ഗൾഫ് മാധ്യമം ‘ബോസസ് ഡേ ഔട്ട്’ ഇന്ന് ദുബൈയിൽ
text_fieldsദുബൈ: യു.എ.ഇയിലെ പ്രമുഖരായ ബിസിനസ് തലവന്മാർക്ക് ഒത്തുചേരാനും വിദഗ്ധരിൽനിന്ന് പുത്തൻ ആശയങ്ങൾ ആർജിക്കാനും അവസരം നൽകുന്ന ഗൾഫ് മാധ്യമം ‘ബോസസ് ഡേ ഔട്ട്’ ബുധനാഴ്ച ദുബൈയിൽ നടക്കും. പാം ജുമൈറയിലെ പഞ്ചനക്ഷത്ര ഹോട്ടലായ വാൾഡോഫ് അസ്റ്റോറിയയിൽ നടക്കുന്ന പരിപാടിയിൽ ക്രിക്കറ്റിലെ ഫീൽഡിങ് ഇതിഹാസവും ലോകപ്രശസ്ത പ്രചോദക പ്രഭാഷകനുമായ ജോണ്ടി റോഡ്സ്, സെലിബ്രിറ്റി മെന്റർ അർഫീൻ ഖാൻ, എഴുത്തുകാരിയും സംരംഭകയുമായ പൂജ മഖീജ, എ.ഐ കണ്ടന്റ് വിദഗ്ധനായ സാനിധ്യ തുൾസി നന്ദൻ എന്നിവരാണ് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുന്നത്.
ബിസിനസ് തലവന്മാർ നേരിടുന്ന വെല്ലുവിളികൾ, നേതൃരൂപവത്കരണം, തൊഴിലിടങ്ങളിലെ മാനസികാരോഗ്യം, നിർമിതബുദ്ധിയുടെ സാധ്യതകൾ എന്നീ വിഷയങ്ങളിൽ കേന്ദ്രീകരിച്ചുള്ള വിവിധ സെഷനുകളും അരങ്ങേറും. പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ചക്കും പരിപാടി വേദിയാകും. ബിസിനസ് സമൂഹം ഇരുകൈയും നീട്ടി സ്വീകരിച്ച മൂന്നു എഡിഷനുകൾക്ക്ശേഷം ‘ബോസസ് ഡേ ഔട്ടി’ന്റെ നാലാമത് എഡിഷനാണ് ദുബൈയിൽ നടക്കുന്നത്. പുതുതലമുറ സംരംഭകർ, സ്റ്റാർട്ടപ് ടീം അംഗങ്ങൾ തുടങ്ങിയവർക്കും ഉപകാരപ്പെടുന്ന രീതിയിലാണ് പരിപാടിയുടെ ക്രമീകരണം.
ബുധനാഴ്ച രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും. 10.15ന് യു.എ.ഇയുടെ പരിസ്ഥിതി, ജല വകുപ്പ് മുൻ മന്ത്രി ഡോ. മുഹമ്മദ് എസ് അൽ കിന്ദി പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. സംരംഭക രംഗത്ത് വിജയം വരിച്ച പ്രമുഖരെ ആദരിക്കുന്ന അറേബ്യൻ ലെഗസി അവാർഡ് പ്രഖ്യാപനവും സമർപ്പണവും വേദിയിൽ നടക്കും.
ലുലു ഗ്രൂപ്, നെസ്റ്റോ, ജലീൽ ഡിസ്ട്രിബ്യൂഷൻ, സ്മാർട്ട് ട്രാവൽസ്, സഫാരി ഗ്രൂപ്, കോസ്മോ ഗ്രൂപ്, ഒഡോറ പെർഫ്യൂംസ്, റീഡ് മെറ്റ തുടങ്ങി ബിസിനസ് രംഗത്തെയും പ്രഫഷനൽ രംഗത്തെയും പ്രമുഖ സ്ഥാപനങ്ങളുടെ മേധാവികൾ പരിപാടിയിൽ സംബന്ധിക്കും. യു.എ.ഇയിലെ ഇന്ത്യൻ ബിസിനസുകാരുടെ ഏറ്റവും വലിയ സംഘടനയായ ഐ.ബി.പി.സി, മഹാരാഷ്ട്രക്കാരായ ബിസിനസുകാരുടെ കുട്ടായ്മയായ ജി.എം.ബി.എഫ്(ഗ്ലോബൽ), തമിഴ് ബിസിനസുകാരുടെ കൂട്ടായ്മയായ ടി.ഇ.പി.എ-ടീം എന്റർപ്രണേസ് തുടങ്ങിയ പ്രവാസ ലോകത്തെ ബിസിനസ് കൂട്ടായ്മകൾ ‘ബോസസ് ഡേ ഔട്ടു’മായി കൈകോർക്കുന്നുണ്ട്. ഇരു കൂട്ടായ്മകളിലെയും അംഗങ്ങൾ പരിപാടിയിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.