ധൈര്യമായി ശ്വസിക്കാം, വായു കൂടുതൽ ശുദ്ധം
text_fieldsദുബൈയിലെ നഗരപാതക്കരികിലെ പച്ചപ്പ്
ദുബൈ: രാജ്യത്തെ വായുവിന്റെ മലിനീകരണ തോത് ഒരു വർഷത്തിനിടയിൽ വലിയതോതിൽ കുറഞ്ഞതായി ആഗോള വായുനിലവാര റാങ്കിങ്. സ്വിസ് കമ്പനി ഐ.ക്യു എയർ പുറത്തുവിട്ട 2024ലെ ലോക വായുനിലവാര റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം വായുവിലെ ഏറ്റവും സൂക്ഷ്മമായ കണികകളുടെ സാന്നിധ്യം ലോകാരോഗ്യ സംഘടന നിർദേശിച്ചതിലും മുകളിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. 2023നേക്കാൾ 10 സ്ഥാനങ്ങൾ മുന്നിലെത്തിയാണ് യു.എ.ഇ മികവ് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിൽ ഏറ്റവും മോശം വായുമലിനീകരണം രേഖപ്പെടുത്തുന്ന രാജ്യങ്ങളിൽ 17ാം സ്ഥാനത്താണ് യു.എ.ഇയുള്ളത്. പശ്ചിമേഷ്യൻ രാജ്യങ്ങൾ പൊതുവേ സാമാന്യം ഭേദപ്പെട്ട പ്രകടനമാണ് ഈ രംഗത്ത് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. എന്നാൽ വായു മലിനീകരണം എന്നത് ഈ മേഖലയിൽ പ്രധാന വെല്ലുവിളിയായി തുടരുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. യു.എ.ഇയും കുവൈത്തുമാണ് മലിനീകരണ തോതിൽ നിർണായകമായ കുറവ് വരുത്തിയ രണ്ട് രാജ്യങ്ങൾ. യു.എ.ഇ 22ശതമാനം കുറവ് രേഖപ്പെടുത്തിയപ്പോൾ കുവൈത്തിൽ 24ശതമാനമാണ് കുറഞ്ഞത്.
രാജ്യത്ത് എല്ലാ എമിറേറ്റുകളിലെയും അധികൃതർ വായുനിലവാരം കൃത്യമായി നിരീക്ഷിക്കുകയും ശുദ്ധവായു ഉറപ്പാക്കുന്നതിന് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുമുണ്ടെന്ന് എമിറേറ്റ്സ് പരിസ്ഥിതി ഗ്രൂപ് ചെയർവിമൻ ഹബീബ അൽ മറാഷി പറഞ്ഞു. പുതിയ റാങ്കിങ്ങിലെ മികവിന് ഗതാഗതത്തിൽ വന്ന കുറവും പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗം വർധിച്ചതും സഹായിച്ചിട്ടുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.
അതോടൊപ്പം രാജ്യത്ത് ഹരിത ഇടങ്ങളുടെ എണ്ണം വർധിച്ചതും ഉപകാരപ്പെട്ടതായും അവർ ചൂണ്ടിക്കാണിച്ചു. പുതുതായി ആവിഷ്കരിച്ച് അധികൃതർ നടപ്പിലാക്കി വരുന്ന പദ്ധതികൾ വഴി അടുത്ത വർഷങ്ങളിൽ കൂടുതൽ വായു നിലവാരം വർധിപ്പിക്കാൻ സാധിക്കുമെന്നും വിദഗ്ധർ പ്രത്യാശ വെച്ചുപുലർത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.