ബിറ്റ്കോയിൻ തട്ടിപ്പ്; പ്രതികൾക്ക് 3.2 ലക്ഷം ദിർഹം വീതം പിഴ ശിക്ഷ
text_fieldsദുബൈ: ബിറ്റ്കോയിൻ തട്ടിപ്പിലൂടെ പലരിൽ നിന്നായി 10 ദശലക്ഷം ദിർഹം കവർന്ന കേസിൽ പ്രതികൾക്ക് 3.21 ലക്ഷം ദിർഹം വീതം പിഴ ശിക്ഷ വിധിച്ച് ദുബൈ ക്രിമിനൽ കോടതി. ബംഗ്ലാദേശ്, പാകിസ്താൻ സ്വദേശികൾ ഉൾപ്പെട്ട സംഘത്തിനെയാണ് ശിക്ഷിച്ചത്. 24നും 46നും ഇടയിലുള്ളവരാണ് പ്രതികൾ. ഇതിൽ ഒരാളെ കോടതി വെറുതെവിട്ടു. ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്ന് ലൈസൻസ് നേടാതെ വെർച്വൽ ആസ്തി ഇടപാട് നടത്തിയ കുറ്റത്തിന് പ്രതികളിൽ നിന്ന് 20,000 ദിർഹം വീതം അധിക പിഴ ഈടാക്കാനും കോടതി നിർദേശിച്ചു. കഴിഞ്ഞ ഡിസംബറിൽ അൽ മുറാഖബത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ദുബൈ ക്രിമിനൽ കോടതി വെള്ളിയാഴ്ച വിധി പ്രസ്താവിച്ചത്. 180ലധികം പരാതികൾ ലഭിച്ചതായി മുറാഖബത്ത് പൊലീസ് സ്ഥിരീകരിച്ചു.
ക്രിപ്റ്റോ വാലറ്റിൽ നിക്ഷേപിച്ചാൽ ഇരട്ടി പണം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് അഞ്ചു പേരിൽ നിന്ന് 3,21,000 ദിർഹം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസാണ് കോടതി പരിശോധിച്ചത്. ടിക് ടോക് വിഡിയോയിലൂടെ ഇരകളെ വലയിൽ വീഴ്ത്തിയായിരുന്നു തട്ടിപ്പ്. പ്രതികളിൽ രണ്ടു പേരെ ബിറ്റ്കോയിൻ നിക്ഷേപിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ടിക് ടോക് വിഡിയോ ചെയ്തതിന്റെ പേരിലാണ് കോടതി ശിക്ഷിച്ചത്. മൂന്ന് ബിറ്റ്കോയിൻ നിക്ഷേപ കമ്പനികളുടെ പേരിലായിരുന്നു ഇവരുടെ സോഷ്യൽ മീഡിയ പ്രചാരണം. ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചാൽ പ്രതിദിന, പ്രതിമാസ ലാഭവും വാഗ്ദാനം ചെയ്തിരുന്നു.
ചിലർക്ക് ലാഭം നൽകിയാണ് കൂടുതൽ പേരെ നിക്ഷേപത്തിലേക്ക് ഇവർ ആകർഷിച്ചിരുന്നത്. ബംഗ്ലാദേശിലുള്ള ഇരകളെ വിളിച്ച ദേരയിലെ ഓഫിലെത്തിയാൽ ലാഭവിഹിതം തരാമെന്ന് അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് ദേരയിൽ എത്തിയെങ്കിലും ഓഫിസ് അടഞ്ഞുകിടക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ യു.എ.ഇ-ഒമാൻ അതിർത്തിയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രിപ്റ്റോ കറൻസി ഇടപാട് നടത്താനുള്ള ലൈസൻസ് കമ്പനിക്കില്ലെന്ന് വ്യക്തമായി. അതേസമയം, സംഭവത്തിൽ ബംഗ്ലാദേശിൽ 3,000ത്തോളം പേർ തട്ടിപ്പിൽ അകപ്പെട്ടിരിക്കാമെന്നാണ് പൊലീസ് വിലയിരുത്തൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.