കള്ളപ്പണം തടയുന്നതിൽ വീഴ്ച: ബാങ്കിന് 11.1 ദശലക്ഷം ദിർഹം പിഴ
text_fieldsദുബൈ: കള്ളപ്പണം തടയുന്നതിനുള്ള സംവിധാനം (എ.എം.എൽ) ഒരുക്കുന്നതിൽ വീഴ്ചവരുത്തിയ ബാങ്കിന് വൻപിഴ ചുമത്തി ദുബൈ ഫിനാൻസ് സർവിസസ് അതോറിറ്റി (ഡി.എഫ്.എസ്.എ). ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന മിറാബൂദ് (മിഡിലീസ്റ്റ്) ബാങ്കിനാണ് ഡി.എഫ്.എസ്.എ 11.1 ദശലക്ഷം ദിർഹം പിഴയിട്ടത്. ഇതിൽ 3.58 ദശലക്ഷം ദിർഹം മിറാബൂദ് പണമിടപാടിലൂടെ നേടിയ കമീഷൻ തുകയാണ്. ഇത് നൽകാമെന്ന് മിറാബൂദ് സമ്മതിച്ചതായി ഡി.എഫ്.എസ്.എ അറിയിച്ചു. അടുത്തിടെ ഡി.എഫ്.എസ്.എ നടത്തിയ പരിശോധനയിൽ 2018-2021 കാലയളവിൽ പരസ്പര ബന്ധമുള്ള ഒമ്പത് ഇടപാടുകാരുടെ ഒരു സംഘവുമായി ബാങ്കിലെ റിലേഷൻഷിപ് മാനേജർ നടത്തിയ പണമിടപാടുകളിൽ കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയിരുന്നു.
ഈ സംഘവുമായി ബാങ്ക് നടത്തിയ ഇടപാടുകളിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങൾ ഉയരുകയും ചെയ്തിരുന്നു. എന്നാൽ, ബാങ്കിടപാടുകളിൽ കള്ളപ്പണം വെളുപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഡി.എഫ്.എസ്.എ അറിയിച്ചു. എങ്കിലും ഇത്തരം ഇടപാടുകളിൽ ബാങ്കിന്റെ ഭാഗത്തുനിന്ന് സുരക്ഷാവീഴ്ച സംഭവിച്ച സാഹചര്യത്തിലാണ് പിഴ ചുമത്തിയത്. ബാങ്കിൽ എ.എം.എൽ നയങ്ങൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും അവ കാര്യക്ഷമമല്ലായിരുന്നെന്നും അന്വേഷണത്തിൽ ബോധ്യമായിരുന്നു. അതോടൊപ്പം സംശയകരമായ ഇത്തരം ഇടപാടുകൾ നടത്തുന്നതിനുമുമ്പ് അക്കൗണ്ട് ഉടമകളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാനോ സംശയങ്ങൾ അധികൃതരെ അറിയിക്കാനോ ബാങ്ക് തയാറായിട്ടില്ലെന്ന് ഡി.എഫ്.എസ്.എ വ്യക്തമാക്കി.
രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ കർശന നടപടിയാണ് ദുബൈ ഭരണകൂടം സ്വീകരിച്ചുവരുന്നത്. ബാങ്കുകളുടെ ഇടപാടുകൾ നിരീക്ഷിക്കുന്നതിനായി പ്രത്യേകം സംഘങ്ങളെയും ഡി.എം.എസ്.എ നിയോഗിച്ചിട്ടുണ്ട്. രാജ്യത്തെ സമ്പദ്വ്യവസ്ഥക്ക് കള്ളപ്പണ ഇടപാടുകൾ വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുകയെന്നും ധനകാര്യ സ്ഥാപനങ്ങൾ സംശയകരമായ ഇടപാടുകൾ സംബന്ധിച്ച വിവരം അധികൃതരെ അറിയിക്കാൻ മടിക്കരുതെന്നും ഡി.എഫ്.എസ്.എ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.