ബജറ്റ്: പ്രവാസികൾ ചോദിച്ചതും കിട്ടിയതും
text_fieldsദുബൈ: കേരള ബജറ്റിൽ പ്രവാസ ലോകത്ത് സമിശ്ര പ്രതികരണം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യു.എ.ഇ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികൾക്ക് കാര്യമായ ആശ്വാസപദ്ധതികൾ ബജറ്റിലില്ല. എന്നാൽ, വിവിധ പ്രവാസി പദ്ധതികൾക്കായി 250 കോടിയോളം നീക്കിവെച്ചത് നേരിയ പ്രതീക്ഷ പകരുന്നു. കേരളത്തിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ പ്രവാസികളുടെ ക്ഷേമപദ്ധതികൾക്കായി ഈ തുക അപര്യാപ്തമാണെന്നും അഭിപ്രായമുയർന്നു.പ്രവാസികാര്യ വകുപ്പിനായി 147.51 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റിൽ പറയുന്നുണ്ട്.
പ്രവാസി മലയാളികൾക്കായി പുതുതായി രൂപകൽപന ചെയ്ത ഏകോപന പുനഃസംയോജന പദ്ധതിക്ക് 50 കോടി വകയിരുത്തിയിട്ടുണ്ട്.
പദ്ധതിയുടെ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും ഈ ബജറ്റിൽ പ്രവാസികൾക്കായി പുതിയതായി പ്രഖ്യാപിച്ച ഏക പദ്ധതിയാണിത്.
രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലിചെയ്ത ശേഷം മടങ്ങിയെത്തിയവർക്കുള്ള ധനസഹായ പദ്ധതിയായ 'സാന്ത്വന'ത്തിന് 33 കോടി വകയിരുത്തി. നോൺ റെസിഡന്റ്സ് കേരളൈറ്റ്സ് വെൽഫെയർ ഫണ്ട് ബോർഡിന് ഒമ്പത് കോടിയും മാറ്റിവെച്ചു.
വിദേശ രാജ്യങ്ങളിലുൾപ്പെടെ വിവിധ മേഖലകളിൽ ജോലിചെയ്യുന്നവരെയും സംരംഭകരെയും ഉൾപ്പെടുത്തി കാർഷിക ഉൽപന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്തുന്നതിന് സിയാൽ മാതൃകയിൽ 100 കോടി രൂപ മൂലധനമുള്ള മാർക്കറ്റിങ് കമ്പനി ആരംഭിക്കും. ഇതിനായി 20 കോടി അനുവദിച്ചു. അതേസമയം, കഴിഞ്ഞ ബജറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികളെ കാര്യമായ പരാമർശിക്കാത്ത ബജറ്റാണിത്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രവാസി പദ്ധതികൾക്കായി 1500 കോടിയിലേറെ രൂപയുടെ പ്രഖ്യാപനം നടന്നപ്പോഴാണ് ഈ ബജറ്റിൽ കേവലം 250 കോടിയിൽ ഒതുക്കിയത്. സർക്കാർ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ലോകകേരള സഭയെക്കുറിച്ച് ബജറ്റ് മൗനംപാലിക്കുന്നു.
കഴിഞ്ഞവർഷം സഭയുടെ പ്രവർത്തനത്തിനായി തുക നീക്കിവെച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. യു.എ.ഇയുടെ സഹകരണത്തോടെ ടൂറിസം, വ്യവസായ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രിമാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ബജറ്റിൽ പരാമർശമില്ല. മടങ്ങിപ്പോകുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും നടപ്പായില്ല. ഗൾഫിൽനിന്ന് മികച്ച പരിശീലനം നേടി നാട്ടിലെത്തിയവരുടെ കഴിവ് നാടിന്റെ വികസനത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന ആവശ്യവും ചെവിക്കൊണ്ടില്ല.
കോവിഡിൽ മരിച്ച പ്രവാസി കുടുംബങ്ങൾക്ക് സഹായം നൽകണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. പ്രവാസി പെൻഷൻ വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടന്നില്ല.
റിസർവ് ബാങ്കിന്റെ 2018ലെ കണക്ക് പ്രകാരം ഇന്ത്യയിലെത്തുന്ന പ്രവാസി പണത്തിന്റെ 19 ശതമാനവും കേരളത്തിലാണ്. ഇത് പരിഗണിക്കപ്പെടാത്ത ബജറ്റാണ് സഭയിൽ അവതരിപ്പിച്ചത്.
ബജറ്റ് പ്രതികരണങ്ങൾ
വിദേശ മലയാളികൾക്ക് ഉചിതമായ ബജറ്റ് -- എൻ.കെ. കുഞ്ഞു മുഹമ്മദ് (ഓർമ)
ധനമന്ത്രി അവതരിപ്പിച്ചത് തികച്ചും ജനോപകാര ബജറ്റാണെന്ന് ലോക കേരളസഭാംഗവും ഓർമ രക്ഷാധികാരിയുമായ എൻ.കെ. കുഞ്ഞുമുഹമ്മദ്. പ്രവാസികാര്യ വകുപ്പിനായി ആകെ 147.51 കോടി വകയിരുത്തിക്കൊണ്ട് പ്രവാസികളെക്കൂടി ചേർത്തുപിടിക്കുന്ന കാര്യത്തിൽ സർക്കാർ കരുതൽ കാണിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസി മലയാളികൾക്കായി പുതുതായി രൂപകൽപന ചെയ്ത പ്രവാസി ഏകോപന പുനഃസംയോജന പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തിയിരിക്കുന്നു. ഇതുകൂടാതെ, രണ്ടോ അതിലധികമോ വർഷം വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തുന്ന പ്രവാസികൾക്കായുള്ള സാന്ത്വനം പദ്ധതിക്കായി 33 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. നോൺ കേരളൈറ്റ്സ് വെൽഫെയർ ഫണ്ടിനായി ഒമ്പതു കോടിയും അനുവദിച്ചു. യുക്രെയ്ൻ സംഘർഷ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ വിദ്യാർഥികൾക്കായി ബജറ്റിൽ പ്രത്യേക പരിഗണന നൽകിയ തീരുമാനം മുഴുവൻ പ്രവാസികൾക്കും പ്രതീക്ഷ നൽകുന്നതാണ്. പ്രതിസന്ധികളിൽ കേരള സർക്കാർ പ്രവാസികളോട് കാണിക്കുന്ന കരുതലിന്റെ ഒരുദാഹരണം കൂടിയാണിത്. വിദേശങ്ങളിൽ പഠിക്കുന്ന മുഴുവൻ മലയാളി വിദ്യാർഥികളുടെയും ഡേറ്റ ബാങ്ക് തയാറാക്കാനുള്ള നോർക്കയുടെ തീരുമാനമടക്കം എല്ലാവിധത്തിലും മലയാളികളെ ചേർത്തുപിടിക്കുന്ന ബജറ്റാണിതെന്നും കൂടുതൽ കൃതജ്ഞതയോടെ ഇടതു സർക്കാറിനോടൊപ്പം സഹകരിക്കാന് പ്രവാസി മലയാളികൾക്ക് ഇത് പ്രേരണയാണെന്നും എൻ.കെ. കുഞ്ഞുമുഹമ്മദ് കൂട്ടിച്ചേർത്തു.
.പ്രവാസികളെ മറന്ന ബജറ്റ് -പുന്നക്കൻ മുഹമ്മദലി
ദുബൈ: പ്രവാസികളെ അവഹേളിക്കുന്ന ബജറ്റാണ് പിണറായി സർക്കാർ അവതരിപ്പിച്ചതെന്ന് സാമൂഹിക പ്രവർത്തകൻ പുന്നക്കൻ മുഹമ്മദലി. ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ പ്രവാസികൾക്ക് ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത ഒറ്റ കാര്യംപോലും ബജറ്റിൽ പരാമർശിക്കുകപോലും ചെയ്തില്ല. തോമസ് ഐസക് പ്രഖ്യാപിച്ച വർധിപ്പിച്ച ക്ഷേമ പെൻഷൻ ഇതുവരെ കൊടുത്തിട്ടില്ല. യു.എ.ഇ സന്ദർശനവേളയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഒറ്റ കാര്യംപോലും ധനമന്ത്രിയുടെ വാഗ്ദാന പരമ്പര ബജറ്റ്പ്രസംഗത്തിൽ കേട്ടില്ല. ഇത് പ്രവാസികളെ അപമാനിക്കുന്നതിന് തുല്യമാണ്. യുക്രെയ്നിൽനിന്നെത്തിയ വിദ്യാർഥികൾക്ക് കൈത്താങ്ങാകുന്ന പ്രഖ്യാപനം സ്വാഗതംചെയ്യുന്നു. എന്നാൽ, കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്കു മടങ്ങേണ്ടിവന്ന പ്രവാസി കുടുംബങ്ങൾക്കും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും ഒരു സഹായവും പ്രഖ്യാപിക്കാത്തത് പ്രതിഷേധാർഹമാണെന്നും ഇതിനെതിരെ പ്രവാസികൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും പുന്നക്കൻ മുഹമ്മദലി പറഞ്ഞു.
ബജറ്റ്സ്വാ ഗതാർഹം -ഐ.എം.സി.സി
ദുബൈ: കേരള സർക്കാറിന്റെ ബജറ്റിനെ സ്വാഗതം ചെയ്യുന്നതായി ഐ.എം.സി.സി യു.എ.ഇ കമ്മിറ്റി. പ്രവാസികളുടെ ക്ഷേമത്തിനായി വൻതുക നീക്കിവെച്ച സർക്കാർ പ്രവാസികൾക്കൊപ്പമാണ് എന്നതിന്റെ തെളിവാണ് ബജറ്റ്. പ്രവാസിക്ഷേമത്തിനായി നിലകൊള്ളുന്ന കേരള സർക്കാറിനെയും ധനമന്ത്രിയെയും അഭിനന്ദിക്കുന്നതായി ഐ.എം.സി.സി യു.എ.ഇ പ്രസിഡന്റ് കുഞ്ഞാവുട്ടി ഖാദർ, ജനറൽ സെക്രട്ടറി പി.എം. ഫാറൂഖ് അതിഞ്ഞാൽ, ട്രഷറർ അനീഷ് നീർവേലി എന്നിവർ അറിയിച്ചു.
പ്രവാസികളെ പരിഗണിക്കാത്ത 'ഭാവി ബജറ്റ്' -പുത്തൂർ റഹ്മാൻ (കെ.എം.സി.സി)
പ്രവാസികളെ പൂർണമായി അവഗണിച്ച ബജറ്റാണിതെന്ന് യു.എ.ഇ കെ.എം.സി.സി നാഷനല് കമ്മിറ്റി പ്രസിഡന്റ് പൂത്തൂര് റഹ്മാന് പറഞ്ഞു. സാധാരണ പ്രഖ്യാപനങ്ങളിലെങ്കിലും പ്രവാസികൾക്കുള്ള പദ്ധതികൾ ഉൾപെടുത്താറുണ്ട്. ഇക്കുറി അതുമില്ല. വരാൻ പോകുന്ന 25വർഷത്തേക്കുള്ള ഭാവി ബജറ്റ് എന്ന പേരിൽ അവതരിപ്പിച്ച ബജറ്റിൽ പ്രവാസികളെ സ്പർശിക്കുന്നേയില്ല. പ്രവാസികളെ പരിഗണിക്കാത്ത ഒരു ഭാവി ആരുടെ ഭാവനയാണെന്ന് മനസ്സിലാവുന്നില്ല. കോവിഡ് മൂലം മരിച്ച പ്രവാസി കുടുംബങ്ങൾക്കോ ജോലി നഷ്ട്ടപ്പെട്ടു തിരിച്ചു പോവേണ്ടി വന്ന പ്രവാസികൾക്കോ സമാശ്വാസത്തിന്റെ പ്രഖ്യാപനം പോലുമില്ല. സ്വകാര്യമേഖലയുടെ പങ്കാളിത്തം പല പദ്ധതികളിലും സർക്കാൻ ലക്ഷ്യം വെക്കുന്നുണ്ട്. അപ്പോഴും ബജറ്റിൽ ഏറ്റവും വലിയ നിക്ഷേപക സമൂഹം കൂടിയായ പ്രവാസികൾക്ക് ഇടമില്ലെന്നത് പരിഹാസ്യമായി തോന്നുന്നു. കഴിഞ്ഞ ബജറ്റിലെ നടപ്പാക്കാത്ത അനവധി പ്രഖ്യാപനങ്ങളുണ്ട്. ആ നിലക്ക് പ്രവാസികളുടെ കണ്ണിൽ പൊടിയിടാൻ തുനിഞ്ഞിട്ടില്ല ധനമന്ത്രി എന്നത് അഭിനന്ദനാർഹമാണെന്നും പുത്തൂർ റഹ്മാൻ പറഞ്ഞു.
ബജറ്റ് അവതരിപ്പിക്കുന്നത് മേനി നടിക്കാൻ ആകരുത് -കരീം കാഞ്ഞാർ (പി.സി.എഫ്)
ബജറ്റ് അവതരിപ്പിക്കുന്നത് മേനി നടിക്കാനാകരുതെന്നും നടപ്പാക്കാൻ വേണ്ടിയാകണമെന്നും ഗ്ലോബൽ പി.സി.എഫ് അംഗം കരീം കാഞ്ഞാർ പറഞ്ഞു. നികുതി കുടിശ്ശിക പിരിച്ചെടുക്കാതെയും നീക്കിവെക്കുന്ന കോടിക്കണക്കിന് രൂപ വകമാറ്റി ചെലവഴിക്കുന്ന പതിവും മാറി മാറി വരുന്ന ഗവൺമെൻറുകൾ കാലാകാലങ്ങളായി അനുവർത്തിച്ചുപോരുന്ന രീതിയാണ്. അടിസ്ഥാന വികസനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ ഉദ്ധരിക്കുന്ന പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ പലപ്പോഴും പ്രഖ്യാപനങ്ങളിൽ ഒതുങ്ങുന്നതാണ് കാണാൻ കഴിയുന്നത്. ബജറ്റ് അവതരണം ഒരു സംഭവമാക്കി അവതരിപ്പിക്കുന്നതല്ലാതെ സാധാരണ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ കഴിയുന്നില്ല എന്നതാണ് സത്യം. കഴിഞ്ഞ വർഷങ്ങളിലെ ബജറ്റ് പരിശോധിച്ചാൽ പ്രഖ്യാപനങ്ങൾ നടപ്പാക്കി എന്ന് അവകാശപ്പെടാൻ മാറി മാറി ഭരിച്ച സർക്കാറുകൾക്ക് കഴിയില്ല. പരസ്പരം പഴിചാരൽ അല്ലാതെ പൊതുവെ കേരളത്തിനും പ്രത്യേകിച്ച് ജനങ്ങൾക്കും ബജറ്റിൽ ഗുണം ലഭിക്കില്ല. ചെലവ് കണ്ടെത്താൻ ഈ ബജറ്റിൽ ഒരു വഴിയും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളെ കാര്യമായി പരിഗണിച്ചില്ല -പ്രവാസി ഇന്ത്യ
പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് പാക്കേജുകൾ ഇല്ലാത്തതിനാൽ പ്രവാസികൾക്ക് നിരാശ സമ്മാനിക്കുന്ന ബജറ്റാണിതെന്ന് പ്രവാസി ഇന്ത്യ പ്രസിഡന്റ് അബ്ദുല്ല സവാദ്, ജനറൽ സെക്രട്ടറി അരുൺ സുന്ദർരാജ് എന്നിവർ പറഞ്ഞു. കോവിഡിൽനിന്നു കരയറാൻ ശ്രമിക്കുന്ന പ്രവാസികൾക്ക് താങ്ങായിരിക്കും ബജറ്റെന്ന് കഴിഞ്ഞ മാസം യു.എ.ഇ സന്ദർശിച്ച മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സന്ദർശനം പ്രതീക്ഷ നൽകിയിരുന്നു. കോവിഡിൽ മരിച്ച പ്രവാസികൾക്ക് സഹായം നൽകണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. നോർക്കക്ക് അനുവദിച്ച 147.5 കോടി ലോക കേരള സഭയുടെയും നോർക്കയുടെയും ദൈനംദിന പ്രവർത്തനത്തിന് മതിയാകുമോ എന്ന ആശങ്കയുണ്ട്. അതേസമയം, യുക്രെയ്നിൽനിന്ന് മടങ്ങുന്ന വിദ്യാർഥികൾക്ക് സഹായം നൽകുമെന്ന പ്രഖ്യാപനം ശ്ലാഘനീയമാണെന്നും അവർ ചൂണ്ടിക്കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.