ഹെസ്സ സ്ട്രീറ്റിനെ അൽ ഖൈൽ റോഡുമായി ബന്ധിപ്പിക്കുന്ന പാലം തുറന്നു
text_fieldsദുബൈ: ഹെസ്സ സ്ട്രീറ്റിനെയും അൽ ഖൈൽ റോഡിനെയും പരസ്പരം ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). 1000 മീറ്റർ നീളത്തിൽ രണ്ടുവരിയുള്ള പാലം ശനിയാഴ്ച ഗതാഗതത്തിനായി തുറന്നുനൽകി.
സിറ്റി സെന്റർ, ദുബൈ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള സുഗമമായ ഗതാഗതം ഉറപ്പുവരുത്താൻ പുതിയ പാലം സഹായകമാവും. കൂടാതെ ഹെസ്സ സ്ട്രീറ്റിൽ നിന്ന് അൽ ഖൈൽ റോഡിലേക്കുള്ള യാത്രാസമയം 15 മിനിറ്റിൽ നിന്ന് മൂന്നു മിനിറ്റായി കുറയും. പ്രധാന ജങ്ഷനുകളുടെ നവീകരണം ഉൾപ്പെടെ ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ 54 ശതമാനം പൂർത്തീകരിച്ചതായും ആർ.ടി.എ അറിയിച്ചു. 2025ലെ നാലാം പാദത്തോടെ എല്ലാ ജങ്ഷനുകളും പൂർണമായും പ്രവർത്തന സജ്ജമാകും.
ശൈഖ് സായിദ് റോഡ് ജങ്ഷൻ മുതൽ അൽ ഖൈൽ റോഡ് ജങ്ഷൻ വരെ 4.5 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്നതാണ് ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതി. എമിറേറ്റിന്റെ വളർച്ചക്കൊപ്പം ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഹെസ്സ വികസന പദ്ധതിയെന്ന് ആർ.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
ഹെസ്സ സ്ട്രീറ്റിലെ ശൈഖ് സായദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ റോഡ്, അൽ സായൽ സ്ട്രീറ്റ്, അൽ ഖൈൽ റോഡ് എന്നിങ്ങനെ പ്രധാന നാല് ജങ്ഷനുകളുടെ നവീകരണമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ഹെസ്സ സ്ട്രീറ്റിലെ രണ്ടുവരി പാത നാലുവരിയാക്കി ഉയർത്തി വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി 8000ത്തിൽ നിന്ന് 16,000 ആയി ഉയർത്തുകയും ചെയ്യും. കൂടാതെ പദ്ധതിയിൽ ഉൾപ്പെടെ 13.5 കിലോമീറ്റർ സൈക്കിളിങ് ട്രാക്കും നിർമിച്ചിട്ടുണ്ട്. 68.9 കോടി ദിർഹമാണ് പദ്ധതിയുടെ ആകെ നിർമാണ ചെലവ്.
ദുബൈയിലെ റോഡ് ശൃംഖല ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നാണ് ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതി. അൽ സുയൂഫ് 2, അൽ ബർഷ റസിഡൻഷ്യൽ ഏരിയ, ജുമൈറ വില്ലേജ് സർക്കിൾ തുടങ്ങിയ പ്രധാന റസിഡൻഷ്യൽ ഏരിയകളിലുള്ളവർക്ക് ഗുണം ലഭിക്കും. 2030ഓടെ ഈ മേഖലകളിലെ 6,40,000 പേർക്ക് പദ്ധതി സേവനം ചെയ്യുമെന്നും ആർ.ടി.എ ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.