ഷാർജ റിയൽ എസ്റ്റേറ്റിൽ കുതിപ്പ്; നാലുമാസം 1,000 കോടിയുടെ ഇടപാട്
text_fieldsഷാർജ: എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഈ വർഷം ആദ്യ നാലു മാസത്തിൽ രേഖപ്പെടുത്തിയത് വൻ കുതിപ്പ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 67 ശതമാനത്തിലേറെ ഇടപാടുകൾ നടന്ന ഇത്തവണ 1,000 കോടി ദിർഹമിന്റെ ഇടപാടുകളാണ് രേഖപ്പെടുത്തിയത്.
റിയൽ എസ്റ്റേറ്റ് വിൽപനയടക്കം ആകെ ഈ മേഖലയിൽ 6,146 വിൽപന ഇടപാടുകളിലൂടെയാണ് ഇത്രയും വലിയ തുക സമാഹരിച്ചിട്ടുള്ളത്. എന്നാൽ, 2023ൽ ഇതേ കാലയളവിൽ 3,011 വിൽപന ഇടപാടുകൾ മാത്രമാണ് നടന്നിരുന്നത്.
ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പാണ് പാദവാർഷിക റിപ്പോർട്ട് പുറത്തുവിട്ടത്. ആകെ വ്യാപാരം നടന്ന ഏരിയയുടെ വിസ്തീർണം 2.83 കോടി ചതുരശ്ര അടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഷാർജയിൽ ജനങ്ങൾക്ക് സ്വത്ത് സ്വന്തമാക്കാനും നിക്ഷേപിക്കാനുമുള്ള താൽപര്യമാണ് ഇത് അടയാളപ്പെടുത്തുന്നതെന്നും എമിറേറ്റ് എല്ലാ മേഖലകളിലും കൈവരിക്കുന്ന നേട്ടങ്ങളാണ് റിയൽ എസ്റ്റേറ്റ് മേഖലയിലും പ്രതിഫലിച്ചതെന്നും വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അഹ്മദ് അൽ ശംസി പറഞ്ഞു. എമിറേറ്റിൽ രജിസ്റ്റർ ചെയ്ത പുതിയ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണം അഞ്ചായതായും അതിൽ നാല് പുതിയ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളും നിലവിലുള്ള പ്രധാന പ്രോജക്ടുകളിലൊന്നിന്റെ പുതിയ ഘട്ടവും ഉൾപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
94 രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർ 2024 ആദ്യ പാദത്തിൽ ഷാർജയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിൽ യു.എ.ഇ പൗരന്മാരുടെ മൊത്തം നിക്ഷേപം 7,628 പ്രോപ്പർട്ടികളിലായി 4.4 ബില്യൺ ദിർഹമാണ്. അതേസമയം, ഇമാറാത്തികൾ ഒഴികെയുള്ള ജി.സി.സി പൗരന്മാരുടെ മൊത്തം നിക്ഷേപം 347 പ്രോപ്പർട്ടികളുമായി 625.5 ദശലക്ഷം ദിർഹമാണ്. മറ്റ് അറബ് പൗരന്മാരുടെ നിക്ഷേപം 1,762 പ്രോപ്പർട്ടികളിലായി 2.1 ബില്യൺ ദിർഹമുമാണ്.
മറ്റ് രാജ്യങ്ങളിലെ പൗരന്മാരുടെ മൊത്തം നിക്ഷേപം 1,739 പ്രോപ്പർട്ടികളിലായി 2.8 ബില്യൺ ദിർഹവുമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ഷാർജയിലെ നിക്ഷേപത്തിന്റെ കാര്യത്തിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ള അഞ്ച് രാജ്യക്കാർ യഥാക്രമം 7,628 പ്രോപ്പർട്ടികളുമായി യു.എ.ഇ, 683 എണ്ണവുമായി ഇന്ത്യ, 484 സിറിയ, 275 പാകിസ്താൻ, 227 പ്രോപ്പർട്ടികളുള്ള ജോർഡൻ എന്നിവയാണെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.