പിറന്നു, പ്രതീക്ഷകളുടെ പുതുവർഷം
text_fieldsദുബൈ: മഹാമാരിക്കാലത്തെ മനസ്സുറപ്പോടെ അതിജയിച്ച്, പ്രത്യാശയുടെയും പ്രതീക്ഷകളുടെയും നിറദീപക്കാഴ്ചയിൽ യു.എ.ഇ പുതുവർഷത്തെ വരവേറ്റു. രാജ്യം മുഴുവൻ ആഘോഷത്തിൽ മുങ്ങിയ പുതുവത്സരപ്പുലരിയിൽ ഇത്തവണയും ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന ബുർജ് ഖലീഫ തന്നെയാണ് വിസ്മയക്കാഴ്ചകളിൽ മുന്നിട്ടുനിന്നത്.
പ്രതിസന്ധികളെ പടിക്കുപുറത്താക്കി പുത്തനുണർവോടെ പുതുവത്സരത്തെ വരവേൽക്കുന്ന ജനങ്ങൾക്ക് യു.എ.ഇയിലെ ഭരണാധികാരികൾ ആശംസകൾ നേർന്നു. പ്രതീക്ഷകളും പ്രത്യാശകളും നിറയുന്ന പുതുവത്സരം സന്തോഷവും സമൃദ്ധിയും സമ്മാനിക്കട്ടെയെന്നായിരുന്നു ആശംസകളുടെ ചുരുക്കം.വൈകീട്ട് ഏഴ് മണിയോടെ ആഘോഷങ്ങൾ തുടങ്ങിയ ബുർജിൽ, ഓരോ രാജ്യങ്ങളിലും പുതുവത്സരം പിറക്കുന്നത് അതേസമയംതന്നെ ലോകത്തെ അറിയിച്ചാണ് ആഘോഷവേളക്ക് നിറക്കാഴ്ചയൊരുക്കിയത്.
മാസ്മരിക വെടിക്കെട്ട് തീർത്ത് ചരിത്രമെഴുതിയാണ് അബൂദബി പുതുവർഷത്തെ വരവേറ്റത്. 35 മിനിറ്റ് നീളുന്ന വെടിക്കെട്ടിലൂടെ കാഴ്ചയുടെ വർണപ്രപഞ്ചം തീർത്ത അബൂദബിയിലെ ആഘോഷം ഗിന്നസ് ബുക്കിൽ ഇടം നേടും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വരുന്നതേയുള്ളൂ.
അബൂദബിയിലെ അൽവത്ബയിൽ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവലിലാണ് ലോക റെക്കോഡിൽ ഇടംപിടിക്കുന്ന പുതുവത്സര ആഘോഷം നടന്നത്. 35 മിനിറ്റ് നീളുന്ന വെടിക്കെട്ടോടെ ഏറ്റവും കൂടുതൽ നീണ്ടുനിൽക്കുന്ന കരിമരുന്ന് പ്രയോഗം എന്ന റെക്കോഡാണ് ലക്ഷ്യമിട്ടിരുന്നത്. ഏറ്റവും നീളമേറിയ ഗിരൻഡോല പ്രദർശനവും നടന്നു. വെടിക്കെട്ടിനിടെ കറങ്ങി പറക്കുന്ന കരിമരുന്ന് ചക്രമാണ് ഗിരൻഡോല. ഫെബ്രുവരി 20 വരെ നീണ്ടുനിൽക്കുന്ന സാംസ്കാരികമേളയാണ് ശൈഖ് സായിദ് ഫെസ്റ്റിവലിൽ പുതുവത്സരാഘോഷങ്ങൾ ഇന്നും തുടരും. കരിമരുന്ന് പ്രയോഗത്തിന് പുറമെ യു.എ. ഇ ഫൗണ്ടൻ, ലേസർ ഷോ എന്നിവയും പുതുവർഷരാവിനെ വർണാഭമാക്കി.
പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് അജ്മാനിലെ വിവിധ പ്രദേശങ്ങളില്‍ കരിമരുന്ന് പ്രയോഗം നടന്നു. അജ്മാന്‍ വിനോദസഞ്ചാര വികസന വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്. അജ്മാനിലെ രണ്ടു കേന്ദ്രങ്ങളിലാണ് കരിമരുന്ന് പ്രയോഗത്തോട് കൂടിയുള്ള പ്രധാന ആഘോഷം നടന്നത്.
കരിമരുന്ന് പ്രയോഗം അഞ്ച് മിനിറ്റോളം നീണ്ടുനില്‍ക്കും. അജ്മാൻ കോർണിഷിലെ അജ്മാൻ സരെയുടെ എതിർവശത്തും മറ്റൊന്ന് അൽ സോറയിലെ ഒബറോയ് ബീച്ച് റിസോർട്ടിന് സമീപവുമാണ് കരിമരുന്ന് പ്രയോഗം നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.