കാർഗോ കപ്പലിൽ ബോട്ടിടിച്ചു; എട്ട് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
text_fieldsദുബൈ: വാണിജ്യ കാർഗോ കപ്പലിൽ ബോട്ട് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപെട്ട എട്ട് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണമായി തകരുകയും ചെയ്തു.രാത്രിയിൽ അപകട റിപ്പോർട്ട് ലഭിച്ചയുടൻ രക്ഷാപ്രവർത്തനം ആരംഭിച്ച ദുബൈ പൊലീസ് മത്സ്യത്തൊഴിലാളികളെ ആകാശമാർഗമാണ് കരക്കെത്തിച്ചത്.
പരിക്കേറ്റവർ ദുബൈ റാശിദ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു. പരിക്കില്ലാത്ത തൊഴിലാളികളെ മറൈൻ റസ്ക്യൂ ടീമാണ് കരക്കെത്തിച്ചത്.ദുബൈ വാട്ടർഫ്രണ്ട് ഫിഷ് മാർക്കറ്റിലേക്ക് വരുകയായിരുന്ന ബോട്ടാണ് അപകടത്തിൽപെട്ടതെന്ന് ദുബൈ പോർട്ട് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. ഡോ. ഹസൻ സുഹൈൽ അൽ സുവൈദി പറഞ്ഞു. ശനിയാഴ്ച അർധരാത്രിയാണ് അപകടമുണ്ടായത്.
വലിയ കാർഗോ കപ്പലിന് തുറമുഖത്തേക്ക് പ്രവേശിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. പ്രതികൂലമായ കാലാവസ്ഥയിൽ സാഹസികമായാണ് അധികൃതർ രക്ഷാപ്രവർത്തനം നടത്തിയത്. കനത്ത കാറ്റിനെ തുടർന്ന് അപകടം നടന്ന സമുദ്ര മേഖല പ്രക്ഷുബ്ധമായിരുന്നു.കാലാവസ്ഥ മുന്നറിയിപ്പുകൾ പരിഗണിക്കാതെ കടലിലേക്ക് മത്സ്യബന്ധനത്തിനോ നീന്താനോ പോകരുതെന്നും അതിവേഗം കാലാവസ്ഥ മാറുന്ന സാഹചര്യത്തിൽ മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
എമിറേറ്റിൽ പ്രവർത്തിക്കുന്ന എല്ലാ ബോട്ടുകളും കപ്പലുകളും ദുബൈ പൊലീസിന്റെ ‘സൈൽ സേഫ്ലി’ എന്ന ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നും ഇത് അപകട സമയത്ത് രക്ഷാപ്രവർത്തനം എളുപ്പമാക്കാൻ സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.