ആവേശമായി ബി.ആർ.എം 200 കിലോമീറ്റർ സൈക്കിൾ ചലഞ്ച്
text_fieldsദുബൈ: ദുബൈയിലെ നഗരഗ്രാമാന്തരങ്ങളിലൂടെ നടന്ന ബ്രിവറ്റ് ഡിസ്റാന്റോണേഴ്സ് മോണ്ടിയോക്സ് (ബി.ആർ.എം) സൈക്കിൾ ചലഞ്ച് ശ്രദ്ധേയമായി. 200 കിലോമീറ്റർ റൈഡിൽ 26 രാജ്യങ്ങളിലെ 300ഓളം സൈക്ലിസ്റ്റുകൾ പങ്കെടുത്തു. മലയാളികൾ നേതൃത്വം നൽകുന്ന ഡി.എക്സ്.ബി റൈഡേഴ്സ്, സർക്യൂട്ട് വീൽസ് സൈക്കിൾ ഹബ് എന്നിവ സംയുക്തമായാണ് റൈഡ് സംഘടിപ്പിച്ചത്. യു.എ.ഇയിൽ ആദ്യമായാണ് ബി.ആർ.എം ഇവന്റ് സംഘടിപ്പിക്കുന്നത്. ഫ്രാൻസ് കേന്ദ്രമായി പ്രവർത്തിക്കുന്ന സൈക്കിൾ ക്ലബായ എ.സി.പിയുടെ മേൽനോട്ടത്തിലായിരുന്നു പരിപാടി.
പുലർച്ച 6.30ന് തുടങ്ങിയ സൈക്കിൾ സവാരി എമിറേറ്റ്സ് ഇക്വിറ്റോറിയം െസൻറർ ജനറൽ മാനേജർ യൂസുഫ് അൽ മുല്ല, മാനേജർ തഹ്റ അഹ്മദ്, ഡി.എക്സ്.ബി റൈഡേഴ്സ് ചെയർമാൻ സജിൻ ഗംഗാധരൻ, സർക്യൂട്ട് വീൽസ് ഡയറക്ടർമാരായ സുധീർ ബദർ, മോജിദ് മോഹൻ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. അൽ ഖുദ്രയിലെ വിശാലമായ സൈക്കിൾ പാതകളിലൂടെയായിരുന്നു ചലഞ്ചിൽ പങ്കെടുക്കേണ്ടവർക്കുള്ള പാത സെറ്റ് ചെയ്തിരുന്നത്. ഓരോ മത്സരാർഥിക്കും അവരുടെ സവാരി രേഖപ്പെടുന്നതിന് പ്രത്യേക കാർഡുകൾ നൽകിയിരുന്നു. പ്രധാന മൂന്ന് പരിശോധന കേന്ദ്രങ്ങളിലായി വളന്റിയർമാർ മത്സരാർഥികളുടെ സവാരി പരിശോധിച്ച് കാർഡിൽ രേഖപ്പെടുത്തി.
ഏഴോളം സ്ഥലങ്ങളിൽ സവാരിക്കാർക്കാവശ്യമായ വെള്ളവും ഭക്ഷണവും ഏർപ്പെടുത്തി. 70ഓളം വളന്റിയർമാരാണ് വിവിധ സേവനങ്ങൾക്കായി അണിനിരന്നത്. സർക്യൂട്ട് വീൽസ് സൈക്കിൾ ഹബിൽനിന്നായിരുന്നു തുടക്കം. 50 കിലോമീറ്റർ അകലെ അൽ ബറാറി കമ്യൂണിറ്റിയിലെ സൈക്കിൾ ട്രാക്കിലായിരുന്നു ആദ്യം എത്തിച്ചേരേണ്ടത്. അവിടെ നിന്ന് അൽ ഖുദ്റ സൈക്കിൾ ട്രാക്കിലൂടെ ബാക്കി നൂറ് കിലോമീറ്റർ സവാരി. ഉച്ചക്ക് രേണ്ടാടെ ആദ്യ റൈഡർ ഫിനിഷിങ് പോയന്റിലെത്തി. വൈകീട്ട് എട്ടിന് അവസാന അംഗവും ഫിനിഷ് ചെയ്തു. ഡി.എക്സ്.ബി റൈഡേഴ്സ് അംഗങ്ങളായ കണ്ണൻ, മുഹ്സിൻ, വിഷ്ണു, ഗോഡ്വിൻ, താലിബ്, ധർമജൻ, സൈഫ്, റിൻഷി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.