അമീബിക് മസ്തിഷ്ക ജ്വരം: ജീവൻ രക്ഷാമരുന്ന് കേരളത്തിലെത്തിച്ച് ഡോ. ഷംഷീർ
text_fieldsദുബൈ: അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ ജീവൻ രക്ഷിക്കാനുള്ള മരുന്ന് ജർമനിയിൽ നിന്ന് കേരളത്തിലെത്തിച്ചു. യു.എ.ഇ ആസ്ഥാനമായ വി.പി.എസ് ഹെൽത്ത്കെയറിന്റെ സ്ഥാപകനും ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീർ വയലിലാണ് അടിയന്തര പ്രാധാന്യത്തോടെ മിൽറ്റിഫോസിൻ മരുന്ന് സൗജന്യമായി ലഭ്യമാക്കിയത്.
3.19 ലക്ഷം രൂപ വിലമതിക്കുന്ന 56 ക്യാപ്സൂളുകൾ അടങ്ങുന്ന ആദ്യ ബാച്ച് ആരോഗ്യമന്ത്രി വീണാ ജോർജ് തിരുവനന്തപുരത്ത് ഏറ്റുവാങ്ങി. നിലവിലെ സാഹചര്യം നേരിടുന്നതിനുള്ള കൂടുതൽ മരുന്നുകൾ വരും ദിവസങ്ങളിൽ സംസ്ഥാനത്തെത്തിക്കും.
കേരളത്തിൽ ആറാമത്തെ അമീബിക് മസ്തിഷ്കജ്വര കേസ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മരുന്ന് ലഭ്യമാക്കാൻ ഡോ. ഷംഷീറിന്റെ സഹായം തേടുകയായിരുന്നു. മിഡിൽ ഈസ്റ്റിലെ വിപുലമായ ആരോഗ്യ സംരക്ഷണ ശൃംഖല ഉപയോഗിച്ച് ഏതാനും ദിവസങ്ങൾക്കകം മരുന്ന് ലഭ്യമാക്കാൻ ഡോ. ഷംഷീറിനായി. കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്ന് കുട്ടികളാണ് അപൂർവ രോഗം കാരണം കേരളത്തിൽ മരിച്ചത്.
എന്നാൽ, 14 വയസ്സുള്ള അഫ്നാൻ മരുന്നിന്റെ സഹായത്തോടെ, 97 ശതമാനം മരണനിരക്കുള്ള രോഗത്തെ അതിജീവിച്ചിരുന്നു. മിൽറ്റിഫോസിൻ ലഭ്യത ഉറപ്പാക്കുന്നത് കൂടുതൽ കേസുകൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാറിനെ സഹായിക്കും. വി.പി.എസ് ഹെൽത്ത് കെയർ ഇന്ത്യ മേധാവി ഹാഫിസ് അലി ഉള്ളാട്ട്, ഗ്രൂപ് കമ്യൂണിക്കേഷൻസ് ഓഫിസർ എം. ഉണ്ണികൃഷ്ണൻ എന്നിവരാണ് ആദ്യ ബാച്ച് മരുന്ന് തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രിക്ക് കൈമാറിയത്.
നിർണായക ഘട്ടത്തിൽ സംസ്ഥാന സർക്കാറിനെയും രോഗ ബാധിതരെയും സഹായിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും, ഡോ. ഷംഷീർ രൂപവത്കരിച്ച ടാസ്ക് ഫോഴ്സ് എത്രയും വേഗം കൂടുതൽ മരുന്നുകൾ ലഭ്യമാക്കാൻ സജീവമായി പ്രവർത്തിക്കുകയാണെന്നും ഹാഫിസ് അലി പറഞ്ഞു.
2018ൽ കേരളത്തിൽ നിപ വൈറസിനെതിരായ പോരാട്ടത്തിലും ഡോ. ഷംഷീർ പിന്തുണ നൽകിയിരുന്നു. മാരകമായ അണുബാധയെ ചെറുക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് സഹായമായി 1.75 കോടി രൂപയുടെ അടിയന്തര ആരോഗ്യ സംരക്ഷണ സാമഗ്രികളാണ് അന്ന് സംഭാവന ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.