ദുബൈ-ഷാർജ ബോട്ട് യാത്ര ആഘോഷമാക്കി ജനങ്ങൾ
text_fieldsഷാർജ: ദുബൈയിലെ അൽ ഗുബൈബ മറൈൻ സ്റ്റേഷനിൽ നിന്ന് ഷാർജ അേക്വറിയം സ്റ്റേഷനിലേക്ക് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ആരംഭിച്ച കടത്തുബോട്ടിൽ യാത്ര ചെയ്യാൻ വൻ തിരക്ക്. ആയിരങ്ങളാണ് വെള്ളിയാഴ്ച കടത്തുബോട്ടിൽ ഉല്ലാസ യാത്ര നടത്തിയത്. രണ്ട് സ്റ്റേഷനുകളിൽ നിന്നും ടിക്കറ്റ് കിട്ടാതെ നിരവധി പേർ മടങ്ങുകയും ചെയ്തു. കൊടും ചൂടും അന്തരീക്ഷ ഈർപ്പവും വകവെക്കാതെയാണ് ആളുകൾ ക്ഷമയോടെ വരികളിൽ കാത്ത് നിന്നത്. എന്നാൽ ദുബൈയിൽ നിന്ന് വന്നവർ അതേ ബോട്ടിൽ തന്നെ തിരിച്ച് പോകാൻ കാത്ത് നിന്നതോടെ പലർക്കും യാത്ര ചെയ്യാൻ സാധിക്കാതെ വന്നു. ഷാർജയിലെ അവസ്ഥയും ഇതുതന്നെ. ദുബൈ-ഷാർജ എമിറേറ്റുകളിലെ രണ്ട് വലിയ സംസ്ക്കാരങ്ങളെ കൂടിയാണ് കടത്തുബോട്ടിലൂടെ ബന്ധിപ്പിച്ചിരിക്കുന്നത്. ദുബൈ ഭരണകൂടത്തിെൻറ തറവാടായ ഷിന്ദഗയും ഷാർജയിലെ പൗരാണിക മേഖലയായ അൽ ഖാനും തമ്മിലെ ചരിത്രപരമായ ബന്ധങ്ങൾക്കിടയിലൂടെയാണ് ഈ കടത്തുബോട്ടുകൾ കുതിക്കുന്നത്.
ഷാർജയുടെ പൂന്തോട്ട നഗരമായ അൽ മജാസിലെ കാഴ്ച്ചകളിലൂടെ കടന്ന്, മത്സ്യ ബന്ധന കേന്ദ്രത്തെ തൊട്ടുരുമ്മി, മറിയം ഐലൻറിനെ തഴുകി ദുബൈ മംസാർ ബീച്ച്, വാട്ടർഫ്രണ്ട് മാർക്കറ്റ് എന്നിവ പിന്നിട്ട് മെട്രോയും വാഹനങ്ങളും ചീറി പായുന്ന ചരിത്ര പ്രസിദ്ധമായ ഷിന്ദഗ ടണലിെൻറ മുകളിൽ കൂടിയാണ് ഈ കടത്ത് ബോട്ടുകൾ അക്കരക്കും ഇക്കരക്കും ഓളങ്ങളിൽ താളമിട്ടു മുന്നേറുത്. ഷാർജ സ്റ്റേഷനിൽ കുട്ടികളുമായി ഏറെ നേരം വരിനിന്നിട്ടും ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ തിരിച്ച് പോകുകയായിരുന്നുവെന്ന് മാധ്യമ പ്രവർത്തകൻ റോയ് റാഫേലും കുടുംബവും പറഞ്ഞു. എന്നാൽ ജലയാത്ര മുടങ്ങിയ സങ്കടത്തെ, ഷാർജ അേക്വറിയത്തിലെ കടൽ കാഴ്ച്ചകൾ കണ്ടാണ് റോയിയും കുടുംബവും സമാധാനിപ്പിച്ചത്. ഗുബൈബയിൽ ഏറെ നേരം കാത്ത് നിന്നിട്ടും ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ തിരിച്ച് പോയതായി കൊല്ലം സ്വദേശി രാഖിയും കുടുംബവും പറഞ്ഞു. എന്നാൽ നവാസും കുടുംബവും ദുബൈ മ്യൂസിയത്തിലെ കാഴ്ച്ചകളിലേക്കാണ് മടങ്ങി പോയത്.
അവധി ദിവസങ്ങളിൽ സർവ്വീസുകളുടെ എണ്ണം കൂട്ടണം
ദുബൈ, ഷാർജ എമിറേറ്റുകളെ ബന്ധിപ്പിച്ച് ആരംഭിച്ച കടത്തുബോട്ടുകൾ ഇരു എമിറേറ്റുകളുടെയും ഉല്ലാസ^വിനോദ സഞ്ചാരമേഖലയിൽ വൻ കുതിപ്പാണ് തീർക്കാൻ പോകുന്നതെന്ന സന്ദേശം നൽകിയാണ് ആദ്യ അവധിദിനം കടന്നുപോയത്. ആയിരങ്ങൾ ബോട്ട് യാത്ര ആഘോഷമാക്കിയപ്പോൾ അത്ര തന്നെ ആളുകൾ യാത്ര ചെയ്യാൻ സാധിക്കാതെ മടങ്ങിയിരുന്നു. ദുബൈയുടെ സമസ്ത മേഖലകളിലും ഉണർവുകൾ സൃഷ്ടിക്കുമെന്ന ശുഭാപ്തി വിശ്വാസം പുലർത്തുന്ന 2020 ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കി. ലോകത്തിെൻറ വൻ ഒഴുക്കായിരിക്കും ഉണ്ടാവുക. അതു കൊണ്ടു തന്നെ കടത്ത് ബോട്ട് അടക്കമുള്ള യാത്രകൾ ആസ്വദിക്കുവാൻ വൻ തിരക്കായിരിക്കും. ബോട്ടുകളുടെ എണ്ണം വർധിപ്പിച്ചും കൂടുതൽ സ്റ്റേഷനുകൾ ഉൾപ്പെടുത്തിയും അധികൃതർ വരും നാളുകളിൽ രംഗത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ബോട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തിട്ടും പൂതി തീരാത്ത അശോക് കുമാർ പറഞ്ഞു.
വെറുതെ അങ്ങോട്ടും ഇങ്ങോട്ടും പോയാൽ മതിയോ
ദുബൈയിൽ നിന്ന് ഷാർജയിലേക്ക് ആദ്യമായി വരുന്ന ഒരു യാത്രക്കാരന് എന്തൊക്കെയാണ് ഷാർജയിലെ സ്റ്റേഷൻ പരിധിയിൽ കാണുവാൻ ഉള്ളതെന്ന് അറിയണമെന്നില്ല. ഷാർജയിൽ നിന്ന് ആദ്യമായി ദുബൈയിലേക്ക് പോകുന്ന യാത്രക്കാരന്റെ കഥയും മറിച്ചല്ല. ഷാർജ സ്റ്റേഷനു സമീപത്താണ് അേക്വറിയവും മറൈൻ മ്യൂസിയവും സ്ഥിതി ചെയ്യുന്നത്. സമീപത്ത് തന്നെ അൽഖാനിലെ പൗരാണിക ഗോത്രങ്ങളുടെ വീടുകളും മറ്റുമുണ്ട്. ഇവിടെ നിന്ന് അധിക ദൂരമില്ല ബുഹൈറ കോർണിഷിലേക്ക്. ഷാർജ അേക്വറിയത്തിൽ കയറാൻ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. ദുബൈയിലെ സ്റ്റേഷന് സമീപത്ത് തന്നെയാണ് ഷിന്ദഗ പരമ്പരാഗത ഗ്രാമം. യു.എ.ഇ രൂപീകരണത്തിന് മുമ്പ് ദുബൈയിലും മറ്റും ഉപയോഗിച്ചിരുന്ന ഇന്ത്യൻ കറൻസികളും പരമ്പരാഗത കാഴ്ച്ചകളും ഇവിടെ ആസ്വദിക്കാം. ഷിന്ദഗ ഭൂഗർഭപാതയോട് സമാന്തരമായി പോകുന്ന ഭൂഗർഭ നടപ്പാതയിലൂടെ അക്കരക്ക് നടക്കാം. ദുബൈ മ്യൂസിയം, മീനാബസാർ, റാഷിദ് തുറമുഖം എന്നിവയും സമീപത്തുണ്ട്. ബോട്ട് യാത്രയോടൊപ്പം തന്നെ നാട്ട് കാഴ്ച്ചയും ആസ്വദിക്കാനുള്ള അവസരം പാഴാക്കരുത്.
ദുബൈയിൽ വേറെയും ജലഗതാഗതമുണ്ടേ
ദുബൈയിൽ നിന്ന് ഷാർജയിലേക്ക് മാത്രമല്ല ജലഗതാഗത സൗകര്യമുള്ളത്. ദുബൈക്കുള്ളിൽ തന്നെ നിരവധി കടത്ത് ബോട്ട് സർവ്വീസുകളുണ്ട്. അൽ ഗുബൈബ മുതൽ ദുബൈ മറീന വരെ യാത്ര ചെയ്യാൻ സിൽവർ 50 ദിർഹവും ഗോൾഡ് ന് 75 ദിർഹവുമാണ് നിരക്ക്, തിരിച്ചും ഇതേ നിരക്കു തന്നെ. ദുബൈ മറീന സർക്കുലർ ട്രിപ്പ് സിൽവർ 50, ഗോൾഡ് 75 ദിർഹം. അൽ ഗുബൈബ സർക്കുലർ ട്രിപ്പ് സിൽവർ 50, ഗോൾഡ് 75 ദിർഹം. അൽ ഗുബൈബ മുതൽ ദുബൈ കനാൽ സ്റ്റേഷൻ വരെ തിരിച്ചും സിൽവർ 25, ഗോൾഡ് 35 ദിർഹം. ദുബൈ മറീന മാൾ മുതൽ ദുബൈമാൾ വരെ മുതിർന്നവർക്ക് 68.25 ദിർഹവും അഞ്ച് വയസുമുതൽ 12 വയസുലരെയുള്ള കുട്ടികൾക്ക് 52.50 ദിർഹവുമാണ്. ശൈഖ് സായിദ് റോഡ് സർക്കുലർ ട്രിപ്പിന് സിൽവർ 50, ഗോൾഡ് 75 ദിർഹവുമാണ് നിരക്ക്. ദുബൈ കനാലിെൻറ ഒരു അറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് പോകുന്ന ദുബൈ വാട്ടർ കനാൽ റൂട്ടിലെ യാത്രയ്ക്ക് പ്രത്യേക ടിക്കറ്റ് ഷെഡ്യൂൾ ഉണ്ട്. ഇവിടെ ടിക്കറ്റ് നിരക്ക് എത്ര സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഒരു മണിക്കൂർ നീളുന്ന ശൈഖ് സായിദ് റോഡ് മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനിൽ നിന്നുള്ള യാത്രക്ക് സിൽവർ 50, ഗോൾഡ് 75 ദിർഹവുമാണ് ഈടാക്കുന്നത്.
ടിക്കറ്റോ അതിവിടെ തന്നെയുണ്ട്, നോൽ കാർഡും സ്വീകാര്യം
കടത്ത് ബോട്ടിൽ കയറാനുള്ള ടിക്കറ്റ് രണ്ട് സ്റ്റേഷനുകളിൽ നിന്നും വാങ്ങാൻ കിട്ടും. പോരാത്തതിന് നിങ്ങളുടെ പക്കലുള്ള നോൽ കാർഡ് ഉപയോഗിച്ചും യാത്ര ചെയ്യാം.അതിനുള്ള മെഷീൻ ഇരു സ്റ്റേഷനുകളിലും സ്ഥാപിച്ചിട്ടുണ്ട്. 35 മിനുട്ടാണ് യാത്ര. സിൽവർ ക്ലാസ് 15 ദിർഹം, ഗോൾഡ് ക്ലാസ് 25 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും പ്രത്യേക സംരക്ഷണം ആവശ്യമുള്ളവർക്കും യാത്ര സൗജന്യമാണ്.
സമയം ഒന്ന് കൂടി ഓർത്ത് വെച്ചോളു
ഷാർജയിൽ നിന്ന് ആദ്യ ബോട്ട് രാവിലെ 5.00നും, അവസാന ബോട്ട് രാത്രി 7.30നുമാണ് പുറപ്പെടുക. ദുബൈയിൽ നിന്നുള്ള ആദ്യ ബോട്ട് 5.15നും അവസാന ബോട്ട് രാത്രി 8.00നുമാണ് യാത്ര തിരിക്കുക. ഷാർജ ഭാഗത്ത് 300 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒട്ടും വൈകാതെ ഇവിടെ നിന്ന് സൗജന്യ ബസുകളും ബോട്ട് യാത്രക്കാർക്ക് ലഭിക്കും.
പെരുന്നാളിന് തിരക്കേറും
ബോട്ട് സർവീസിെൻറ ആരംഭത്തെക്കുറിച്ച് ഗൾഫ് മാധ്യമം ഉൾപ്പെടെ വാർത്താ മാധ്യമങ്ങളിലൂടെ അറിഞ്ഞ യു.എ.ഇയിലെ വിദൂര മേഖലയിലുള്ള പ്രവാസികൾ പോലും കടത്ത് ബോട്ടിൽ കയറാനായി പെരുന്നാൾ അവധിക്കായി കാത്തിരിക്കുകയാണ്. ഇവർ കൂടി വരുന്നതോടെ മറൈൻ സ്റ്റേഷനുകൾ ജനസാഗരമാകും. പെരുന്നാൾ പ്രമാണിച്ച് നിലവിലെ സർവ്വീസുകളുടെ എണ്ണം വർധിപ്പിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. നിലവിൽ രണ്ട് ഭാഗത്തേക്കുമായി 42 തവണയാണ് ബോട്ടുകൾ കുതിക്കുന്നത്. ഒരു യാത്രയിൽ പരമാവധി 125 പേർക്ക് യാത്ര ചെയ്യുവാനുള്ള സൗകര്യമാണുള്ളത്. അതായത് പ്രതിദിനം 5250 ഈ ജലഗതാഗതം ഉപയോഗിക്കും. എന്നാൽ പെരുന്നാൾ അവധി ദിവസങ്ങളിൽ കുറഞ്ഞത് ഇതിലും പത്തിരട്ടിയെങ്കിലും യാത്രക്കാർ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യാനുണ്ടാകും. റോഡ്, പാർക്കിങ് ഉൾപ്പെടെയുള്ള മേഖലകളിൽ വൻ തിരക്കായിരിക്കും അനുഭവപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.