട്രിക് വഴികാണിച്ചു; ദുബൈ പൊലീസ് തെളിയിച്ചത് 2290 കേസുകൾ
text_fieldsദുബൈ: സങ്കീർണമായ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിന് ബയോമെട്രിക് തെളിവുകൾ വലിയ രീതിയിൽ സഹായകമാകുന്നതായി ദുബൈ പൊലീസ് വൃത്തങ്ങൾ. 2017ന് ശേഷം മാത്രം എമിറേറ്റിൽ റിപ്പോർട്ട് ചെയ്ത 2290 കേസുകളിൽ ബയോമെട്രിക് ഫോറൻസിക് തെളിവുകൾ ഉപയോഗിച്ച് തെളിയിച്ചിട്ടുണ്ട്. ഫോറൻസിക് ബയോമെട്രിക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വിശകലനം ചെയ്ത ശേഷം ബുർഖയിട്ട് മുഖംമറച്ച് നടത്തിയ മോഷണത്തിനും തെളിവ് കണ്ടെത്തിയെന്ന് അധികൃതർ പറഞ്ഞു. നടത്തവും ശരീരത്തിന്റെ അളവുകളും വിശകലനം ചെയ്ത ശേഷം നിരവധി പ്രതികളെ ശിക്ഷിക്കാൻ സഹായിച്ചിട്ടുണ്ട്.
ശരീരം മുഴുവൻ മറയ്ക്കുന്ന അബായയും മുഖം മറയ്ക്കുന്ന ബുർഖയും ഉപയോഗിച്ച് പൂർണമായും തിരിച്ചറിയാത്ത രീതിയിൽ അപ്പാർട്മെന്റിൽ കയറി 1.2 കോടി ദിർഹം മോഷ്ടിച്ചയാളെയും പിടികൂടാൻ സാങ്കേതികവിദ്യ സഹായിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ വിശകലനം ചെയ്ത ശേഷം, പ്രതിയുടെ ശാരീരിക അളവുകളും നടത്തരീതിയും മനസ്സിലാക്കിയാണ് കുറ്റവാളിയെ പിടികൂടിയത്.
ഭാവിയിലെ വെല്ലുവിളികൾ മുൻകൂട്ടി കാണാനും പുതുതായി ഉയർന്നുവരുന്ന ക്രിമിനൽ രീതികളെ ചെറുക്കാനും സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ ദുബൈ പൊലീസ് ശ്രമിക്കുന്നുണ്ട്. ബയോമെട്രിക് ഫിംഗർ പ്രിൻറുകളും മറ്റു തെളിവുകളും കൂടാതെ പ്രതിയെ തിരിച്ചറിയാൻ വിഷ്വൽ ഫോറൻസിക് തെളിവുകൾ ഉപയോഗിക്കുന്നത് ഇതിന്റെ ഭാഗമാണെന്ന് മേജർ ജനറൽ അഹമ്മദ് താനി ബിൻ ഗലൈത പറഞ്ഞു. കോവിഡ് കാലത്ത് മാസ്ക് ധരിക്കുന്നതിനാൽ പ്രതികളെ തിരിച്ചറിയുന്നതിനുണ്ടായ പ്രയാസം മറികടക്കാനും ഈ സംവിധാനത്തിലൂടെ സാധിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ രീതിയിലുള്ള ഫോറൻസിക് ബയോമെട്രിക്സ് സാങ്കേതികവിദ്യകൾ നവീകരിച്ചതിലൂടെ 2020ൽ ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് പൊലീസ് ചീഫ്സ് ഐ.എ.സി.പി അവാർഡ് ദുബൈ പൊലീസ് നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.