നിധിന്റെ ഓർമയിൽ രക്തം ദാനം ചെയ്ത് സഹപ്രവർത്തകർ
text_fieldsദുബൈ: സാമൂഹിക പ്രവർത്തകനും ബ്ലഡ് ഡോണേഴ്സ് കേരള യു.എ.ഇ കോഓഡിനേറ്ററുമായിരുന്ന നിധിൻ ചന്ദ്രന്റെ ഓർമദിനത്തിൽ യു.എ.ഇയിലുടനീളം രക്തദാന ക്യാമ്പുകൾ നടത്തി സഹപ്രവർത്തകർ. മൂന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് മിഷൻ രക്തവാഹിനി എന്ന പേരിലാണ് ബ്ലഡ് ഡോണേഴ്സ് കേരളയുടെ നേതൃത്വത്തിൽ ദുബൈ, അബൂദബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലായി ക്യാമ്പുകൾ ഒരുക്കിയത്. മൂന്നു ദിവസങ്ങളിൽ തുടർച്ചയായി നടത്തിയ ക്യാമ്പുകളിൽ ആയിരത്തിൽപരം പേർ രക്തം ദാനം ചെയ്തു. ഇൻകാസ് യൂത്ത് വിങ്ങിലൂടെ പൊതുരംഗത്ത് നിറഞ്ഞുനിന്നിരുന്ന നിധിന്റെ അകാലവിയോഗം യു.എ.ഇയിലെ മലയാളി സമൂഹത്തിനിടയിൽ ഏറെ നൊമ്പരമുണ്ടാക്കിയതായിരുന്നു. കൊറോണ കാലത്ത് ലോക്ഡൗണിൽ പ്രയാസപ്പെടുന്നവർക്ക് റിലീഫ് പ്രവർത്തനങ്ങൾക്കായി ഓടിനടക്കുന്നതിനിടെയാണ് 2020 ജൂൺ 11ന് കോഴിക്കോട് പേരാമ്പ്ര സ്വദേശി നിധിൻ ചന്ദ്രൻ ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്.
യു.എ.ഇയിൽ ജോലി തേടി വന്ന് ലോക്ഡൗണിൽ അകപ്പെട്ടവർക്ക് ഭക്ഷണം എത്തിക്കുവാനും രക്തലഭ്യത കുറവുള്ള ആശുപത്രികളിൽ ദാതാക്കളെ കണ്ടെത്തി രക്തം നൽകാനും ഐസൊലേഷനിൽ കഴിയുന്നവർക്ക് മരുന്നും ഭക്ഷണവും മറ്റു സഹായങ്ങൾ നൽകാനുമെല്ലാമായി നിധിൻ സജീവമായി രംഗത്തുണ്ടായിരുന്നു. കഷ്ടത അനുഭവിക്കുന്ന നിരവധി രോഗികളും വയോധികരും ഗർഭിണികളും നിതിന്റെ ഇടപെടലിലൂടെ വന്ദേഭാരത് വിമാനം വഴി നാട്ടിലെത്തി.ഗൾഫിൽ വിമാനങ്ങൾ മുടങ്ങിയ ഘട്ടത്തിൽ ഗര്‍ഭിണിയായ ഭാര്യയുൾപ്പെടെയുള്ളവർക്ക് നാട്ടിലേക്കുള്ള മടക്കയാത്രക്ക് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തിയതിലൂടെ ശ്രദ്ധേയനാണ് നിധിന് ചന്ദ്രന്. ഭാര്യ ആതിര ഏഴുമാസം ഗർഭിണിയായിരുന്നു. കോവിഡിൽ സുരക്ഷിതമായ ചികിത്സക്കും ബന്ധുക്കളുടെ പരിചരണം കിട്ടാൻ വേണ്ടിയുമാണ് ഭാര്യയെ പ്രസവത്തിനായി നാട്ടിലേക്ക് അയക്കണമെന്ന് ആവശ്യമുന്നയിച്ചത്. ഇത്തരത്തിൽ നിരവധി ഗർഭിണികൾ ഗൾഫിൽ ആശങ്കയോടെ കാത്തിരിക്കുന്നുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
ഇതിനായി സുപ്രീംകോടതിയെ സമീപിക്കുകയും വിഷയം പത്രമാധ്യമങ്ങൾ പ്രാധാന്യപൂർവം ചർച്ചയാക്കുകയും ചെയ്തതോടെ ഇന്ത്യക്കാരെ കൊണ്ടുപോകുന്നതിനായി പ്രത്യേക വിമാന സർവിസ് ആരംഭിച്ചപ്പോൾ ആദ്യ വിമാനത്തിൽ ആതിര അടക്കമുള്ള നിരവധി ഗർഭിണികൾക്ക് അവസരം ലഭിക്കുകയും ചെയ്തു. ഇൻകാസായിരുന്നു ആതിരക്ക് വിമാന ടിക്കറ്റ് നൽകിയിരുന്നത്. നിധിൻ രണ്ട് ടിക്കറ്റുകൾ ഇൻകാസിന്റെ നേതൃത്വത്തിൽ പ്രയാസപ്പെടുന്ന മറ്റു രണ്ടുപേർക്ക് സമ്മാനിക്കുകയും ചെയ്തു. നിധിന്റെ മരണവാര്‍ത്ത അറിയുന്നതിന് മുമ്പേ ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പ്രവാസിയാകും മുമ്പ് തന്റെ നാടായ പേരാമ്പ്രയിലും രക്തദാന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.