ബോളിവുഡ് പാർക്ക് ഇനി ഓർമ; അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് അധികൃതർ
text_fieldsദുബൈ: ബോളിവുഡ് സിനിമകൾ പ്രമേയമാക്കിയ ലോകത്തിലെ ആദ്യ തീം പാർക്കായ ദുബൈയിലെ ബോളിവുഡ് പാർക്ക് ഇനി ഓർമ. പാർക്ക് അടച്ചുപൂട്ടുന്നതായി ‘ദുബൈ പാർക്സ് ആൻഡ് റിസോർട്സ്’ അധികൃതർ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം റമദാനിന് മുന്നോടിയായി പാർക്ക് താൽക്കാലികമായി അടച്ചിടുമെന്ന് അറിയിച്ചിരുന്നു.
എന്നാൽ, റമദാൻ അവസാനിക്കാനിരിക്കെ പൂർണമായും പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് അധികൃതർ ഇൻസ്റ്റഗ്രാം വഴി വെളിപ്പെടുത്തി.
‘ബോളിവുഡിന്റെ സംഗീതത്തിനും നിറങ്ങൾക്കും ജീവൻ നൽകിയതിന് എല്ലാ അതിഥികൾക്കും പങ്കാളികൾക്കും ടീമുകൾക്കും പ്രത്യേക നന്ദി’ എന്ന് അറിയിപ്പിൽ പറഞ്ഞു. അതേസമയം പാർക്കിലെ രാജ് മഹൽ തിയറ്റർ സ്വകാര്യ ചടങ്ങുകൾ സംഘടിപ്പിക്കുന്നത് തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, തിയറ്റർ പ്രവർത്തനം പുനരാരംഭിക്കുന്ന തീയതി പുറത്തുവിട്ടിട്ടില്ല. പാർക്ക് അടച്ചുപൂട്ടാനുണ്ടായ കാരണം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, വരും മാസങ്ങളിൽ പുതിയ ആകർഷണങ്ങളുടെയും അനുഭവങ്ങളുടെയും വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്ന് പാർക്കിന്റെ വെബ്സൈറ്റിൽ അറിയിപ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ റയൽ മഡ്രിഡുമായി സഹകരിച്ച് ഫുട്ബാൾ തീം പാർക്ക് തുറക്കുന്നതിനുള്ള കരാർ പ്രഖ്യാപിച്ചിരുന്നു. ഇതാണോ പുതുതായി വരുന്നതെന്ന് വ്യക്തമായിട്ടില്ല.
2016ൽ ബോളിവുഡ് താരം ശാരൂഖ് ഖാന്റെ പരിപാടിയോടനുബന്ധിച്ചാണ് പാർക്ക് തുറന്നത്. പിന്നീട് ഏഴുവർഷമായി പ്രവർത്തിക്കുന്ന പാർക്ക് ഇന്ത്യക്കാരടക്കമുള്ള താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നായിരുന്നു. ഹിന്ദി സിനിമകളുടെയും സംഗീതത്തിന്റെയും ആഘോഷകേന്ദ്രം എന്ന നിലയിലാണിത് വിലയിരുത്തപ്പെട്ടത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വിങ് റൈഡ് സ്ഥാപിച്ച് 2021ൽ പാർക്ക് റെക്കോർഡ് നേടിയിരുന്നു.
പാർക്ക് അടച്ചുപൂട്ടിയതിൽ നിരാശ പ്രകടിപ്പിച്ച് ആരാധകർ സമൂഹ മാധ്യമങ്ങളിൽ പ്രതികരണങ്ങൾ കുറിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.