രക്തസമ്മര്‍ദം: പേടിക്കണം ഈ വില്ലനെ
text_fieldsലോകത്ത് രക്തസമ്മര്‍ദം വലക്കുന്ന മനുഷ്യര്‍ 100 കോടിയിലധികമാണ്. ഈ സംഖ്യ വരുംനാളുകളില്‍ വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജീവിതശൈലീ രോഗമെന്ന് പറഞ്ഞു രക്തസമ്മര്‍ദത്തെ ലഘൂകരിക്കാറുണ്ടെങ്കിലും ശരീരത്തെയും ആരോഗ്യത്തെയും കാര്‍ന്നുതിന്നുന്ന വില്ലന്‍ രോഗമാണിത്.
ഒരുകാലത്ത് മധ്യവയസ്സില്‍ മാത്രം മനുഷ്യരെ ബാധിച്ചിരുന്ന ഈ രോഗം ഇന്നു യുവജനങ്ങളെയും ബാധിച്ചുതുടങ്ങി. ലോകത്തെ ഏതാണ്ട് അഞ്ചിലൊരാള്‍ക്ക് രക്തസമ്മര്ദമുണ്ടെന്ന ഭയാനക കണക്കിലേക്ക് തോത് ഉയർന്നു.
ഹാര്‍ട്ട് അറ്റാക്ക് തുടങ്ങിയ ഹൃദ്രോഗങ്ങള്‍, സ്ട്രോക്ക്, വൃക്കരോഗം, മറവിരോഗം തുടങ്ങി രക്തം കട്ടപിടിക്കുന്ന ഗുരുതര അവസ്ഥയിലേക്കാണ് ഉയര്‍ന്ന രക്തസമ്മര്‍ദം നമ്മളെ എത്തിക്കുക. ഈ കാരണങ്ങളാല്‍ തന്നെ രക്തസമ്മര്‍ദം നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
എന്താണ് രക്തസമ്മര്‍ദം?
രക്തം ഒഴുകുന്ന കുഴലിന്റെ ഉള്‍വശങ്ങളില്‍ സ്വാഭാവികമായി ചെലുത്തുന്ന മര്‍ദമാണ് രക്തസമ്മര്‍ദം. എന്നാല്‍, ഈ മര്‍ദം ഉയരുകയും അങ്ങനെതന്നെ നില്‍ക്കുകയും ചെയ്യുമ്പോള്‍ അത് രക്തസമ്മര്‍ദം എന്ന രോഗമാകുന്നു. സാധാരണ ഗതിയില്‍ ആരോഗ്യകരമായ രക്തസമ്മര്‍ദം 120/80 എം.എം എച്ച്.ജി ആണ്. ഇതിലും ഉയരുന്നത് അപകടകരമാണ്. രക്തസമ്മര്‍ദം ഉയരുന്നതുപോലെ തന്നെ ദോഷമാണ് അതിന്റെ അളവ് താഴുന്നതും. എന്നാല്‍, വേഗത്തില്‍ കണ്ടെത്താവുന്ന രോഗമായതിനാല്‍ ഭക്ഷണത്തിലും ജീവിതശൈലിയിലും മാറ്റംവരുത്തിയാല്‍ ഒരു പരിധിവരെ രക്തസമ്മര്‍ദം നിയന്ത്രിക്കാം.
രക്തസമ്മര്‍ദത്തിനുള്ള കാരണങ്ങൾ
അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവ ഉള്ളവര്‍ക്ക് രക്തസമ്മര്‍ദത്തിനുള്ള സാധ്യത കൂടുതലാണ്. പ്രായം കൂടുംതോറും രക്തക്കുഴലുകള്‍ കട്ടിയുള്ളതാകും. ഇതു സ്ത്രീകളിലും പുരുഷന്മാരിലും രക്തസമ്മര്‍ദത്തിന് വഴിയൊരുക്കും. പാരമ്പര്യം രക്തസമ്മര്‍ദം ഉണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. സ്ത്രീകളില്‍ ഗര്‍ഭകാലത്തും ആര്‍ത്തവ വിരാമകാലത്തും ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാം.
അമിതഭക്ഷണം, വ്യായാമക്കുറവ് തുടങ്ങിയവയും രോഗസാധ്യത വര്‍ധിപ്പിക്കുന്നു. ഭക്ഷണത്തിലെ ഉപ്പും കൊഴുപ്പും രക്തസമ്മര്‍ദം ഉയര്‍ത്തുന്ന ഘടകങ്ങളാണ്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, അച്ചാര്‍, പപ്പടം, ചുവന്ന മാംസം തുടങ്ങിയവയുടെ ഉപയോഗം പരിമിതപ്പെടുത്തണം. ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവര്‍ ഭക്ഷണത്തില്‍നിന്ന് ഇവ ഒഴിവാക്കണം. പകരം മുഴുധാന്യങ്ങള്‍, പച്ചക്കറികള്‍, മീന്‍, പൊട്ടാസ്യം അടങ്ങിയ പഴം, ഫലങ്ങളായ ഓറഞ്ച് തുടങ്ങിയവ കഴിക്കാം. ഇലവര്ഗങ്ങള് കൂടുതല്‍ കഴിക്കുന്നത് രക്തസമ്മര്‍ദം കുറക്കാനും നിയന്ത്രിക്കാനും സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.