ജനന, മരണ സർട്ടിഫിക്കറ്റുകൾ ഇനി അതിവേഗം
text_fieldsദുബൈ: പൗരന്മാർക്കും താമസക്കാർക്കും ജനന, മരണ സർട്ടിഫിക്കറ്റുകൾ അതിവേഗം ലഭിക്കുന്ന സംവിധാനമൊരുക്കി യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. കുറഞ്ഞ ക്ലിക്കുകളിൽ സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്ന സംവിധാനം ആരോഗ്യ മന്ത്രാലയം വെബ്സൈറ്റ് വഴിയാണ് നടപ്പാക്കിയിട്ടുള്ളത്.
ഉപഭോക്താക്കൾക്ക് നടപടിക്രമങ്ങൾ എളുപ്പമാക്കി കാര്യക്ഷമമായ സേവനങ്ങൾ നൽകാനും രാജ്യത്തുടനീളമുള്ള ജനന-മരണങ്ങളുടെ കൃത്യമായ രേഖകൾ സൂക്ഷിക്കാനും ലക്ഷ്യമിട്ടാണ് പരിഷ്കരണം നടപ്പാക്കിയത്. നഷ്ടപ്പെട്ട ജനന-മരണ സർട്ടിഫിക്കറ്റുകൾ വീണ്ടും ലഭിക്കാനും പുതിയ ഓൺലൈൻ സംവിധാനം വഴി വ്യക്തികൾക്ക് അപേക്ഷിക്കാം.
നവജാത ഇമാറാത്തി കുട്ടികൾക്കായി മന്ത്രാലയം ‘മബ്റൂക്ക് മാ യാക്ക്’ എന്ന പ്രത്യേക പാക്കേജും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ജനന സർട്ടിഫിക്കറ്റിനു പുറമെ ഐഡി കാർഡും പാസ്പോർട്ടും ലഭിക്കും.
ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, ആൻഡ് പോർട്ട് സെക്യൂരിറ്റി ഫെഡറൽ അതോറിറ്റിക്ക് ജനന സർട്ടിഫിക്കറ്റ് വിവരങ്ങൾ കൈമാറിയാണ് പാസ്പോർട്ടും മറ്റും ലഭ്യമാക്കുക.
കുടുംബബുക്കിലും പോപ്പുലേഷൻ രജിസ്ട്രിയിലും ചേർക്കുന്നതും ജനന രജിസ്ട്രേഷന്റെ സന്ദർഭത്തിൽ തന്നെ സാധ്യമാകും. ഇതിലൂടെ ഇമാറാത്തികളുടെ എല്ലാ ഇടപാടുകളും ഒരു ഓൺലൈൻ അപേക്ഷ വഴി പൂർത്തിയാക്കാൻ സാധിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.
ജനന, മരണ വിവരങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള ഇ-സേവനം എല്ലാവർക്കും ലഭ്യമാണെന്നും അവ അവലോകനം ചെയ്യാനും നവീകരിക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരുകയാണെന്നും പബ്ലിക് ഹെൽത്ത് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അബ്ദുറഹ്മാൻ അൽ റന്ദ് പറഞ്ഞു.
രജിസ്ട്രേഷൻ സംവിധാനങ്ങൾ പൂർണമായും ഓട്ടോമാറ്റിക് ആക്കുന്തിന് പുതിയ ഇലക്ട്രോണിക് സംവിധാനം നിർണായക പങ്ക് വഹിക്കുമെന്ന് പൊതുജനാരോഗ്യ വിഭാഗം ഡയറക്ടർ ഡോ. നദ അൽ മസ്റൂഖി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.