പ്രവാസിക്ക് മുതലാളിയുടെ സർപ്രൈസ് സമ്മാനം; ഫോർഡ് കാർ!
text_fieldsദുബൈ: മുതലാളിമാർക്ക് ജീവനക്കാരോട് ഇഷ്ടം തോന്നുന്നത് എപ്പോഴും സംഭവിക്കുന്ന കാര്യമല്ല. ഇഷ്ടം തോന്നിയാൽ തന്നെ തുറന്നുപറയാനോ സമ്മാനം കൊടുക്കാനോ മുതിരുന്ന മുതലാളിമാരും കുറവാണ്. എന്നാൽ, ദുബൈയിൽ ഒരു മുതലാളി തെൻറ ഡ്രൈവറുടെ മികച്ച സേവനത്തിന് സർപ്രൈസ് ഗിഫ്റ്റായി നൽകിയത് ഫോർഡ് കാറും സൈക്കിളും. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ ഇസ്മായിലാണ് സർപ്രൈസ് കിട്ടിയ വ്യക്തി. ജർമൻ സ്വദേശിയും ബിസിനസുകാരനുമായ ഡെന്നിസ് ലൂയിസാണ് തെൻറ ഡ്രൈവറെ വമ്പൻ ഗിഫ്റ്റ് നൽകി ഞെട്ടിച്ചത്.
കഴിഞ്ഞ 16 വർഷമായി ദുബൈയിൽ പ്രവാസിയായ ഇസ്മായിൽ വിവിധ സ്ഥാപനങ്ങളിൽ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. മൂന്നു വർഷം മുമ്പ് മാത്രമാണ് ഡെന്നിസിെൻറ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചത്. വളരെ തിരക്കിട്ട ബിസിനസ് കൈകാര്യം ചെയ്യുന്ന ഡെന്നിസിന് കൂടെയുള്ളവർ കൃത്യനിഷ്ഠയും ആത്മാർഥതയും ഉള്ളവരാകണമെന്നത് നിർബന്ധമാണ്. ഇസ്മായിലിനെ കുറിച്ച് കഴിഞ്ഞ മൂന്നു വർഷത്തെ അനുഭവത്തിൽ പൂർണ തൃപ്തനാണിദ്ദേഹം. ഈ സേവനത്തിന് തിരിച്ചെന്തെങ്കിലും നൽകലാണ് സമ്മാനത്തിലൂടെ ഉദ്ദേശിച്ചതെന്ന് ഡെന്നിസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു.
സ്ഥിരമായി സൈക്കിൾ റൈഡിങ് ചെയ്യുന്ന ഡെന്നിസ്, ഇസ്മായിലിന് ഇതിലെ താൽപര്യം തിരിച്ചറിഞ്ഞാണ് സൈക്കിൾ സമ്മാനമായി നൽകാൻ തീരുമാനിച്ചത്. പ്രത്യേകിച്ച് മുന്നറിയിപ്പൊന്നും നൽകാതെയാണ് സൈക്കിൾ ഷോറൂമിലേക്ക് ഡ്രൈവറെ ഇദ്ദേഹം വിളിച്ചുകൊണ്ടുപോയത്. റൈഡിങ്ങിന് ഉപയോഗിക്കുന്ന വിലകൂടിയ സൈക്കിൾ ലഭിച്ചപ്പോൾ തന്നെ ഇസ്മായിൽ ആശ്ചര്യപ്പെട്ടു. തുടർന്നാണ് നിനക്ക് ഒരു കാര്യം കൂടി കരുതിവെച്ചിട്ടുണ്ട് എന്ന് പറഞ്ഞ് ഡെന്നിസ് സൈക്കിൾ ഷോറൂമിന് മുന്നിൽ നിർത്തിയിട്ട കാറിനടുത്തേക്ക് കൊണ്ടുപോകുന്നത്. കാറില്ലാതെ സൈക്കിൾ മാത്രമായിട്ട് കാര്യമില്ല എന്നും പറഞ്ഞ് കീ കൈമാറിയതോടെ അക്ഷരാർഥത്തിൽ ഇസ്മായിലിെൻറ കണ്ണുതള്ളി.
ഇതാദ്യമായല്ല ഇസ്മായിലിന് ഡെന്നിസിെൻറ സമ്മാനം ലഭിക്കുന്നത്. കഴിഞ്ഞ ജന്മദിനത്തിൽ ഐ ഫോണും വാച്ചുമാണ് സമ്മാനമായി നൽകിയത്. മുതലാളിക്ക് തൊഴിലാളിയെ കുറിച്ച് പറയാനുള്ളത് പോലെ, തിരിച്ചും നല്ലത് മാത്രമാണ് അനുഭവിക്കാനായതെന്ന് ഇസ്മായിൽ പറയുന്നു. വളരെ മാന്യമായ പെരുമാറ്റവും മറ്റുള്ളവരെ പരിഗണിക്കുന്ന സ്വഭാവവും തെൻറ മുതലാളിയുടെ പ്രത്യേകതയാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെ ഡെന്നിസ് പങ്കുവെച്ച സമ്മാനം കൈമാറുന്ന വിഡിയോ വൈറലായതോടെ ധാരാളം ആളുകൾ വിശേഷങ്ങൾ അന്വേഷിച്ച് വിളിക്കുന്നുണ്ടെന്നും ഇസ്മായിൽ കൂട്ടിച്ചേർത്തു. ദുബൈ റാശിദിയ്യയിൽ കുടുംബസമേതമാണ് ഇദ്ദേഹം കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.