ദുബൈ ഐലൻഡുകളെ ബർദുബൈയുമായി ബന്ധിപ്പിച്ച് പാലം
text_fieldsദുബൈ: എമിറേറ്റിലെ ബർദുബൈ പ്രദേശത്തെ ദുബൈ ഐലൻഡുകളുമായി ബന്ധിപ്പിക്കുന്നതിന് പാലം നിർമിക്കും.
അൽഷിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായ നിർമാണത്തിന് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യും പ്രമുഖ റിയൽ എസ്റ്റേറ്റ് നിർമാതാക്കളായ നഖീലും കരാറിലെത്തി. ദുബൈ ഐലൻഡുകളിൽനിന്ന് ബർദുബൈയിലേക്ക് നേരിട്ട് പ്രവേശിക്കാനും മടങ്ങാനും സാധിക്കുന്ന രീതിയിലാണ് പാലങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ ഭാഗത്തേക്കും നാലുവരിയുള്ള പാലമാണ് നിർമിക്കുക.
ആർ.ടി.എ ബോർഡ് ഓഫ് എക്സിക്യൂട്ടിവ് ഡയറക്ടേഴ്സ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായറും നഖീൽ ബോർഡ് ഓഫ് എക്സിക്യൂട്ടിവ് ഡയറക്ടേഴ്സ് ചെയർമാൻ മുഹമ്മദ് ഇബ്രാഹീം അൽ ശൈബാനിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇൻഫിനിറ്റി ബ്രിഡ്ജിനും പോർട്ട് റാശിദ് വികസന പദ്ധതിക്കും ഇടയിൽ ദുബൈ ക്രീക്കിന് കുറുകെയാണ് പാലം നിർമിക്കുക. 1425 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലങ്ങളിൽ ഇരു വശങ്ങളിലേക്കുമായി 16,000 വാഹനങ്ങൾക്ക് മണിക്കൂറിൽ സഞ്ചരിക്കാനാവും. ദുബൈ ക്രീക്കിന്റെ ജലനിരപ്പിന് 15.5 മീറ്റർ മുകളിലായാണ് പാലം സ്ഥിതിചെയ്യുക.
അതിനാൽതന്നെ കപ്പലുകൾക്കും ബോട്ടുകൾക്കും കടന്നുപോകുന്നതിന് തടസ്സമുണ്ടാകില്ല. കാൽനടക്കാർക്കും സൈക്കിൾ യാത്രക്കാർക്കും കടന്നുപോകുന്നതിന് പ്രത്യേകം പാതകളുമുണ്ടാകും. പാലത്തിന്റെ രണ്ട് അറ്റങ്ങളിലും കാൽനടക്കാർക്കായി എലവേറ്ററുകളും സ്ഥാപിക്കും. പാലത്തെ നിലവിലെ റോഡുകളുമായി ബന്ധിപ്പിക്കുന്നതിനായി 2000 മീറ്റർ പുതിയ റോഡും പദ്ധതിയിൽ നിർമിക്കും. 2026ലാണ് നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നത്. അൽഷിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായ പ്രധാനഘട്ടമാണിതെന്ന് മതാർ അൽതായർ പ്രതികരിച്ചു. ദുബൈയുടെ വികസനലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് ആർ.ടി.എയുമായി തുടർന്നും സഹകരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് മുഹമ്മദ് ഇബ്രാഹീം അൽ ശൈബാനി പറഞ്ഞു.
അഞ്ചു ഘട്ടങ്ങളായാണ് നിലവിൽ ഷിന്ദഗ കോറിഡോർ വികസന പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. നഗരത്തിലെ പ്രധാന ഭാഗങ്ങളായ ദേര, ബർ ദുബൈ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ എളുപ്പമാക്കുന്നതോടൊപ്പം, ദേര ദ്വീപുകൾ, ദുബൈ സീഫ്രണ്ട്, ദുബൈ മാരിടൈം സിറ്റി, പോർട്ട് റാഷിദ് തുടങ്ങിയ സമീപ പ്രദേശങ്ങൾക്കും പദ്ധതിയുടെ ഗുണം ലഭിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ 2030ൽ യാത്രാസമയം 104 മിനിറ്റിൽ നിന്ന് 16 മിനിറ്റായി കുറയും.
ഷിന്ദഗ ഇടനാഴി വികസനത്തിലെ പ്രധാനപ്പെട്ട പദ്ധതികൾ നേരത്തേതന്നെ പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത ഇൻഫിനിറ്റി പാലം ഇതിന്റെ ഭാഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.