തലച്ചോറിെൻറ പരിക്കുകൾ അതിവേഗം തിരിച്ചറിയാം
text_fieldsദുബൈ: തലച്ചോറിനേൽക്കുന്ന ഗുരുതര പരിക്കുകൾ രക്ത പരിശോധനയിലൂടെ അതിവേഗം തിരിച്ചറിയാൻ സംവിധാനവുമായി യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം.ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന അറബ് ഹെൽത്തിലാണ് പുതിയ പരിശോധന അവതരിപ്പിച്ചത്. അറബ് ഹെൽത്ത് വ്യാഴാഴ്ച സമാപിക്കും.
രക്ത പരിശോധനയിലൂടെ 15 മിനിറ്റിനുള്ളിൽ ട്രോമാറ്റിക് ബ്രെയിൻ ഇൻജ്വറി (ടി.ബി.ഐ) തിരിച്ചറിയാം എന്നതാണ് പ്രത്യേകത. ഇതുമായി ബന്ധപ്പെട്ട് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷെൻറ (യു.എസ്.എഫ്.ഡി.എ) അംഗീകാരം ലഭിക്കുന്ന ആദ്യ രക്തപരിശോധനയാണിത്. രോഗിക്ക് അതിവേഗത്തിൽ ചികിത്സ നൽകാൻ കഴിയുന്നു എന്നതാണ് ഈ പരിശോധനകൊണ്ടുള്ള ഗുണം. പരിശോധന ഫലം 95.8 ശതമാനവും കൃത്യമാണെന്നാണ് വിലയിരുത്തൽ. നെഗറ്റിവ് ഫലമാണെങ്കിൽ സി.ടി സ്കാൻ ആവശ്യമില്ലാതെ ചികിത്സയുമായി മുന്നോട്ടുപോകാം. അതേസമയം, പോസിറ്റിവാണ് ഫലമെങ്കിൽ സി.ടി സ്കാൻ വേണ്ടിവരും.
വാഹനാപകടമോ വീഴ്ചയോ മൂലം തലക്ക് പരിക്കേൽക്കുന്നവരുടെ നില ഗുരുതരമാണോ എന്ന് വേഗത്തിൽ തിരിച്ചറിയാനും അതിനനുസൃതമായ ചികിത്സ നൽകാനും കഴിയുമെന്ന് എമിറേറ്റ്സ് ഹെൽത്ത് സർവിസ് ഡയറക്ടർ ജനറൽ ഡോ. യൂസുഫ് മുഹമ്മദ് അൽ സർകൽ പറഞ്ഞു. ഇത് വിപ്ലവകരമായ കണ്ടെത്തലാണെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യ പരിശോധനകൾ ഒഴിവാക്കാൻ കഴിയുന്നു എന്നതാണ് മറ്റൊരു ഗുണം. സാധാരണ മസ്തിഷ്കത്തിന് പരിക്കേറ്റാൽ നിരവധി പരിശോധനകൾ നടത്തേണ്ടിവരാറുണ്ട്.
ഇതെല്ലാം ഒഴിവാക്കാൻ ഒറ്റപ്പരിശോധനയിലൂെട കഴിയുന്നു. രോഗി അധികനേരം ആശുപത്രിയിൽ കഴിയേണ്ട. സാമ്പത്തിക ലാഭവുമുണ്ട്. ആരോഗ്യ മന്ത്രാലയവും എമിറേറ്റ്സ് ഹെൽത്ത് സർവിസും ചേർന്നാണ് രക്തപരിശോധന സംവിധാനം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.