അതിർത്തി വാതിലുകൾ തുറന്നു; ഒമാനിലേക്ക് കുതിക്കാം
text_fieldsഅതിർത്തികൾക്ക് പൂട്ട് വീണപ്പോൾ യു.എ.ഇയിലെയും ഒമാനിലെയും സഞ്ചാരികളുടെ ഏറ്റവും വലിയ സങ്കടമായിരുന്നു അതിർത്തി കടന്നുള്ള യാത്ര. കുടുംബങ്ങളെയും സുഹൃത്തുക്കളെയും കാണാനും അതിരുകളില്ലാത്ത സൗഹൃദങ്ങൾ പങ്കുവെക്കാനും ഒമാൻ- യു.എ.ഇ നിവാസികൾ പരസ്പരം പാഞ്ഞിരുന്നു. എന്നാൽ, മഹാമാരിയെത്തി വിലക്കിട്ടതോടെ ഒരു വർഷമായി കരമാർഗങ്ങൾ അടഞ്ഞുകിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അതിർത്തി തുറന്നതോടെ ഇരു രാജ്യങ്ങളിലേക്കുമുള്ള സഞ്ചാരികളുടെ പ്രവാഹം വീണ്ടും തുടങ്ങി.
കുടുംബങ്ങൾക്ക് കൂടിച്ചേരലിനുള്ള അവസരമാണെങ്കിൽ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം മറ്റൊരു യാത്രക്കുള്ള വഴിയാണ് തുറന്നിരിക്കുന്നത്. ഗൾഫിലെ കേരളമായ ഒമാനിലെ സലാലയിൽ ജൂൺ മുതൽ സെപ്റ്റംബർ വരെ നീളുന്ന ഖരീഫ് മേള കാണാൻ നിരവധി പ്രവാസികളും സ്വദേശികളുമാണ് യു.എ.ഇയിൽ നിന്ന് പോയിരുന്നത്. റോഡുമാർഗം വേഗത്തിൽ എത്താനാകുമെന്നതും വഴിയോര കാഴ്ച്ചകൾ ധാരാളം ആസ്വദിക്കാമെന്നതും യാത്രയുടെ പ്രധാന ഊർജ്ജമാണ്. പോയവർഷം മൺസൂൺ മേളകാണാൻ സാധിക്കാത്ത സങ്കടത്തിലായിരുന്നു യാത്ര േപ്രമികൾ. പെരുന്നാൾ ആഘോഷത്തിന് യു.എ.ഇയിലെത്താനാവാത്ത സങ്കടം ഒമാനികൾക്കും ഉണ്ടായിരുന്നു.
ഷാർജ, റാസൽഖൈമ, ദുബൈ, ഫുജൈറ എമിറേറ്റുകളിൽ നിന്ന് ഒമാനിലേക്ക് കവാടങ്ങളുണ്ട്. ദുബൈയിൽ നിന്ന് പോകുന്നവർക്ക് ഹത്തയുടെ സൗന്ദര്യം ആസ്വദിച്ച് അതിർത്തി കടക്കാം. പോകുന്ന വഴിയിലും അവിടെ എത്തിയാലും നിരവധി കാഴ്ചകളാണ് കാത്തിരിക്കുന്നത്. ജബൽ ഷംസ്, മുസണ്ടം, ജബൽ അൽ അഖ്ദർ, വാദി അഷ്ഷാബ്, മജ്ലിസ് അൽ ജിന്ന് ഗുഹ, ഐലൻഡ് ഓഫ് മസീറ, സുൽത്താ ഖാബൂസ് പള്ളി, മുട്ടാറാ ബീച്ച്, റാസ് അൽ ജിൻസ് ടർട്ട്ൽ റിസർവ് തുടങ്ങിയവയെല്ലാം ആസ്വദിക്കാം. സ്വന്തം വാഹനങ്ങളിലാണ് പ്രവാസി മലയാളികൾ സലാലയിലെത്താറുള്ളത്. കുടുംബസമേതമാണ് അധികപേരും യാത്ര ചെയ്യാറുള്ളത്. ബാച്ചിലർമാരും യാത്രയിൽ പിന്നിലല്ല.
ഹരിത മനോഹാരിത കൂമ്പിൾ നീട്ടുന്ന മലയോരങ്ങളും അവക്കിടയിലൂടെ ഒഴുകുന്ന ജലാശയങ്ങളും മേഞ്ഞുനടക്കുന്ന കാലികളും പൂത്ത് പൂത്ത് കൈയിലി ചുറ്റുന്ന പറമ്പുകളും നൂറുമനി ചൂടി നിൽക്കുന്ന വയലുകളും സലാലയുടെ ചന്തമാണ്. ഈ ചന്തം ആസ്വദിക്കുവാനും അത് മറ്റുള്ളവരുമായി പങ്കിടാനുമാണ് മലയാളികൾ പോകുന്നത്. നാലുചുവരുകൾക്കിടയിൽ കുടുങ്ങി പോകുന്ന കുട്ടികൾക്ക് വലിയൊരു മാനസികോല്ലാസം കൂടിയാണ് ഒമാൻ യാത്ര. യാത്രയിൽ കണ്ട കാഴ്ച്ചകൾ ചിത്രങ്ങളായും വരികളായും പങ്ക് വെക്കുന്ന കൂട്ടുകാർ നിരവധിയാണ്.
അറേബ്യൻ മണലാരണ്യത്തോട് വളരെയടുത്താണ് സലാലയുടെ കിടപ്പെങ്കിലും വർഷത്തിൽ മിക്കപ്പോഴും സമശീതോഷ്ണ കാലാവസ്ഥയാണ് ഇവിടെ. മൺസൂൺ ആസ്വദിക്കുന്നതിനും മേഖലയിലെ മറ്റു ഭാഗങ്ങളിൽ അനുഭവപ്പെടുന്ന കൊടും ഉഷ്ണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനുമായി ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ ധാരാളമായി ഇവിടെയെത്തുന്നു.
കേരളത്തോട് സമാനതയുള്ള കലാവസ്ഥയായതിനാൽ കേരളത്തിൽ വളരുന്ന മിക്ക ഫല വൃക്ഷങ്ങളും സലാലയിലും വളരുന്നു. കേരളത്തിലെ കാഴ്ച്ച കുലകളെ തോൽപ്പിക്കുന്ന വാഴ കുലകൾ സലാലയുടെ ചന്തമാണ് .
ഒമാനിലേക്ക് പോകാൻ...
കരമാർഗം ഒമാനിലേക്ക് പോകാൻ ഇ വിസയാണ് എടുക്കേണ്ടത്. യു.എ.ഇ റസിഡൻറ് വിസയുള്ളവർക്ക് പ്രൊഫഷൻ കൂടി പരിഗണിച്ച് വിസ ലഭിക്കും. evisa.rop.gov.om എന്ന വെബ്സൈറ്റ് വഴി വിസക്ക് അപേക്ഷിക്കാം. 50 ദിർഹമാണ് ചിലവ്. പണവും ഓൺലൈൻ വഴി അടക്കാം. മിനിറ്റുകൾക്കുള്ളിൽ വിസ ലഭിക്കും. ഇ- മെയിൽ വഴിയാണ് വിസ അയച്ചുതരുന്നത്. 28 ദിവസം ഒമാനിൽ തങ്ങാം. നമ്മുടെ പ്രൊഫഷന് വിസ ലഭിക്കുമോ എന്നറിയാനും ഈ വെബ്സൈറ്റിൽ സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.