സ്തനാർബുദ ചികിത്സ: പുതിയ കണ്ടെത്തലുമായി ഡോക്ടർമാർ
text_fieldsദുബൈ: അഞ്ചുവർഷത്തെ പഠനത്തിലൂടെ സ്തനാർബുദ ചികിത്സക്ക് സഹായകമാകുന്ന കണ്ടെത്തലുമായി യു.എ.ഇയിലെ ഒരുസംഘം ഡോക്ടർമാർ.
അറബ് സ്ത്രീകളിൽ പ്രത്യേകമായുള്ള ജനിതകമാറ്റമാണ് പഠനത്തിൽ തെളിഞ്ഞത്. പടിഞ്ഞാറൻ രാജ്യങ്ങളിലെ സ്തനാർബുദ രോഗികളിൽനിന്ന് വ്യത്യസ്തമായ ജനിതകമാറ്റമാണ് തിരിച്ചറിയാനായത്. ഇത് പ്രത്യേക ചികിത്സക്ക് സഹായിക്കും.
2016 മുതൽ 2021വരെ അറബ് മേഖലയിലെ 87 സ്ത്രീകളിലാണ് എമിറേറ്റ്സ് കാൻസർ സൊസൈറ്റിയും ബുർജീൽ ഹോസ്പിറ്റൽസും പഠനം നടത്തിയത്. യു.എ.ഇ, സൗദി, അൾജീരിയ, ഈജിപ്ത്, ഇറാഖ്, ലബനാൻ, ലിബിയ, മൊറോകോ, ഒമാൻ, ഫലസ്തീൻ, ഖത്തർ, സുഡാൻ, സിറിയ, തുനീഷ്യ എന്നീ രാജ്യങ്ങളിലെ രോഗികളാണ് പഠനത്തിൽ ഭാഗമായത്.
സ്തനാർബുദ രോഗികളായ സ്ത്രീകളുടെ ചികിത്സക്ക് കണ്ടുപിടുത്തം പുതിയ സാധ്യതകൾ തുറക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ എമിറേറ്റ്സ് കാൻസർ സൊസൈറ്റി പ്രസിഡൻറ് പ്രഫ. ഹുമൈദ് അൽ ശംസി പറഞ്ഞു. രോഗലക്ഷണങ്ങൾ ഒരുപോലെയാണെങ്കിലും ചികിത്സയിൽ വൈവിധ്യം ആവശ്യമായിവരുമെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ചിലർക്ക് കീമോതെറപ്പി മാത്രം മതിയാകും.
എന്നാൽ, മറ്റുള്ളവർക്ക് ഇമ്യൂണോ തെറപ്പിയടക്കമുള്ളവ ആവശ്യമായിവരും. ജനിതകമാറ്റം തിരിച്ചറിയാൻ സാധിച്ചതിലൂടെ ഓരോരുത്തർക്കും പ്രത്യേകമായ ചികിത്സ നൽകാൻ സാധിക്കും -അദ്ദേഹം പറഞ്ഞു. യു.എസിലെ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേർസണലൈസ്ഡ് കാൻസർ തെറപ്പിയുടെ സഹായത്തോടെയാണ് പഠനം പൂർത്തിയാക്കിയത്.
കഴിഞ്ഞ വർഷം മാത്രം സ്തനാർബുദം ബാധിച്ച 222 േപരാണ് രാജ്യത്ത് മരിച്ചത്. ഇത് പരിഗണിച്ച് യു.എ.ഇയിൽ ചികിത്സാരംഗത്ത് നിരവധി പഠനങ്ങൾ നടത്തുന്നുണ്ട്. അർബുദ ചികിത്സ സംബന്ധിച്ച 71 ഗവേഷണപ്രബന്ധങ്ങൾ സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.